കെ.എസ്.ആർ.ടി.സി ഡ്രൈവറെ ബസ് സ്റ്റാൻഡിലെത്തി വളഞ്ഞിട്ട് മർദിച്ചു
text_fieldsമർദ്ദനമേറ്റ ഡ്രൈവർ
പോത്തൻകോട്: കൈകാണിച്ചപ്പോൾ സ്റ്റോപ്പിൽ ബസ് നിർത്താത്തതിൽ അരിശംപൂണ്ട മൂന്നംഗ സംഘം പിറകെ വന്ന മറ്റൊരു ബസിൽ കയറി ബസ്സ്റ്റാൻഡിലെത്തി കെ.എസ്.ആർ.ടി.സി െഡ്രെവറെ കണ്ടെത്തി വളഞ്ഞിട്ട് മർദിച്ചു. പരിക്കേറ്റ തിരുവനന്തപുരം കെ.എസ്.ആർ.ടി.സി വികാസ്ഭവൻ ഡിപ്പോയിലെ ഡ്രൈവർ കോഴിക്കോട് കക്കോടി സ്വദേശി ശശികുമാറിനെ (51) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആക്രമണത്തിൽ ഇയാളുടെ വലത് കൈക്ക് സാരമായി പരിക്കേറ്റു. ആക്രമണം നടത്തിയ മൂന്നംഗ അന്തർസംസ്ഥാന തൊഴിലാളികളെ പോത്തൻകോട് പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകീട്ട് 3.30 നായിരുന്നു സംഭവം. പോത്തൻകോടിന് സമീപം പ്ലാമൂട് ബസ് സ്റ്റോപ്പിന് സമീപം െവച്ചാണ് അന്തർസംസ്ഥാന തൊഴിലാളികൾ ബസിന് കൈ കാണിച്ചത്.
മദ്യലഹരിയിലായിരുന്ന പ്രതികൾ റോഡിന്റെ മധ്യഭാഗത്ത് കയറി ബസിന് കുറുകെ നിന്നാണ് കൈ കാണിച്ചത്. വേഗം കുറച്ച് വന്ന ബസിന്റെ പിറകിൽ ഇവർ ശക്തിയായി ഇടിക്കുകയും ചെയ്തതിനെ തുടർന്നാണ് ഡ്രൈവർ ബസ് നിർത്താതെ പോയി.
തുടർന്ന് പിറകെയെത്തിയ മറ്റൊരു കെ.എസ്.ആർ.ടി.സി ബസിൽ പോത്തൻകോട് കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിൽ എത്തിയ അന്തർസംസ്ഥാന തൊഴിലാളികൾ കൈ കാണിച്ചിട്ടും നിർത്താതെ പോയ ബസിലെ ഡ്രൈവറെ കണ്ടെത്തി മർദിക്കുകയായിരുന്നു. ബഹളം കേട്ട് തടിച്ചുകൂടിയ യാത്രക്കാരും കെ.എസ്.ആർ.ടി.സി ജീവനക്കാരും സംഭവശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ തടഞ്ഞുവെച്ച് പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പശ്ചിമ ബംഗാൾ സ്വദേശികളായ ഹൈദർ അലി (31), സമീർ ദാസ് (22) അസം സ്വദേശി മിഥുൻ ദാസ് (27) എന്നിവരാണ് പിടിയിലായത്. അറസ്റ്റിലായവർ മുമ്പും കേസുകളിൽ പ്രതികളായിരുന്നതായി പോത്തൻകോട് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

