യുവാവിനെ ഇതര സംസ്ഥാന തൊഴിലാളികൾ മർദിച്ചതായി പരാതി
text_fieldsപോത്തൻകോട്: പന്തലക്കോട് കുറ്റിയാണിയിൽ ദലിത് യുവാവിനെ ഇതരസംസ്ഥാന തൊഴിലാളികൾ മർദിച്ചതായി പരാതി. കുറ്റിയാണി പാങ്കോട്ടുകോണം പുതുവൽ പുത്തൻവീട്ടിൽ ബാബുവിനെയാണ് (48) ഇതരസംസ്ഥാന തൊഴിലാളികൾ സംഘം ചേർന്ന് മർദിച്ചത്. മർദനമേറ്റ് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികൾക്കെതിരെ നിയമനടപടി സ്വീകരിക്കാത്തതിനെ തുടർന്ന് ബാബുവും കുടുംബവും കഴിഞ്ഞ ദിവസം ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകി.
മാർച്ച് 28ന് വൈകീട്ട് ആേറാടെയാണ് അക്രമസംഭവം നടന്നത്. പട്ടാഴിയിലെ ഹോളോബ്രിക്സ് കമ്പനിയിലെ തൊഴിലാളികൾ പരിസരവാസികൾക്ക് ശല്യമുണ്ടാക്കുന്ന രീതിയിൽ ഉച്ചത്തിൽ സംസാരിച്ചിരുന്നു. ഇവിടെയെത്തിയ ബാബു റോഡിൽനിന്ന് ബഹളം ശ്രദ്ധിക്കുന്നതിനിടെയാണ് യാതൊരു പ്രകോപനവും കൂടാതെ തൊഴിലാളികൾ ആക്രമിക്കാനെത്തിയത്. തുടർന്ന് അഞ്ചംഗ ഇതര സംസ്ഥാന തൊഴിലാളി സംഘം ബാബുവിനെ ഹോളോബ്രിക്സ് കമ്പനിക്കുള്ളിൽ ബലം പ്രയോഗിച്ച് കയറ്റി ഇരുമ്പ് ദണ്ഡ് ഉൾപ്പെടെ മാരകായുധങ്ങളുമായി മർദിക്കുകയായിരുന്നു.
നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ബാബുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബാബുവിെൻറ ഇടത് കാൽ പൊട്ടിയനിലയിലാണ് കണ്ണുകൾക്കും പരിക്കുണ്ട്. സംഭവത്തെതുടർന്ന് വട്ടപ്പാറ പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഹോളോബ്രിക്സ് കമ്പനി ഉടമയുടെ സഹായത്തോടെ പ്രതികളെ സഹായിക്കുന്ന നിലപാടാണ് പൊലീസ് എടുത്തതെന്ന് ബാബുവിെൻറ ബന്ധുക്കൾ പറയുന്നു.
പ്രതികളെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറായില്ല. സംഭവം പോത്തൻകോട് സ്റ്റേഷൻ പരിധിയിലാണെന്ന് പറഞ്ഞു പൊലീസ് തലയൂരിയതായും ബന്ധുക്കൾ ആരോപിച്ചു. തുടർന്ന് ബന്ധുക്കൾ പരാതിയുമായി പോത്തൻകോട് പൊലീസിനെ സമീപിച്ചെങ്കിലും പ്രതികൾ മുങ്ങിയിരുന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും പൊലീസ് നടപടികൾ വൈകിയതോടെ ബാബു നെടുമങ്ങാട് ഡിവൈ.എസ്.പിക്കും കഴിഞ്ഞദിവസം പരാതി നൽകി.
സംഭവത്തിൽ ഹോളോബ്രിക്സ് കമ്പനി ഉടമക്കെതിരെയും പട്ടികജാതി കമീഷനിൽ പരാതി നൽകി. അക്രമസംഭവത്തിന് പിന്നാലെ ബാബുവിനെയും കുടുംബത്തെയും കമ്പനി ഉടമ ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്നും പരാതിയുണ്ട്.
അക്രമസംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പ്രതികൾ ഒളിവിലാണെന്നും പോത്തൻകോട് എസ്.ഐ അനൂപ് പറഞ്ഞു.