ഇവർ നൽകുന്നത് തെറ്റാത്ത കാലാവസ്ഥാ പ്രവചനം
text_fieldsഓട്ടോമാറ്റിക് വെതർ സ്റ്റേഷനിൽ നിന്ന് വിദ്യാർഥികൾ വിവരം ശേഖരിക്കുന്നു
നേമം: കാലാവസ്ഥയെയും അന്തരീക്ഷത്തിലെ മാറ്റങ്ങളെയും അറിയാൻ ആഗ്രഹിക്കുന്നവർക്ക് തെറ്റാത്ത പ്രവചനങ്ങളുമായി സ്കൂൾ വിദ്യാർഥികൾ. കാട്ടാക്കട മണ്ഡലത്തിലെ പള്ളിച്ചൽ, വിളവൂർക്കൽ, മലയിൻകീഴ്, വിളപ്പിൽയ പഞ്ചായത്തുകളിൽ സ്ഥാപിച്ചിട്ടുള്ള ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളുടെ സഹായത്തോടെയാണ് കുട്ടികൾ ഇത് സാധ്യമാക്കുന്നത്.
പ്രാദേശിക കാലാവസ്ഥ സംവിധാനം സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കിയ മണ്ഡലമാണിത്. ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി ഭൂവിനിയോഗ ബോർഡ്, ഇന്റർനാഷനൽ സെന്റർ ഫോർ ഫ്രീ ഓപ്പൺ സോഴ്സ് സോഫ്റ്റ്വെയർ എന്നീ സ്ഥാപനങ്ങളുടെ സാങ്കേതിക സഹായത്തോടെയാണ് ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകൾ സ്ഥാപിച്ചത്. ആറ് ഹയർസെക്കൻഡറി സ്കൂളുകളിൽ രണ്ടുവർഷം മുമ്പ് ഇതിനുള്ള ക്രമീകരണങ്ങൾ ഒരുക്കുകയായിരുന്നു.
പരീക്ഷണാടിസ്ഥാനത്തിൽ മലയിൻകീഴ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ആദ്യമായി നടപ്പാക്കിയ കാലാവസ്ഥാ പ്രവചന സംവിധാനം തുടർന്ന് മറ്റ് സ്കൂളുകളിലേക്ക് വ്യാപിപ്പിച്ചു. താപനില, മഴ, കാറ്റിന്റെ ദിശ, വേഗത, ഈർപ്പം, മർദം എന്നീ വിവരങ്ങൾ സ്റ്റേഷനുകളിൽ നിന്ന് പൊതുജനങ്ങൾക്ക് ലഭിക്കും. www.kslub.icfoss.org എന്ന സൈറ്റിലൂടെ 15 മിനിറ്റ് ഇടവേളകളിൽ പ്രാദേശിക കാലാവസ്ഥ വിവരങ്ങൾ ഗവേഷണ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും മനസിലാക്കാം. പ്രാദേശികമായി വിവിധ സ്ഥലങ്ങളിൽ ലഭിക്കുന്ന മഴയുടെ അളവ്, ജല ലഭ്യത എന്നിവ അറിയാനും സാധിക്കും. ജല ലഭ്യത മനസ്സിലാക്കുന്നത് കുളങ്ങളിൽ സ്ഥാപിച്ച സ്കെയിലിന്റെ സഹായത്തോടെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

