അധിനിവേശത്തിന്റെയും പോരാട്ടങ്ങളുടെയും സ്മരണയിൽ അഞ്ചുതെങ്ങ് കോട്ട
text_fieldsസ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിന്റെ ഭാഗമായി ദീപാലംകൃതമായ അഞ്ചുതെങ്ങ് കോട്ട
ആറ്റിങ്ങൽ: അധിനിവേശങ്ങളുടെയും ആഗോള വ്യാപാരങ്ങളുടെയും പോരാട്ടങ്ങളുടെയും സ്മരണയിലാണ് 75ാം സ്വാതന്ത്യ വാർഷിക വേളയിൽ അഞ്ചുതെങ്ങ് കോട്ട. വൈദേശിക അധിനിവേശ ശക്തികളുടെ കേന്ദ്രവും അവർക്ക് എതിരായ പോരാട്ടങ്ങളുടെ സങ്കേതവും ആയിരുന്നു അഞ്ചുതെങ്ങ്. ഇന്ത്യയിൽ ബ്രിട്ടീഷ് ആധിപത്യങ്ങൾക്ക് വഴിയൊരുക്കിയ കർണാട്ടിക് യുദ്ധങ്ങൾക്കും 1757 ലെ പ്ലാസി യുദ്ധത്തിനും 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിനും ഏറെ മുമ്പ് അധിനിവേശകർക്കെതിരെ പൊരുതിയ ജനതയാണ് അഞ്ചുതെങ്ങ് എന്ന തീരദേശ ഗ്രാമത്തിലുള്ളത്.
കായലിലൂടെ വഞ്ചി വഴി കുരുമുളക് എത്തിച്ച് കപ്പലിൽ കയറ്റി അയക്കാൻ സൗകര്യം ഉണ്ടായിരുന്നതിനാൽ ഡച്ചുകാരും പോർചുഗീസുകാരും ഇവിടം കേന്ദ്രീകരിച്ച് ആണ് കച്ചവടം നടത്തിയിരുന്നത്. ഇവരിൽനിന്നും മാന്യമായ വില കിട്ടുന്നില്ല എന്നു മനസ്സിലാക്കിയ ആറ്റിങ്ങൽ റാണി ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുമായി കരാർ ഉണ്ടാക്കി.
1673 ൽ അന്നത്തെ ആറ്റിങ്ങൽ തമ്പുരാട്ടി ഉമയമ്മ റാണി ബ്രിട്ടീഷുകാർക്ക് പണ്ടകശാല കെട്ടി കച്ചവടം നടത്തുവാൻ അഞ്ചുതെങ്ങിൽ ഭൂമി അനുവദിച്ചു. 1690 ൽ റാണിയുടെ അനുമതിയോടെ പണ്ടകശാല കോട്ടയായി മാറി.
എട്ട് പീരങ്കികളും അനുബന്ധ സൈനിക സംവിധാനങ്ങളും ഒരുക്കി. ഇതിനു ശേഷമുള്ള കമ്പനിയുടെ പ്രവർത്തനം ജനങ്ങൾക്ക് വിരുദ്ധവും ഏകാധിപത്യത്തിൽ ഉള്ളതും ആയിരുന്നു. ഇതോടെ അഞ്ചുതെങ്ങ് ജനത സംഘടിച്ചു. 1697 ൽ ജനക്കൂട്ടം കോട്ടക്ക് നേരെ ആക്രമണം നടത്തി. 1699ലും ഇതുണ്ടായി. എന്നാൽ ശക്തമായ സൈനിക സംവിധാനത്തിൽ ഇതു പരാജയപ്പെട്ടു.
തുടർന്ന് സൈനിക സംവിധാനം അവർ കൂടുതൽ ശക്തിപ്പെടുത്തി. ഇതിനെ തുടർന്ന് ജനങ്ങളുടെ പ്രതിഷേധം തുടർന്ന് കൊണ്ടേയിരുന്നു. 1721 ൽ ആസൂത്രിത കലാപമായി ഇതു മാറി. 141 ബ്രിട്ടീഷ് സൈനികർ കൊല്ലപ്പെട്ടു.
കലാപത്തെ തുടർന്ന് ആറ് മാസക്കാലം അഞ്ചുതെങ്ങ് കോട്ട തദ്ദേശീയ ജനത ഉപരോധിച്ചു.
കൂടുതൽ സൈനിക സംവിധാനം എത്തിച്ചാണ് ഈസ്റ്റ് ഇന്ത്യ കമ്പനി കോട്ട മോചിപ്പിച്ചത്. രാജ്യം സ്വാതന്ത്ര്യം നേടുന്നത് വരെയും അഞ്ചുതെങ്ങ് കേന്ദ്രീകരിച്ച് ജനങ്ങൾ അധിനിവേശത്തിനെതിരെ പ്രതികരിക്കുകയും പ്രക്ഷോഭങ്ങളിൽ സജീവമാവുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

