ആനക്കിടങ്ങുകളുടെ നിർമാണം അന്തിമഘട്ടത്തിലേക്ക്
text_fieldsദൈവക്കല്ല് മേഖലയിൽ ആനക്കിടങ്ങ് കുഴിക്കുന്നു
വിതുര: കാടിറങ്ങുന്ന ആനക്കൂട്ടത്തെ ഭയന്ന് ഉറക്കം നഷ്ടപ്പെട്ടിരുന്ന ആദിവാസി കുടുംബങ്ങൾക്കും തോട്ടം തൊഴിലാളികൾക്കുമടക്കം ആശ്വാസമായി ആനക്കിടങ്ങ് നിർമാണം പുരോഗമിക്കുന്നു. ജനവാസ മേഖലകളിൽ കാട്ടാനകൾ പ്രവേശിക്കുന്നത് തടയാൻ സംസ്ഥാന വനം വകുപ്പാണ് പദ്ധതി ആവിഷ്കരിച്ചത്. കാട്ടാന ആക്രമണത്തിൽ നിരവധി പേരുടെ ജീവൻ നഷ്ടപ്പെട്ട വിതുര, പെരിങ്ങമ്മല പഞ്ചായത്തുകളിലാണ് ആനക്കിടങ്ങ് നിർമാണം പൂർത്തിയാവുന്നത്. വിതുരയിൽ മാത്രം ആറ് കി.മീറ്റർ ദൈർഘ്യത്തിലാണ് ആനക്കിടങ്ങ് ഒരുങ്ങുന്നത്.
ആദിവാസികളും കർഷകരും നടത്തിയ ശക്തമായ ഇടപെടലും പ്രതിഷേധവും കണക്കിലെടുത്താണ് വനം വകുപ്പ് വൈകിയെങ്കിലും നടപടി സ്വീകരിച്ചത്. 25ലേറെ ആദിവാസി സെറ്റിൽമെൻറുകളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതാണ് കിടങ്ങ് നിർമാണമെന്ന് തിരുവനന്തപുരം ഡിവിഷൻ ഫോറസ്റ്റ് ഓഫിസർ പ്രദീപ്കുമാർ പറഞ്ഞു. കല്ലാറിന് സമീപം മൊട്ടമൂട്ടിൽ തുടങ്ങി ദൈവക്കല്ല്, മണക്കുടി, ഇടമൺപുറം വഴി രണ്ടര കി.മീറ്റർ നിർമാണമാണ് നിലവിൽ പുരോഗമിക്കുന്നത്. ഇതിന് 40 ലക്ഷത്തിലേറെ രൂപ ചെലവിടും. ഒന്നര മാസത്തിലേറെയായി പണി ആരംഭിച്ചിട്ട്. മുകൾ ഭാഗത്ത് രണ്ടും താഴെ ഒരു മീറ്റർ വീതിയിലുമാണ് കിടങ്ങ് സ്ഥാപിക്കുന്നത്. 2.50 മീറ്ററാണ് ആഴം.
പാലക്കാട് സ്വദേശികളായ രണ്ട് തൊഴിലാളികൾ എക്സ്കവേറ്റർ ഉപയോഗിച്ച് രാത്രിയും പകലും നിർമാണ ജോലികളിൽ ഏർപ്പെടുന്നു. കർണാടകയിലെ കുടകിൽ ശ്രദ്ധേയമായ ആനക്കിടങ്ങ് കുഴിച്ച് കാട്ടാന ശല്യത്തിന് പരിഹാരം കണ്ടെത്തിയ സ്വകാര്യസ്ഥാപനത്തിനാണ് വനംവകുപ്പ് കരാർ നൽകിയത്. ഇടമൺപുറം മുതൽ ചെമ്പിക്കുന്ന് വരെയുള്ള രണ്ടര കി.മീറ്റർ ദൂരം കൂടി കിടങ്ങ് നിർമിക്കേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട് 40 ലക്ഷത്തോളം രൂപയുടെ എസ്റ്റിമേറ്റ് സഹിതം കൊല്ലം ഫോറസ്റ്റ് ചീഫ് ഓഫിസിൽ ഡിവിഷൻ അധികൃതർ പ്രൊപ്പോസൽ നൽകി. ഇതിന് അനുവാദം ലഭിച്ചാലുടൻ രണ്ടാം റീച്ച് നിർമാണം ആരംഭിക്കും. മൂന്ന് വർഷം മുമ്പ് പള്ളിപ്പുര കരിക്കകം ഭാഗത്ത് ഒരു കി.മീറ്റർ ദൂരമാണ് ആദ്യഘട്ടം ആനക്കിടങ്ങ് കുഴിച്ചത്. 15 ലക്ഷത്തോളം രൂപ ഇതിന് ചെലവിട്ടു.
ചെമ്പിക്കുന്ന് നിവാസിയായ മാധവൻ കാണി കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് സ്ഥലം സന്ദർശിച്ച അന്നത്തെ വനം മന്ത്രി കെ. രാജുവിന്റെ നിർദേശപ്രകാരമാണ് ആനക്കിടങ്ങ് നിർമാണത്തിന് തുടക്കം കുറിച്ചത്.
വിതുരയുടെ വനാതിർത്തി പങ്കിടുന്ന പെരിങ്ങമ്മല പഞ്ചായത്തിലെ ആദിവാസി ഊരുകൾക്ക് ചുറ്റും കിടങ്ങ് കുഴിക്കാൻ 50 ലക്ഷം രൂപയുടെ എസ്റ്റിമേറ്റും പ്രൊപ്പോസലും തയാറാക്കി വനംവകുപ്പ് നബാർഡിനെ സമീപിച്ചിരിക്കുകയാണ്. പെരിങ്ങമ്മലയിലും ഇരുന്നൂറോളം ആദിവാസി കുടുംബങ്ങൾക്ക് ആനക്കിടങ്ങിന്റെ പരിരക്ഷ ലഭിക്കും. കിടങ്ങ് കുഴിച്ച പ്രദേശങ്ങളിൽ കാട്ടാന ശല്യം പൂർണതോതിൽ ഒഴിഞ്ഞതായി ആദിവാസികൾ പറഞ്ഞു.
വന്യ മൃഗ ശല്യത്തിൽനിന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ട് സമരങ്ങൾക്ക് നേതൃത്വം നൽകിയ സി.പി.ഐ പ്രതിനിധികൾ ഏരിയ സെക്രട്ടറി എം.എസ്. റഷീദിന്റെ നേതൃത്വത്തിൽ കിടങ്ങുനിർമാണം വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

