സെൽഫിയെടുക്കുന്നതിനിടെ കടലിൽ വീണു; യുവാക്കളെ രക്ഷപ്പെടുത്തി
text_fieldsകടലിൽ വീണ യുവാക്കളും അവരെ രക്ഷപ്പെടുത്തിയ കോസ്റ്റൽ പൊലീസ് ഉദ്യോഗസ്ഥരും
വിഴിഞ്ഞം: സെൽഫിയെടുക്കുന്നതിന് പാറക്കെട്ടിൽ കയറവെ തിരയടിച്ച് കടലിൽ വീണ യുവാവിനെയും രക്ഷപ്പെടുത്താൻ ശ്രമിച്ച് കടലിലകപ്പെട്ട രണ്ട് സുഹൃത്തുക്കളെയും കോസ്റ്റൽ പൊലീസ് രക്ഷപ്പെടുത്തി.
പ്രാവച്ചമ്പലം സ്വദേശിയായ അരുൺ ശങ്കർ(31), സുഹൃത്തുക്കളായ അരിക്കടമുക്ക് സ്വദേശികളായ സൗരവ്(21), അഖിൽ ജിത്ത്(18) എന്നിവരാണ് കടലിൽപെട്ടത്. വിഴിഞ്ഞം ബൊള്ളാഡിന് സമീപത്തെ പാറക്കെട്ടിൽ വ്യാഴാഴ്ച ഉച്ചക്ക് 2.45 ഓടെയായിരുന്നു അപകടം.
സമീപത്തുണ്ടായിരുന്ന ചിപ്പി തൊഴിലാളികൾ അപകടമുന്നറിയിപ്പ് നൽകിയിട്ടും പാറക്കെട്ടിലേക്ക് അരുൺ ശങ്കർ ഇറങ്ങി. വിവരമറിഞ്ഞ് കോസ്റ്റൽ എസ്.ഐ ശരത്, ഗിരീഷ് കുമാർ, അജയകുമാർ വാർഡൻമാരായ സുനീറ്റ്, ഡയോൺ, സാദിഖ് എന്നിവരെത്തി മൂന്നുപേരെയും കടലിൽ നിന്ന് രക്ഷപ്പെടുത്തുകയായിരുന്നു.

