ഓടിക്കൊണ്ടിരുന്ന വാൻ കത്തി; യാത്രക്കാർ സുരക്ഷിതർ
text_fieldsവട്ടിയൂർക്കാവ് കാഞ്ഞിരംപാറയിൽ ഇന്നലെ രാത്രിയിൽ
ഓടിക്കൊണ്ടിരുന്ന വാൻ കത്തിനശിച്ചപ്പോൾ
തിരുവനന്തപുരം: വട്ടിയൂർക്കാവ് കാഞ്ഞിരംപാറയിൽ ഓടിക്കൊണ്ടിരുന്ന വാൻ കത്തിനശിച്ചു; യാത്രക്കാർ സുരക്ഷിതർ. കരുത്തോട് ലെയിനിൽ നിഷാദിന്റെ ഉടമയിലുള്ള മാരുതി ഒമ്നി വാനിനാണ് രാത്രി ഒമ്പതരയോടെ ശിവോദയം ഹോസ്പിറ്റലിനു സമീപത്തുവെച്ച് തീപിടിച്ചത്. നിഷാദും ഭാര്യയും മകളും വീട്ടിൽ നിന്ന് വാനിൽ പുറത്തേക്ക് പോകുമ്പോഴായിരുന്നു അത്യാഹിതം. എൻജിൻ ഭാഗത്തുനിന്ന് പുക ഉയരുന്നതുകണ്ട് കുടുംബം വാൻ നിർത്തി പുറത്തിറങ്ങി.
സമീപത്തുനിന്ന് വെള്ളമൊഴിച്ച് പുക അണക്കാനുള്ള ശ്രമത്തിനിടെ വാൻ പൂർണമായും കത്തിനശിച്ചു. ഫയർ ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ബി.വി. ജയകുമാറിന്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ അഭിലാഷ് എസ്.എസ്, അനിൽകുമാർ പി, സനു എം.പി, രാഹുൽ ബി, ജസ്റ്റിൻ എസ്.ഇ എന്നിവരടങ്ങിയ സംഘം സന്ദർഭോചിതമായി പ്രവർത്തിച്ചതിനാൽ വലിയ അപകടം ഒഴിവായി. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് സൂചന.

