വഴിയാത്രക്കാരായ യുവതികളെ കയറിപ്പിടിച്ചയാൾ അറസ്റ്റിൽ
text_fieldsരാജകുമാര്
ചൗഹാൻ
തിരുവനന്തപുരം: വഴിയാത്രക്കാരായ സ്ത്രീകളെ കടന്നുപിടിച്ച ഇതര സംസ്ഥാനക്കാരൻ അറസ്റ്റിൽ. അസം സ്വദേശി രാജകുമാര് ചൗഹാനെയാണ് (26) തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി എട്ടോടെ ആയുർവേദ കോളജിന് സമീപത്തുള്ള അന്നഭവൻ ഹോട്ടലിന് സമീപത്തായിരുന്നു സംഭവം. പി.എസ്.സി പരിശീലനം കഴിഞ്ഞ് നടന്നുവരികയായിരുന്ന യുവതിയുടെ ശരീരത്തിൽ ഇയാൾ കയറിപ്പിടിച്ചു.
എന്താണ് സംഭവിച്ചതെന്നറിയാതെ ഞെട്ടലോടെ നിന്ന യുവതി തിരിഞ്ഞുനോക്കുന്നതിനിടയിൽ പിന്നാലെയെത്തിയ മറ്റൊരു യുവതിയുടെ ദേഹത്തും ഇയാൾ അപമര്യാദയായി സ്പർശിച്ചു. തുടർന്ന് ഈ യുവതി ഇയാളെ മർദിച്ചു. ബഹളംകേട്ട് നാട്ടുകാർ ഓടിക്കൂടി കാര്യമന്വേഷിച്ചപ്പോഴാണ് ശരീരത്തിൽ കയറിപ്പിടിച്ച വിവരം ഇരുവരും പറയുന്നത്. തുടർന്ന് തമ്പാനൂർ എസ്.ഐ രഞ്ജിത്തിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം രാജകുമാറിനെ കസ്റ്റഡിയിലെടുക്കുകയും യുവതികളുടെ പരാതിൽ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.