ആക്കുളം പാലത്തിൽ കണ്ടെയ്നർ ലോറി അപകടത്തിൽപെട്ടു
text_fieldsആക്കുളം പാലത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി
കുളത്തൂർ: കാറുകളുമായി വന്ന കണ്ടെയ്നർ ലോറി നിയന്ത്രണംതെറ്റി ആക്കുളം പാലത്തിന്റെ കൈവരിയിൽ ഇടിച്ചുകയറി. കായലിലേക്ക് തെറിച്ചുവീണ തമിഴ്നാട് സ്വദേശിയായ ലോറി ഡ്രൈവർ രക്ഷപ്പെട്ടു.
തിങ്കളാഴ്ച വെളുപ്പിന് നാലിനായിരുനു അപകടം. അപകടത്തെതുടർന്ന് ദേശീയപാതയിൽ തിങ്കളാഴ്ച രാവിലെ മുതൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്കുണ്ടായി. ലുലു മാളിന് സമീപത്തെ കാർ ഷോറൂമിലേക്ക് കർണാടകയിൽനിന്ന് കാറുകളുമായെത്തിയ കണ്ടെയ്നർ ലോറിയാണ് അപകടത്തിൽപെട്ടത്. ലോറി കൈവരിയിൽ ഇടിച്ചതോടെ മുൻവശത്തെ ഗ്ലാസ് തകർന്നാണ് ഡ്രൈവർ ആക്കുളം കായലിലേക്ക് തെറിച്ച് വീണത്.
വീണ ഭാഗത്ത് കായലിൽ കുളവാഴയും പുല്ലും നിറഞ്ഞ നിലയിലായതിനാൽ ഡ്രൈവർ മുങ്ങിത്താഴാതെ വെള്ളത്തിൽ പൊന്തിക്കിടക്കുകയായിരുന്നു. സ്ഥലത്തെത്തിയ തുമ്പ പൊലീസും കഴക്കൂട്ടം അഗ്നിരക്ഷാ സേനയും ചേർന്ന് ഇയാളെ രക്ഷപ്പെടുത്തി ആംബുലസൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമല്ല. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്ന് പൊലീസ് പറഞ്ഞു. കാറുകൾ പുറത്തിറക്കി ഷോറൂമിലേക്ക് മാറ്റിയ ശേഷം ഉച്ചക്ക് രണ്ടോടെ ക്രെയിൻ എത്തിച്ച് ലോറി അപകട സ്ഥലത്തുനിന്ന് നീക്കി. ആക്കുളം പാലത്തിൽ പ്രകാശമില്ലാത്തത് അപകട സാധ്യത വർധിപ്പിച്ചിട്ടുണ്ട്. ബൈപാസ് നാലുവരിയാക്കൽ ജോലികൾ പൂർത്തിയായതോടെ പ്രധാന ഇടങ്ങളിൽ തെരുവു വിളക്കുകൾ സ്ഥാപിച്ചിരുന്നെങ്കിലും ആക്കുളം പാലം അവഗണിക്കുകയായിരുന്നു.