ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം; ആശുപത്രികൾ ഓരോന്നും മാറി, മെഡിക്കൽ കോളജിൽ രോഗി എത്തുന്നത് 24 മണിക്കൂർ വൈകി
text_fieldsതിരുവനന്തപുരം: മെഡിക്കൽ കോളജുകൾ ഉൾപ്പെടെ സർക്കാർ ആശുപത്രികളിൽ അത്യാധുനിക ചികിത്സ ഏതുസമയത്തും ലഭിക്കുമെന്ന ആരോഗ്യവകുപ്പിന്‍റെ അവകാശവാദങ്ങൾ ശരിയല്ലെന്നാണ് കൊല്ലം, പന്മന സ്വദേശി വേണുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് വ്യക്തമാകുന്നത്. ഓട്ടോ ഡ്രൈവറായ വേണുവിന് കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് നെഞ്ചുവേദനയുണ്ടായത്. ഗ്യാസിന്‍റെ പ്രശ്നമാണെന്ന് കരുതിയെങ്കിലും മാറാതെ വന്നതോടെ ശനിയാഴ്ച രാവിലെ ചവറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി. അവിടെ നിന്ന് കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് അയച്ചു.
ഇ.സി.ജിയിൽ ബുദ്ധിമുട്ട് കണ്ടതോടെ തിരുവനന്തപുരത്തോ, ആലപ്പുഴ മെഡിക്കൽ കോളജിലോ പോകണമെന്ന് ജില്ല ആശുപത്രിയിലെ ഡോക്ടർമാർ നിർദ്ദേശിച്ചു. ജില്ല ആശുപത്രികളിൽ ആൻജിയോ ഗ്രാമിന് സൗകര്യം ഉണ്ടെന്നാണ് ആരോഗ്യവകുപ്പ് ഇതുവരെയും വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ അത് ചെയ്തില്ല. വേദന അനുഭവപ്പെട്ടിരുന്ന വേണുവിനെ ഒടുവിൽ വൈകിട്ടോടെയാണ് ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചത്.
മെഡിക്കൽ കോളജിൽ എത്തി അഞ്ചുദിവസം കഴിഞ്ഞിട്ടും ശസ്ത്രക്രിയ നടത്തിയില്ലെന്നാണ് വേണു സുഹൃത്തിന് അയച്ച ശബ്ദസന്ദേശത്തിൽ പറഞ്ഞത്. ഇതാണ് ആരോഗ്യമേഖലയെ അപ്പാടെ പിടിച്ചുലച്ചത്. ബുധനാഴ്ച ഉച്ചക്ക് സുഹൃത്തിനു ശബ്ദസന്ദേശം അയച്ച വേണുവിന് വൈകീട്ട് 6.30 ഓടെ അസ്വസ്ഥതയുണ്ടായി രാത്രി 8.15ഓടെ മരണവും സംഭവിച്ചു. ജീവനക്കാർ നായയെ നോക്കുന്ന കണ്ണുകൊണ്ടുപോലും നോക്കുന്നില്ലെന്ന് ഉൾപ്പെടെ ഗുരുതര ആരോപണങ്ങളായിരുന്നു ശബ്ദസന്ദേശത്തിലുണ്ടായിരുന്നത്.
ക്രിയാറ്റിനിൻ അടക്കം കൂടുതലായിരുന്നതിനാൽ രോഗിക്ക് ആൻജിയോഗ്രാം ചെയ്യാൻ പറ്റുന്ന അവസ്ഥയായിരുന്നില്ലെന്നാണ് ആശുപത്രി സൂപ്രണ്ട് ഡോ. ജയചന്ദ്രനും കാർഡിയോളജി വിഭാഗം മേധാവിയും പറഞ്ഞത്. വേദന തുടങ്ങി 24 മണിക്കൂറിനുശേഷമാണ് തിരുവനന്തപുരം, മെഡിക്കൽകോളജിൽ എത്തുന്നതെന്നും അധികൃതർ പറയുന്നു. എന്തുചികിത്സ നൽകിയാലും ഹൃദയാഘാതത്തിന് 10 മുതൽ 20 ശതമാനം വരെ മരണം സംഭവിക്കാൻ സാധ്യതയുണ്ടെന്നും ന്യായീകരിക്കുന്നു. പ്രോട്ടോകോൾ അനുസരിച്ചുള്ള ചികിത്സ കൃത്യമായി നൽകിയെന്നാണ് അവകാശവാദം. വാദഗതികൾ ഓരോന്നും പുറത്തുവരുമ്പോഴും ചികിത്സകിട്ടേണ്ട സമയം വൈകി എന്നത് വസ്തുതയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

