ചോദിക്കാനും പറയാനും ആളില്ല; സ്വന്തം നിലക്ക് വില കൂട്ടി ബാറുകൾ
text_fieldsതിരുവനന്തപുരം: പരിശോധനയും റെയ്ഡും ഒന്നുമില്ല, ലോക്ഡൗണിെൻറ മറവില്‍ സ്വന്തം നിലക്ക് വിലകൂട്ടി മദ്യം വിറ്റ് ബാറുകൾ. പരിശോധിക്കേണ്ട എക്സൈസ് വകുപ്പാകാെട്ട കണ്ണടച്ച് ഒത്താശയും ചെയ്യുന്നു. മാസപ്പടിയുൾപ്പെടെ നൽകി എക്സൈസിനെ വരുതിയിലാക്കിയെന്ന ആക്ഷേപവും ശക്തമാണ്.
വിലകൂട്ടി വിൽപന നടത്താൻ ബാറുകൾക്ക് അനുമതി നൽകിയിട്ടില്ലെന്ന് മന്ത്രി എം.വി. ഗോവിന്ദൻ ഉൾപ്പെടെ പറയുേമ്പാഴും അതൊക്കെ കാറ്റിൽ പറക്കുകയാണ്. ഇങ്ങനെ ഇൗടാക്കുന്ന പണം സർക്കാർ ഖജനാവിലേക്ക് എത്തുന്നുമില്ല. ബിയര്‍ ഉള്‍പ്പെടെ വിദേശമദ്യത്തിന് അനധികൃതമായി വിലകൂട്ടി വിൽക്കുകയാണ്. ബെവ്കോ നിശ്ചയിച്ച നിരക്കിനെക്കാള്‍ ഒരു രൂപപോലും കൂടുതലായി വാങ്ങരുതെന്ന സര്‍ക്കാര്‍ നിർദേശം കാറ്റില്‍പറത്തിയാണ് ഈ കൊള്ള. കർശന നടപടിയെന്ന് വകുപ്പ് മന്ത്രി വ്യക്തമാക്കിയിട്ടും എക്സൈസ് നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
മാസങ്ങളായി അടഞ്ഞുകിടന്ന ബാറുകൾ ലോക്ഡൗൺ ഇളവുകളുടെ ഭാഗമായാണ് പാർസൽ സർവിസിനായി തുറക്കാൻ സർക്കാർ അനുമതി നൽകിയത്. എന്നാല്‍, ഈ അവസരം ചില ബാറുടമകള്‍ വ്യാപകമായി മുതലെടുക്കുകയാണ്. ബഹുഭൂരിപക്ഷവും കൃത്രിമം കാട്ടുന്നെന്നാണ് ആക്ഷേപം. ബിയറുകൾക്കുപോലും വലിയ തുകയാണ് ഇൗടാക്കുന്നത്. അമിതവില ചുമത്തുന്ന മദ്യത്തിന് ബാറുകള്‍ ബിൽ നല്‍കാറില്ല. ഇതിൽ എക്സൈസിനും എക്സൈസ് എന്‍ഫോഴ്സ്മെൻറിനും ദിനംപ്രതി നൂറുകണക്കിന് പരാതികളാണ് ലഭിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ അതത് റേഞ്ചില്‍ വിവരം അറിയിക്കുകയും പരിശോധനക്ക് നിർദേശം നല്‍കുകയും ചെയ്യുന്നുണ്ട്. എന്നാല്‍, മാസപ്പടി മുടങ്ങുമെന്ന് ഭയന്ന് ഉദ്യോഗസ്ഥര്‍ തിരിഞ്ഞുനോക്കാറില്ലെന്നാണ് ആക്ഷേപം.
നിലവിലെ സാഹചര്യത്തിൽ പാർസൽ മദ്യവിൽപന നഷ്ടമാണെന്നും കൂടുതൽ തുക ഇൗടാക്കിയാലേ നഷ്ടം നികത്താനാകൂ എന്നുമുള്ള നിലപാടിലാണ് ചില ബാറുടമകൾ. സ്വന്തം നിലക്ക് പത്ത് ശതമാനത്തിലധികം വില അധികം ചുമത്തിയാണ് ഇവരുടെ വിൽപന.