സി.പി.എം വിരട്ടൽ ഏശിയില്ല, പേട്ട സ്റ്റേഷനിലെ പൊലീസുകാരുടെ ശിക്ഷ റദ്ദാക്കി
text_fieldsതിരുവനന്തപുരം: ഹെൽമറ്റ് ധരിക്കാതെ ബൈക്കോടിച്ച ഡി.വൈ.എഫ്.ഐ നേതാവിന് പിഴ ചുമത്തുകയും ഇതിൽ പ്രതിഷേധിച്ച് പേട്ട പൊലീസ് സ്റ്റേഷനിലേക്ക് തള്ളിക്കയറിയ സി.പി.എം നേതാക്കളെ തടയുകയും ചെയ്ത പൊലീസുകാരെ സ്ഥലംമാറ്റിയ നടപടി സിറ്റി പൊലീസ് കമീഷണർ റദ്ദാക്കി. സ്ഥലംമാറ്റിയ ഉദ്യോഗസ്ഥരെ വീണ്ടും പേട്ട സ്റ്റേഷനിൽ തിരികെ നിയമിച്ചു. പേട്ട സ്റ്റേഷനിലെ എസ്.ഐമാരായ എസ്. അസീം, എം. അഭിലാഷ്, ഡ്രൈവർ എം. മിഥുൻ എന്നിവരെയാണ് തിരികെ നിയമിച്ചത്. നാർകോട്ടിക് സെൽ അസി. കമീഷണറുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സി.പി.എം ജില്ല സെക്രട്ടറി വി. ജോയി എം.എൽ.എയുടെ സമ്മർദത്തിന് വഴങ്ങിയുള്ള സർക്കാർ നടപടിയിൽ പൊലീസിനുള്ളിൽ അമർഷം ശക്തമായിരുന്നു. എസ്.ഐമാരെ ജില്ല ക്രൈംബ്രാഞ്ചിലേക്കും ഡ്രൈവറെ എ.ആർ ക്യാമ്പിലേക്കുമാണ് മാറ്റിയിരുന്നത്. ഉദ്യോഗസ്ഥരുടെ വാദം കേൾക്കാതെ സി.പി.എം നേതാക്കളുടെ നിർദേശം അപ്പാടെ നടപ്പാക്കുകയായിരുന്നെന്നാണ് പൊലീസിനുള്ളിലെ ആക്ഷേപം. തുടർന്നാണ് നർകോട്ടിക് അസി. കമീഷണറോട് റിപ്പോർട്ട് കമീഷണർ നാഗരാജു ആവശ്യപ്പെട്ടത്.
വാഹനപരിശോധനക്കിടെ ഡി.വൈ.എഫ്.ഐ നേതാവിനെ അസഭ്യം പറഞ്ഞെന്നും ഇതു ചോദിക്കാനെത്തിയ സി.പി.എം നേതാക്കളെ അടിച്ചോടിച്ചെന്നുമാണ് പൊലീസുകാർക്കെതിരെ പാർട്ടി നൽകിയ പരാതി. ചൊവ്വാഴ്ച വൈകീട്ട് 5.30ന് ഒരുവാതിൽകോട്ട റോഡിൽ എസ്.ഐമാരായ അഭിലാഷും അസീമും വാഹനങ്ങൾ പരിശോധിക്കുമ്പോൾ ബൈക്കിലെത്തിയ ഡി.വൈ.എഫ്.ഐ വഞ്ചിയൂർ ഏരിയ സെക്രട്ടറി എം. നിധീഷിനെ തടഞ്ഞുനിർത്തിയതാണ് സംഭവങ്ങളുടെ തുടക്കം.
ഹെൽമറ്റ് ധരിക്കാത്തതിന് പിഴ നൽകണമെന്ന് പറഞ്ഞത് തർക്കത്തിനിടയാക്കി. വാഹനമെടുത്ത് നിധീഷ് സ്ഥലത്തുനിന്ന് കടന്നു. തന്നെ തെറി വിളിച്ചെന്ന് ആരോപിച്ച് വൈകീട്ട് ആറോടെ സി.പി.എം നേതാക്കളുമായി നിധീഷ് സ്റ്റേഷനിലെത്തി. എസ്.ഐമാർ വന്ന ജീപ്പ് സി.പി.എം നേതാക്കൾ തടഞ്ഞു. പൊലീസ് ലാത്തിവീശി പ്രതിഷേധക്കാരെ ഓടിച്ചു. പിന്നീട് ജില്ല സെക്രട്ടറി വി. ജോയി, വഞ്ചിയൂർ ഏരിയ സെക്രട്ടറി ലെനിൻ, മുൻ മേയർ കെ. ശ്രീകുമാർ, കൗൺസിലർ ഡി.ആർ. അനിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രവർത്തകർ പൊലീസ് സ്റ്റേഷനിലേക്ക് തള്ളിക്കയറുകയും ഉദ്യോഗസ്ഥരെ തെറിവിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ പൊലീസ് വീണ്ടും ലാത്തിവീശി. നേതാക്കൾ ഇടപെട്ടതോടെ പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയും ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു. ഒടുവിൽ എസ്.ഐമാരെ ക്രമസമാധാന ചുമതലയിൽനിന്ന് മാറ്റി അന്വേഷണം നടത്താമെന്ന് ഡി.സി.പി ഉറപ്പുനൽകിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്. തുടർന്ന് പേട്ട സ്റ്റേഷനിലെ എസ്.ഐമാരായ എസ്. അസീം, എം. അഭിലാഷ്, ഡ്രൈവർ എം. മിഥുൻ എന്നിവരെ സ്ഥലം മാറ്റുകയായിരുന്നു.
എന്നാൽ, പൊലീസുകാരുടെ ഭാഗത്ത് തെറ്റുണ്ടായിട്ടില്ലെന്നാണ് നർകോട്ടിക് സെൽ അസി. കമീഷണറുടെ അന്വേഷണത്തിൽ കണ്ടെത്തിയത്. ഹെൽമറ്റ് ധരിക്കാത്ത വിഷയത്തിൽ പെറ്റിക്കേസ് ചാർജ് ചെയ്തതിൽ പൊലീസിന് വീഴ്ചയില്ല. ഇരുഭാഗത്തുനിന്നും പ്രകോപനമുണ്ടായെന്നും പൊലീസ് സ്റ്റേഷനിൽനിന്ന് തള്ളിക്കയറാൻ ശ്രമിച്ചതിലും വിഷയം റോഡിന് പുറത്തേക്ക് കൊണ്ടുപോയതിലും പൊലീസിന് വീഴ്ചപറ്റിയതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെതുടർന്നാണ് ശിക്ഷ നടപടികൾ റദ്ദുചെയ്യാൻ കമീഷണർ നാഗരാജു ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

