മന്ത്രിയെ ചോദ്യമുനയിൽ നിർത്തി കൂട്ടിക്കൂട്ടം
text_fieldsസംസ്ഥാന ശിശുക്ഷേമ സമിതി സംഘടിപ്പിച്ച അവധിക്കാല ക്ലാസിൽ തനിക്ക് തൊപ്പിയണിയിച്ച കുട്ടിക്ക് മന്ത്രി വി. ശിവൻകുട്ടി ഹസ്തദാനം നൽകുന്നു
തിരുവനന്തപുരം: കുരുന്നുകളുമായി സംവാദത്തിനെത്തിയ വിദ്യാഭ്യാസമന്ത്രി കുഞ്ഞുചോദ്യങ്ങൾക്ക് മുന്നിൽ കുടുങ്ങി. സിലബസിലെ അപാകതകളെകുറിച്ചും വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുമൊക്കെ ചോദ്യമുണ്ടായി.
അതിനൊക്കെ തൃപ്തികരമായ മറുപടി നൽകി മന്ത്രിയും ഒരുവേള കുഞ്ഞായി മാറി. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കിളിക്കൂട്ടം അവധിക്കാല ക്യാമ്പിൽ കുട്ടികളുമായി സംവദിക്കാൻ എത്തിയതായിരുന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
വെക്കേഷൻ കഴിഞ്ഞ് സ്കൂളിൽ പോകാൻ മടിയുള്ളവരുണ്ടോ എന്ന ചോദ്യത്തോടെയായിരുന്നു മന്ത്രി സംവാദത്തിന് തുടക്കമിട്ടത്. കുട്ടിക്കൂട്ടമൊന്നാകെ മറുപടി നൽകി 'ഇല്ല'. ഭാവിയിൽ ആരാകണമെന്ന ചോദ്യത്തിന് പതിവ് മറുപടി പലരിൽനിന്നും വന്നു. എന്നാൽ, ഒരു മറുചോദ്യത്തിനുമുന്നിൽ മന്ത്രി കുഴങ്ങി. ‘സർ മുഖ്യമന്ത്രിയാകുമോ’ എന്നായിരുന്നു ആ ചോദ്യം. ഒരിക്കലുമില്ലെന്ന് മന്ത്രി മറുപടി നൽകി.
‘ഇപ്പോഴത്തെ തെരഞ്ഞെടുപ്പിൽ ആരു ജയിക്കും’ അടുത്ത ചോദ്യം. ‘ജനാധിപത്യക്രമത്തിൽ കൂടുതൽ വോട്ട് കിട്ടുന്നവർ ജയിക്കും’ -മന്ത്രി. ‘കേന്ദ്രീയ വിദ്യാലയത്തിൽ ഹിന്ദി നിർബന്ധമായും സിലബസിൽ ഉൾപ്പെടുത്തിയിട്ട്, പുസ്തകത്തിൽ രാമന്റെയും രാവണന്റെയും കഥകൾ പഠിപ്പിക്കുന്നത് ശരിയാണോ?’ എന്ന കേന്ദ്രീയ വിദ്യാലയത്തിൽ നിന്നുള്ള കുട്ടിയുടെ ചോദ്യത്തിന് ‘ഏതു പഠിച്ചാലും കുഴപ്പമില്ല. അതിലെ ശരിയും തെറ്റും കുട്ടികൾക്ക് ബോധ്യപ്പെടണം’ എന്ന് മന്ത്രി മറുപടി നൽകി.
കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങളെ സംബന്ധിച്ച് അനേകം കത്തുകൾ ലഭിക്കുന്നുണ്ട്. അക്രമികൾക്കെതിരെ ദാക്ഷിണ്യവുമില്ലാത്ത നടപടി സ്വീകരിക്കും. ഈ അധ്യയന വർഷം സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ക്യാമ്പ് അംഗങ്ങൾക്ക് മിഠായിയും വിതരണം ചെയ്താണ് മന്ത്രി മടങ്ങിയത്.
പരിപാടിയിൽ സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി, ട്രഷറർ കെ. ജയപാൽ തുടങ്ങിയവർ പങ്കെടുത്തു. ക്യാമ്പ് മേയ് 25ന് അവസാനിക്കും.
സ്കൂൾ കെട്ടിടം വേണം; ഉറപ്പുനൽകി മന്ത്രി
‘സർ എന്റെ പേര് അൻഷിക, ആനാട് രാമപുരം ഗവ. സ്കൂളിൽ നാലാം ക്ലാസിൽ പഠിക്കുന്നു. പഴക്കമുള്ള ഓടുമേഞ്ഞ സ്കൂൾ കെട്ടിടം ചോരുന്നുണ്ട്. ഞങ്ങളുടെ സ്കൂളിന് പുതിയ കെട്ടിടം വേണം’. ഈ ആവശ്യം കുട്ടിക്കൂട്ടത്തിനിടയിൽ അൻഷിക പറയുമ്പോൾ ഒരു പരിഹാരം ഉടനുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല.
‘സ്കൂൾ കെട്ടിടം ഈ അവസ്ഥയിലാണെന്ന് എന്റെ ശ്രദ്ധയിൽപെട്ടില്ലല്ലോ, മോളുടെ സ്കൂളിന് പുതിയ കെട്ടിടം വേണ്ടേ?’ - മന്ത്രി ആരാഞ്ഞു. ‘വേണം, എന്തു ചെയ്യണമെന്ന് എനിക്കറിഞ്ഞുകൂടാ’ അൻഷികയുടെ നിഷ്കളങ്ക മറുപടി.
‘സ്കൂൾ അധികൃതരോട് ഒരു അപേക്ഷ തരാൻ പറ മോളെ, അടുത്ത മാസം പുതിയ കെട്ടിടത്തിന്റെ നിർമാണത്തിന് ഉത്തരവു നൽകാം ‘മന്ത്രിയുടെ ഉറപ്പ്... ഇതു കേട്ടതും അൻഷികയുടെ കണ്ണുകളിൽ തിളക്കമേറി.
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കിളിക്കൂട്ടം അവധിക്കാല ക്യാമ്പിലാണ് സ്കൂളിന് പുതിയ കെട്ടിടം എന്ന ആവശ്യം അൻഷിക ഉയർത്തിയതും മന്ത്രി ഉറപ്പ് നൽകിയതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

