കീറിയ നോട്ടിന്റെ പേരിൽ വിദ്യാർഥിയെ വഴിയിലിറക്കിയ സംഭവം മൂന്നുദിവസം കഴിഞ്ഞിട്ടും വനിത കണ്ടക്ടറെ കണ്ടെത്താനായില്ല
text_fieldsrepresentational image
തിരുവനന്തപുരം: കീറിയ നോട്ട് നല്‍കിയെന്ന പേരില്‍ വിദ്യാർഥിയെ ബസില്‍നിന്ന് ഇറക്കിവിട്ട വനിത കണ്ടക്ടറെ അന്വേഷണം തുടങ്ങി മൂന്നുദിവസം കഴിഞ്ഞിട്ടും കണ്ടെത്താന്‍ കഴിഞ്ഞില്ല. കെ.എസ്.ആര്.ടി.സി കണ്ടക്ടറെ മനഃപൂർവം ഒളിപ്പിക്കുകയാണെന്ന ആരോപണം ശക്തമായി.
അന്വേഷണവുമായി ബന്ധപ്പെട്ട് ഏതാനും കണ്ടക്ടര്‍മാരുടെ ഫോട്ടോ കുട്ടിയെ കാണിച്ചിരുന്നു. ഇതില്‍ വിദ്യാർഥി സംശയം പ്രകടിപ്പിച്ച വനിത കണ്ടക്ടറെ വ്യാഴാഴ്ച വിജിലന്‍സ് സംഘം വിളിച്ചുവരുത്തിയിരുന്നു. എന്നാല്‍, കുട്ടിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല.
ബസിലുണ്ടായിരുന്ന വനിത കണ്ടക്ടര്‍ മാസ്ക് െവച്ചിരുന്നതായാണ് വിദ്യാർഥി മൊഴികൊടുത്തത്. തിങ്കളാഴ്ച ഉച്ചക്ക് 12.30ന് തിരുവനന്തപുരം-കോവളം ബൈപാസില്‍ ആക്കുളം ഭാഗത്താണ് എട്ടാംക്ലാസ് വിദ്യാർഥിയെ ബസില്‍നിന്ന് ഇറക്കിവിട്ടത്.
ആക്കുളം എം.ജി.എം സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥി പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. എം.ജി.എമ്മിന് സമീപത്തെ സ്റ്റോപ്പില്‍നിന്ന് കയറിയ കുട്ടി 20 രൂപ നല്കി. നോട്ട് കീറിയതാണെന്ന് പറഞ്ഞ് കണ്ടക്ടര്‍ അടുത്ത സ്റ്റോപ്പില്‍ ഇറക്കിവിട്ടെന്നാണ് പരാതി.
ഏറെനേരം വെയിലത്തുനിന്ന് തളര്‍ന്ന കുട്ടിയെ ബൈക്ക് യാത്രികനാണ് സഹായിച്ചത്. സംഭവം വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് കെ.എസ്.ആര്.ടി.സി വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്. ജില്ലയിലെ അഞ്ച് ഡിപ്പോകളിലെ ബസുകള്‍ മാത്രമാണ് ഈ ഭാഗത്ത് കൂടി ഓടുന്നത്.
പരാതിയുണ്ടായ ദിവസം ഇതുവഴി കടന്നുപോയ ബസുകളും ഡ്യൂട്ടിയിലുണ്ടായിരുന്നവരെയും കണ്ടെത്താൻ വളരെ എളുപ്പമാണ്. ഒരേ ഡിപ്പോയില്‍ നിന്നുള്ള ട്രിപ്പ് ഷീറ്റുകളില്‍ ഇതുസംബന്ധിച്ച വിവരങ്ങളുണ്ടാകും. കൃത്യമായി പരിശോധിച്ചാല്‍ കണ്ടക്ടറെ കണ്ടെത്താമെന്നിരിക്കെ മനഃപൂർവം ഒളിക്കുന്നതായാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
കണ്ടക്ടറെ കുട്ടി തിരിച്ചറിഞ്ഞാല്‍ മാത്രം നടപടിയെടുത്താല്‍ മതിയാകും. ഇല്ലെങ്കില്‍ കേസൊതുക്കാന്‍ കഴിയും. ഈ വഴിക്കുള്ള നീക്കം സജീവമാണ്. കണ്ടക്ടറുടെ ഭാഗത്ത് തെറ്റില്ലെന്ന് പറഞ്ഞ് കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ സമൂഹമാധ്യമങ്ങള്‍വഴി പ്രചാരണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

