കാത്തിരിപ്പിന് വിട, കിഴക്കേകോട്ടയിലെ കാൽനട മേൽപ്പാലം ഇന്ന് തുറക്കും
text_fieldsതിരുവനന്തപുരം: നഗരവാസികൾക്കായി കിഴക്കേകോട്ടയിൽ കോർപറേഷൻ മേൽനോട്ടത്തിൽ ആക്സോ എൻജിനിയേഴ്സ് യാഥാർഥ്യമാക്കിയ കാൽനട മേൽപാലം തിങ്കളാഴ്ച തുറക്കും. വൈകീട്ട് ആറിന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. 'അഭിമാനം' അനന്തപുരി സെൽഫി പോയന്റിന്റെ ഉദ്ഘാടനം നടൻ പൃഥ്വിരാജ് നിവഹിക്കും. 104 മീറ്റർ നീളമുള്ള സംസ്ഥാനത്തെ തന്നെ ഏറ്റവും നീളംകൂടിയ കാൽനട മേൽപാലമാണ് കിഴക്കേകോട്ടയിൽ നിർമിച്ചത്.
പാലത്തിലേക്ക് കയറാൻ രണ്ട് ലിഫ്റ്റുകളും നാല് ഗോവണിയുമുണ്ട്. എൽ' മാതൃകയിലാണ് ഘടന. രാഷ്ട്രപിതാവ് മഹാത്മഗാന്ധി, ജവാഹർലാൽ നെഹ്റു, അംബേദ്കർ, ഇ.എം.എസ്, എ.പി.ജെ. അബ്ദുൽകലാം എന്നിവരുടേതുൾപ്പെടെ ചിത്രങ്ങൾ നടപ്പാലത്തിലുണ്ട്. ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമി, അയ്യൻകാളി, രാജാരവിവർമ, കുമാരനാശാൻ, മാർത്താണ്ഡവർമ, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, പ്രേംനസീർ, സത്യൻ, മോഹൻലാൽ, ജഗതി ശ്രീകുമാർ, കെ.എസ്. ചിത്ര, സഞ്ജു സാംസൺ തുടങ്ങിയവരുടെ 42 ചിത്രങ്ങൾ ഉൾക്കൊള്ളുന്ന അഭിമാനം അനന്തപുരി സെൽഫി പോയന്റുമുണ്ട്.
നാലുകോടിയോളം ചെലവിലാണ് നിർമാണം. ഗാന്ധിപാർക്കിന് സമീപത്ത് നിന്നാരംഭിക്കുന്ന ആകാശപ്പാത ആറ്റുകാൽ ബസ് സ്റ്റോപ്, കോവളം, വിഴിഞ്ഞം ബസ് സ്റ്റോപ് എന്നിവിടങ്ങളിലൂടെ പാളയം, സ്റ്റാച്യു ബസ് സ്റ്റോപ്പുകളുടെ ഭാഗത്ത് അവസാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.