അവയവദാനം ചെയ്ത വിനോദിന്റെ കുടുംബത്തിന് സി.പി.എം വീട് വെച്ചുകൊടുക്കും
text_fieldsകിളികൊല്ലൂര്‍: മരണാനന്തരം അവയവദാനം ചെയ്ത കിളികൊല്ലൂര്‍ സ്വദേശി വിനോദിന്റെ കുടുംബത്തിന് കൈത്താങ്ങുമായി സി.പി.എം. കല്ലുംതാഴം ലോക്കല്‍ കമ്മിറ്റി വീട് പൂർത്തീകരിക്കും. തറക്കല്ലിടല്‍ ജില്ല സെക്രട്ടറി എസ്. സുദേവന് നിർവഹിച്ചു. ജനുവരി നാലിനാണ് വിനോദിന് മസ്തിഷ്ക മരണം സംഭവിച്ചത്. ഡിസംബര്‍ 30ന് അയത്തിലിന് സമീപം ഓടിച്ച ബൈക്ക് ഇടിച്ചുകയറി വിനോദിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
നുവരി നാലിന് മസ്തിഷ്കമരണം സ്ഥിരീകരിച്ചു. ബന്ധുക്കൾ അവയവദാനം സമ്മതിക്കുകയുമായിരുന്നു. ഒമ്പത് മനുഷ്യജീവനുകള്ക്കായി അവയവങ്ങള്‍ ദാനം ചെയ്തു.ഹൃദയം ചെന്നൈയിലെ രോഗിക്കും രണ്ടു കൈകള്‍ കൊച്ചി അമൃത ഹോസ്പിറ്റലിലെ ഒരു രോഗിക്കും കരള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെയും കിംസ് ആശുപത്രിയിലെയും രോഗികള്‍ക്കും കണ്ണിലെ കോര്‍ണിയ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ രോഗികള്‍ക്കുമായാണ് നല്‍കിയത്.
പ്രവാസ ജീവിതം നയിച്ചിരുന്ന വിനോദ് അവധികഴിഞ്ഞ് തിരികെ പോകാനിരിക്കെയായിരുന്നു അപകടം. കണ്ടച്ചിറ സ്വദേശി സജീവ് തിരുമുല്ലവാരത്ത് വാങ്ങിയ ഭൂമിയില്‍നിന്ന് മൂന്ന് സെന്റ് സ്ഥലം വിനോദിന്റെ കുടുംബത്തിന് വിട്ടുനല്‍കിയിരുന്നു. ഈ ഭൂമിയിലാണ് സി.പി.എം കല്ലുംതാഴം ലോക്കൽ കമ്മിറ്റി വീട് വെച്ചുനല്‍കുന്നത്. സുജാതയാണ് വിനോദിന്റെ ഭാര്യ. ഗീതു, നീതു എന്നിവര്‍ മക്കളാണ്. വീടുനിർമാണം വേഗത്തിൽ പൂർത്തിയാക്കുമെന്ന് സംഘാടക സമിതി ചെയർമാൻ എ.ഡി. അനിൽകുമാർ പറഞ്ഞു.