അവർ ചോദിക്കുന്നു, ആളില്ലാതെ ഞങ്ങളെന്തിന് കച്ചവടം ചെയ്യണം?
text_fieldsകോവിഡ് വ്യാപനം കുതിച്ചുയർന്നതിനെ തുടർന്ന് നഗരത്തിൽ തിരക്ക് കുറഞ്ഞുവരികയാണ്. തിരക്കൊഴിഞ്ഞ തിരുവനന്തപുരം പാളയം പച്ചക്കറി വിപണി
തിരുവനന്തപുരം: 'ആളുകൾ ഇറങ്ങരുതെന്ന് സർക്കാർ പറയുന്നു, പിന്നെ ഞങ്ങൾ എന്തിനാ കച്ചവടത്തിന് ഇറങ്ങുന്നത്' തലസ്ഥാനത്തെ ചെറുകിട-, തെരുവോര കച്ചവടക്കാരുടെ ചോദ്യങ്ങളാണിത്. ശനി, ഞായർ ദിവസങ്ങളിൽ പഴം, പച്ചക്കറി, മത്സ്യം, മാംസം എന്നിവ ഉൾപ്പെടെ വിൽക്കാൻ അനുമതി നൽകിയിട്ടുണ്ട്.
പക്ഷേ, ഇൗ കച്ചവടക്കാർ ആകെ ആശങ്കയിലാണ്. തങ്ങൾക്ക് ഇതൊന്നും വിൽക്കാൻ അനുമതിയില്ലെന്ന് പറഞ്ഞിരുന്നെങ്കിൽ വീട്ടിൽ ഇരിക്കാമായിരുന്നു. പണം മുടക്കി സാധനങ്ങൾ വാങ്ങി കച്ചവടത്തിനായി വന്നാൽ ആളുകൾ പുറത്തിറങ്ങാത്ത സാഹചര്യത്തിൽ എന്ത് ചെയ്യണമെന്ന ചോദ്യമാണ് അവർ ചോദിക്കുന്നത്.
വെള്ളിയാഴ്ച പാളയം, ചാല എന്നിവിടങ്ങളിൽ കച്ചവടം നടത്തുന്ന മത്സ്യത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ എന്നിവരിലെല്ലാം പ്രകടമായത് ഇൗ ആശങ്കയായിരുന്നു. മാർക്കറ്റുകൾ ഉൾപ്പെടെയിടങ്ങളിൽ നിയന്ത്രണങ്ങളുണ്ട്. ജനം പുറത്തിറങ്ങരുതെന്ന് നിദേശവും. ആ സാഹചര്യത്തിൽ കച്ചവടം നടത്തുന്നത് കൂടുതൽ സാമ്പത്തിക നഷ്ടത്തിന് കാരണമാകുകയേയുള്ളൂവെന്നാണ് ഇവരുടെയൊക്കെ ആശങ്ക.
റമദാൻ നോമ്പിെൻറ സാഹചര്യമാണുള്ളതെങ്കിലും അവശ്യസാധനങ്ങൾ വിൽക്കുന്നതൊഴികെയുള്ള മറ്റ് കടകൾ തുറക്കരുതെന്ന നിർദേശം മറ്റ് കച്ചവടക്കാരെയും സാരമായി ബാധിച്ചിട്ടുണ്ട്.
അവരും ആശങ്ക മറയ്ക്കുന്നില്ല. കഴിഞ്ഞവർഷവും സമാനമായ സാഹചര്യമായിരുന്നു. അത് കടുത്ത സാമ്പത്തിക ബാധ്യതയാണുണ്ടാക്കിയത്. അതിൽ നിന്ന് കരകയറാൻ ശ്രമം നടത്തുന്നതിനിടെയാണ് ഇപ്പോൾ വീണ്ടും പ്രതിസന്ധി രൂക്ഷമാക്കുന്നതെന്ന പരാതിയാണ് അവർ ഉന്നയിക്കുന്നത്. കടകൾ ഏഴരക്ക് അടയ്ക്കുന്നതും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നെന്നും കച്ചവടക്കാർ പറയുന്നു. റമദാൻ നാളുകളിൽ സാധനങ്ങൾ വാങ്ങാൻ ആളുകൾ അധികവും എത്തുന്നത് ഏഴരക്ക് ശേഷമാണ്. ആ സമയത്ത് കടകൾ അടയ്ക്കുന്നതിനാൽ കച്ചവടത്തെ പ്രതികൂലമായി ബാധിക്കുന്നെന്നും അവർ പരാതിപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

