പീഡനകേസിൽ ഒളിവിൽ പോയ പൊലീസുകാരന് സേനയിൽ നിന്ന് സഹായം
text_fieldsതിരുവനന്തപുരം: വനിത ഡോക്ടറെ പീഡിപ്പിച്ച് ഒളിവിൽ പോയ സിവിൽ പൊലീസ് ഓഫിസർക്ക് സഹായം നൽകിയത് പൊലീസുകാരെന്ന് കണ്ടെത്തി. സിറ്റി പൊലീസ് കമിഷണർ എസ്. സ്പർജൻ കുമാറിന്റെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം മുൻകൂട്ടി അറിയിക്കുന്നതിനാൽ പിടികൂടാനാവുന്നില്ല എന്നാണ് സൂചന.
യുവ ഡോക്ടറെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന പരാതിയില്‍ സിറ്റി എ.ആര് ക്യാംപിലെ സിവില്‍ പൊലീസ് ഓഫിസര്‍ വിജയ് യശോദരനെതിരെയാണ് തമ്പാനൂർ പൊലീസ് കഴിഞ്ഞ ദിവസം കേസ് രജിസ്റ്റര്‍ ചെയ്തത്. ഡോക്ടർ പരാതി നൽകി മിനിറ്റുകൾക്കകം സ്റ്റേഷനിൽനിന്ന് വിവരം ചോർന്നതോടെ ഒളിവിൽപോയതാണ് ഇയാൾ. അന്വേഷണത്തിന്റെ ഭാഗമായി പൊലീസുകാരന്റെ മൊബൈൽ ഫോൺവിളി വിവരം ശേഖരിച്ച അന്വേഷണ സംഘത്തിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരം. കേസ് രജിസ്റ്റർ ചെയ്ത ശേഷം സിറ്റി പൊലീസിലെയും ക്യാമ്പിലെയും പല പൊലീസുകാരുമായി ഇയാൾ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് പ്രത്യേക സംഘത്തിന്റെ കണ്ടെത്തൽ.
സംഭവം നടന്ന് ദിവസങ്ങളായിട്ടും ഒളിവിൽ പോയ പൊലീസുകാരനെ കണ്ടെത്താനാവാത്തതിന് കാരണം സേനക്കുള്ളിൽ നിന്നുള്ള സഹായമാണെന്ന ആക്ഷേപത്തിനിടെയാണ് ഫോൺവിളി വിശദാംശങ്ങളിൽ പൊലീസുകാർതന്നെ സശംയനിഴലിലായത്. വിവരം ചോർത്തിയ പൊലീസുകാർക്കെതിരെ നടപടി ഉണ്ടായേക്കും.
മൊബൈൽ ടവർ ലൊക്കേഷൻ പരിശോധനയിൽ വിജയ് ൻ മംഗളൂരുവിലുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ഇതുവരെ പിടികൂടാനായില്ല. വിവാഹിതനായ വിജയിന്റെ ഭാര്യയുടെ വീട് കര്‍ണാടകയിലെ ഹസനിലാണ്. ഈ ഭാഗത്താണ് ഇയാള്‍ ഒളിവില്‍ കഴിയുന്നതെന്നാണ് പൊലീസ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

