പൊതുപ്രവർത്തകയെ ലൈംഗികമായി അധിക്ഷേപിച്ചയാൾ അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: സമൂഹിക മാധ്യമത്തിലൂടെ പൊതുപ്രവർത്തകയെ ലൈംഗികമായി അധിക്ഷേപിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഉരിയക്കോട് പോന്നെടുത്താകുഴി സ്നേഹാലയത്തിൽ അലക്സാണ്ടർ ബാലസിനെയാണ് (47) യുവതിയുടെ പരാതിയിൽ തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: സ്ത്രീധനത്തിന്റെ പേരിൽ അലക്സാണ്ടർ ഭാര്യയെ നിരന്തരം ഉപദ്രവിക്കുമായിരുന്നു. ഇതിനെത്തുടർന്ന് ഭാര്യ ഇയാൾക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോയി. ഇവർക്ക് ഇതിനുവേണ്ടി സഹായം നൽകിയത് പൊതുപ്രവർത്തകയായിരുന്നുവെന്ന് ആരോപിച്ചാണ് സമൂഹിക മാധ്യമങ്ങളിലൂടെ ഇവർക്കെതിരെ അലക്സാണ്ടർ ലൈംഗികാധിക്ഷേപം നടത്തിയത്.
പൊതുപ്രവർത്തകയുടെ പരാതിയിൽ കേസെടുത്ത പൊലീസ് വ്യാഴാഴ്ച ഇയാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയായിരുന്നു. ഇയാൾ നിരവധി പേരിൽനിന്ന് പണം തട്ടിപ്പ് നടത്തിയെന്ന പരാതികളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

