അനധികൃത വയൽ നികത്തലിന് തിരുവനന്തപുരം ജില്ല ഭരണകൂടവും കൂട്ട്
text_fieldsതിരുവനന്തപുരം: കഴക്കൂട്ടത്തെ അനധികൃത വയൽ നികത്തലിന് കൂട്ടുനിന്ന് ജില്ല ഭരണകൂടവും. ഏക്കറോളം വയൽ ഘട്ടംഘട്ടമായി നികത്തുന്നതിനെതിരെ കഴക്കൂട്ടം കൃഷി ഓഫിസറും വില്ലേജ് ഓഫിസറും തിരുവനന്തപുരം ആർ.ഡി.ഒക്ക് റിപ്പോർട്ട് നൽകിയിട്ടും നാളിതുവരെ ഭൂമാഫിയക്കെതിരെ ചെറുവിരൽ അനക്കാനോ വയൽ നികത്തലിന് തടയിടാനോ അധികാരികൾ തയാറായിട്ടില്ല. ഇതോടെ നവകേരള സദസ്സുമായി ബന്ധപ്പെട്ട് കഴക്കൂട്ടം ഗ്രീൻഫീൽഡിലെത്തുന്ന മുഖ്യമന്ത്രിക്ക് മുന്നിൽ നേരിട്ട് പരാതി സമർപ്പിക്കാനൊരുങ്ങുകയാണ് പ്രദേശവാസികളും പരിസ്ഥിതി പ്രവർത്തകരും.
മാസങ്ങൾക്ക് മുമ്പാണ് കഴക്കൂട്ടം വെട്ടുറോഡിന് സമീപത്ത് 91 സെന്റ് വയലിലേക്ക് കൃഷി ആവശ്യത്തിനാണെന്ന് കാണിച്ച് തെറ്റിയാറിന് കുറുകെ സ്ഥലമുടമ നിയമവിരുദ്ധമായി പാലം നിർമിച്ചത്. മൂന്നുമീറ്റർ വീതിയിൽ പാലം നിർമിക്കാനായിരുന്നു അംഗീകാരം. വലിയ ലോറികൾക്ക് പോകാവുന്ന തരത്തിൽ ആറ് മീറ്റർ വീതിയിലാണ് പാലം നിർമിച്ചത്. പിന്നീട് ഘട്ടംഘട്ടമായി ഡേറ്റ ബാങ്കിൽ ഉൾപ്പെട്ട വയൽഭൂമി കെട്ടിട അവശിഷ്ടങ്ങളും ക്വാറിമാലിന്യവും മണ്ണും ഉപയോഗിച്ച് നികത്തി.
ഇതിനെതിരെ പരിസരവാസികൾ പ്രതിഷേധിച്ചതോടെ കഴക്കൂട്ടം വില്ലേജ് ഓഫിസർ സ്റ്റോപ് മെമ്മോ നൽകി. എന്നാൽ, പൊലീസിന്റെ ഒത്താശയോടെ പ്രദേശത്തെ ഗുണ്ടാസംഘങ്ങളുടെ കാവലിൽ രാത്രികാലങ്ങളിൽ മണ്ണടി തുടരുകയായിരുന്നു. സംഭവം ചൂണ്ടിക്കാട്ടി കഴക്കൂട്ടം സൈബർ സിറ്റി അസി. കമീഷണർക്കടക്കം പരാതി നൽയിട്ടും നടപടിയില്ല.
രാത്രികാലങ്ങളിൽ ലോറികളിൽ മണ്ണെത്തിച്ച് നികത്തുന്നതിനെതിരെ പ്രദേശവാസികൾ പൊലീസിൽ പരാതി അറിയിച്ചിട്ടും നടപടിയുണ്ടായില്ല. കഴക്കൂട്ടം കൃഷി ഓഫിസറും വില്ലേജ് ഓഫിസറും ആർ.ഡി.ഒക്ക് നിരവധി റിപ്പോർട്ടുകളയച്ചെങ്കിലും ഉന്നത സ്വാധീനത്തെ തുടർന്ന് വയൽ നികത്തൽ നിർബാധം തുടരുകയാണ്.
കൃഷി ഭൂമി മണ്ണിട്ട് നികത്തിയാൽ ഭാവിയിൽ പ്രദേശം പൂർണമായും വെള്ളത്തിൽ മുങ്ങുമെന്ന് പരിസരവാസികൾ പറയുന്നു. കഴിഞ്ഞ മഴയിൽ തെറ്റിയാർ കരകവിഞ്ഞതിനെ തുടർന്ന് ടെക്നോപാർക്കിന്റെ മുൻവശമടക്കം വെള്ളത്തിൽ മുങ്ങുകയും ചരിത്രത്തിലാദ്യമായി കഴക്കൂട്ടം സബ്സ്റ്റേഷനിലേക്ക് വെള്ളം കയറി പ്രവർത്തനം തടസ്സപ്പെടുകയും ചെയ്തിരുന്നു.
തെറ്റിയാറിന്റെ ഒഴുക്ക് തടസ്സപ്പെടുത്തിക്കൊണ്ടുള്ള അനധികൃത നിർമാണങ്ങളും കൈയേറ്റങ്ങളുമാണ് വെള്ളപ്പൊക്കത്തിന് കാരണമെന്ന് റവന്യൂ വകുപ്പ് കണ്ടെത്തിയിരുന്നു. ഇതോടെ തെറ്റിയാർ സംരക്ഷണത്തിന് പ്രത്യേക പദ്ധതി തയാറാക്കുമെന്ന് സ്ഥലം എം.എൽ.എ കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. എന്നിട്ടും വയൽ നികത്തൽ നിർബാധം തുടർന്നതോടെയാണ് നവകേരള സദസ്സിൽ മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും കൃഷിമന്ത്രിക്കും മുന്നിൽ എം.എൽ.എയെ സാക്ഷിയാക്കി പരാതി നൽകാൻ പ്രദേശവാസികളും പരിസ്ഥിതി പ്രവർത്തകരും ഒരുങ്ങുന്നത്. നികത്തലിനെതിരെ യൂത്ത് കോൺഗ്രസും കോൺഗ്രസും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

