മടവൂരിൽ ഉണ്ട് മൃഗശാലയ്ക്ക് അനുയോജ്യമായ ഭൂമി; പഞ്ചായത്ത് അധികൃതർ മുഖ്യമന്ത്രിയെ കണ്ടു
text_fieldsകല്ലമ്പലം: തലസ്ഥാന നഗരിയിൽ നിന്നും മാറ്റാൻ ഒരുങ്ങുന്ന മൃഗശാലയെ മടവൂരിലേക്ക് ക്ഷണിച്ച് ഗ്രാമപഞ്ചായത്ത്. മടവൂർ ഗ്രാമപഞ്ചായത്തിലെ 2,3 വാർഡുകളിലായി ഇളമ്പ്രക്കോട് ഭാഗത്ത് 424 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന വനഭൂമിയുണ്ട്. ഈ ഭൂമി ഉപയോഗപ്പെടുത്തി തിരുവനന്തപുരത്തെ സുവോളജിക്കൽ പാർക്ക് ഇവിടേക്ക് മാറ്റി സ്ഥാപിക്കണമെന്നും അനുബന്ധ ടൂറിസം പദ്ധതികൾക്ക് ഇത് അനുയോജ്യമാണെന്നും കാണിച്ച് പഞ്ചായത്ത് ഭാരവാഹികൾ മുഖ്യമന്ത്രിയെയും ടൂറിസം മൃഗശാല വകുപ്പ് മന്ത്രിമാരെയും നേരിട്ട് കണ്ട് ആവശ്യം ഉന്നയിച്ചു.
മൃഗങ്ങൾക്ക് സ്വാഭാവിക ആവാസവ്യവസ്ഥ ഒരുക്കുന്നതിനും, പ്രകൃതിയോട് ഇണങ്ങിച്ചേർന്ന വിവിധ വിനോദസഞ്ചാര പദ്ധതികൾ നടപ്പിലാക്കുന്നതിനും ഇളമ്പ്രക്കോട് റിസർവ് വനമേഖല അനുയോജ്യമായ പ്രദേശമാണ്. ലോകപ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ വർക്കലയിൽനിന്ന് ഏകദേശം 30 മിനിറ്റും, ജഡായു ടൂറിസ്റ്റ് കേന്ദ്രത്തിൽനിന്ന് ഏകദേശം 15 മിനിറ്റും മാത്രമാണ് ഇളമ്പ്രക്കോട് പ്രദേശത്തേക്ക് എത്തിച്ചേരുന്നതിനുള്ള യാത്രാസമയം. നിർദിഷ്ട കടമ്പാട്ടുകോണം- ചെങ്കോട്ട ഗ്രീൻഫീൽഡ് ഹൈവേ 744 ഈ വനമേഖലയിൽ കൂടിയാണ് കന്നുപോകുന്നത്. ഗ്രാമപ്രദേശമായതിനാൽ ഗതാഗതക്കുരുക്കുകൾ ഒഴിവാക്കി പ്രസ്തുത പ്രദേശത്ത് എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്നതും, ജലലഭ്യത ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ സ്വാഭാവികമായി നിലവിലുള്ളതും പ്രദേശത്തിന്റെ പ്രത്യേകതകളാണ്.
തിരുവനന്തപുരം സുവോളജിക്കൽ പാർക്ക് അനുയോജ്യമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് ആലോചനകൾ നടക്കുന്ന ഈ സാഹചര്യത്തിൽ ഇളമ്പ്രക്കോട് റിസർവ് വനമേഖലയെയും സുവോളജിക്കൽ പാർക്ക്സ്ഥാപിക്കുന്നതിനുള്ള സാധ്യതയുള്ള പ്രദേശമായി പരിഗണിക്കാവുന്നതാണ്. അതോടൊപ്പം പ്രദേശത്തിന്റെ പ്രകൃതിസൗന്ദര്യവും സ്വാഭാവിക ആവാസവ്യവസ്ഥയും പരിസ്ഥിതി പ്രാധാന്യവും സംരക്ഷിച്ചുകൊണ്ട് അഡ്വഞ്ചർ ടൂറിസം പാർക്ക്, ഇക്കോ ടൂറിസം, നാച്ചുറൽ ടൂറിസം പാർക്ക് തുടങ്ങിയ പദ്ധതികൾ സ്ഥാപിക്കുന്നതിന് ഈ പ്രദേശം അനുയോജ്യമാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഇലമ്പ്രക്കോട് വനദുർഗാ ക്ഷേത്രം ഈ വനത്തിനകത്ത് സ്ഥതി ചെയ്യുന്നതിനാൽ പിൽഗ്രിം ടൂറിസത്തിനും ഈ പ്രദേശം ഏറെ അനുയോജ്യമാണ്. ഇത്തരം പദ്ധതികൾ യാഥാർഥ്യമാകുന്നതിലൂടെ മടവൂർ ഗ്രാമപഞ്ചായത്തിന്റെ വിനോദസഞ്ചാര മേഖലയിൽ വലിയ വികസനസാധ്യതകൾ സൃഷ്ടിക്കുന്നതിനും, പ്രദേശത്തെ ജനങ്ങൾക്ക് തൊഴിൽ അവസരങ്ങൾ ലഭ്യമാക്കുന്നതിനും കൂടുതൽ ആഭ്യന്തര വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനും പദ്ധതി മുതൽക്കൂട്ടാകും. ഇളമ്പ്രക്കോട് റിസർവ് വനമേഖലയിൽ സുവോളജിക്കൽ പാർക്ക്, സഫാരി പാർക്ക്, ഇക്കോ ടൂറിസം പാർക്ക്, അഡ്വഞ്ചർ ടൂറിസം പാർക്ക്, നാച്ചുറൽ ടൂറിസം പാർക്ക്, പിൽഗ്രിം ടൂറിസം പാർക്ക് തുടങ്ങിയ ടൂറിസം പദ്ധതികൾ സ്ഥാപിക്കുന്നതിനുള്ള സാധ്യതകൾ വിശദമായി പരിശോധിച്ച് അനുയോജ്യമായ പദ്ധതി നടപ്പിലാക്കുന്നതിനുള്ള നടപടികൾ പരിഗണിക്കണമെന്ന് പഞ്ചായത്ത് ഭാരവാഹികൾ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് കേരള മുഖ്യമന്ത്രി, മൃഗശാല, മ്യൂസിയം വകുപ്പ് മന്ത്രി, ടൂറിസം വകുപ്പ് മന്ത്രി, വനം വകുപ്പ് മന്ത്രി എന്നിവരെ നേരിൽ കണ്ട് ഈ ആവശ്യം ഉന്നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

