ഉത്രാടപ്പാച്ചിലിൽ തെരുവുകൾ നിറഞ്ഞു; ഇന്ന് സമൃദ്ധിയുടെ തിരുവോണം...
text_fieldsഉത്രാടനാളിൽ തിരുവനന്തപുരം പഴവങ്ങാടിയിലെ തിരക്ക്
തിരുവനന്തപുരം: കാണം വിറ്റും ഓണം ഉണ്ണണമെന്ന പഴമൊഴി അന്വർഥമാക്കി ഉത്രാടപ്പാച്ചിലിൽ തെരുവുകൾ ജനനിബിഡമായി. മഴഭീഷണിയില്ലാത്ത അന്തരീക്ഷമായതിനാൽ മറന്നുപോയ ഓണവിഭവങ്ങള്‍ വാങ്ങാനും കാഴ്ചവിരുന്ന് ആസ്വദിക്കാനും വിപണിയിലും നഗരത്തിലും ജനം നിറഞ്ഞു. വെള്ളിയാഴ്ച പുലരുമ്പോള്‍ പൊന്നോണത്തെ വരവേല്‍ക്കാനുമുള്ള ആനന്ദം എല്ലാവരിലും ദൃശ്യമായി.
ശ്രാവണ പൗര്‍ണമിയും തിരുവോണം നക്ഷത്രവും ഒരുമിക്കുന്ന നാളിലാണ് ഓണം ആഘോഷിക്കുന്നത്. കാര്‍ഷിക വൃത്തിയെ അനുകരിച്ചാണ് മലയാളിയുടെ വര്‍ഷാരംഭവും അനുബന്ധമായ ഓണാഘോഷവും. മാവേലി സങ്കല്‍പ്പംകൂടി അലർന്നതോടെ അത് ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും കാലമായി മലയാളി മനസ്സിലുറപ്പിച്ചു.
കച്ചവടകേന്ദ്രങ്ങളില്‍ ഉത്രാടനാളായ വ്യാഴാഴ്ച വില്‍പ്പന തകൃതിയായി. ചാല, അട്ടക്കുളങ്ങര, പാളയം എന്നിവിടങ്ങളിൽ കച്ചവടം പൊടിപൊടിച്ചു. വിലവര്‍ധന സ്വര്‍ണവിപണിയെ ബാധിച്ചില്ലെന്നാണ് അറിയുന്നത്. വസ്ത്രവിപണിയിലും പൂമാര്ക്കറ്റുകളിലും വലിയ തിരക്കായിരുന്നു.
കേരളത്തിനൊപ്പം തമിഴ്നാട് അതിർത്തിയിലെ ജില്ലകളിലും തിരുവോണനാൾ ആഘോഷത്തിമിർപ്പിന്റേതാണ്. മലയാളി ബാഹുല്യമുള്ള കന്യാകുമാരി, ഊട്ടി, കോയമ്പത്തൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ തിരുവോണത്തിന് തമിഴ്നാട് സര്‍ക്കാര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
തമിഴ്നാട്ടിലും കര്‍ണാടകത്തിലും പഠിക്കുന്ന വിദ്യാര്‍ഥികളും ജോലിചെയ്യുന്നവരും ഓണത്തിന് നാട്ടിലേക്ക് പുറപ്പെട്ടതിന്റെ തിരക്ക് ബസുകളിലും തീവണ്ടികളിലും ദൃശ്യമായി. മടക്കയാത്രക്കും സമാന തിരക്കാണ് പ്രതീക്ഷിക്കുന്നത്. കന്യാകുമാരി ഉള്‍പ്പെടെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഓണത്തിരക്ക് പ്രകടം. ഓണം വാരാഘോഷത്തിന്റെ തിമർപ്പിലേക്ക് കടക്കുന്നതോടെ തലസ്ഥാന നഗരവും ഓണത്തിമിർപ്പിലലിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

