ബൈക്കിലെത്തി വിദ്യാർഥിനികളെ കടന്നുപിടിച്ച സംഭവം; പ്രതി സമാന സംഭവങ്ങളിൽ ഉൾപ്പെട്ടയാൾ
text_fieldsതിരുവനന്തപുരം: കവടിയാർ പണ്ഡിറ്റ് കോളനിയിൽ സിവിൽ സർവിസ് കോച്ചിങ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വിദ്യാർഥിനികളെ ബൈക്കിലെത്തി കടന്നുപിടിച്ച കേസിലെ പ്രതി നഗരത്തിലെ വിവിധയിടങ്ങളിൽ സമാനമായ സംഭവങ്ങൾ നടത്തിയയാളെന്ന് സൂചന. കവടിയാറിൽ ഇയാളെത്തിയ ബൈക്ക് നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മ്യൂസിയം പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്.
2020 ൽ പേരൂർക്കട, മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ പരിധികളിൽ നടന്ന സമാനമായ കേസുകളിലും കവടിയാർ കേസിലും ഒരേ നമ്പർ ബൈക്കിലാണ് അക്രമി എത്തിയതെന്നാണ് പൊലീസ് കണ്ടെത്തിയത്.
ഇയാളുടെ പേരോ, മേൽവിലാസമോ തിരിച്ചറിയാൻ സാധിക്കുന്ന ദൃശ്യം പൊലീസിന് ലഭിച്ചിട്ടില്ല. ഇയാൾ നടത്തിയതെന്ന് സംശയിക്കുന്ന കുറ്റകൃത്യങ്ങളുടെ കൂടുതൽ സി.സി ടി.വി ദ്യശ്യങ്ങൾ പുറത്തുവന്നു. അതിന്റെ അടിസ്ഥാനത്തിൽ ഇയാളെ പിടികൂടാൻ പൊലീസ് ശ്രമം തുടങ്ങി.
അതേസമയം, നഗരത്തിൽ രണ്ടുവർഷത്തിലേറെയായി വ്യാജ നമ്പറിലുള്ള ബൈക്കിൽ കറങ്ങി സ്ഥിരമായി സ്ത്രീകൾക്കെതിരെ അതിക്രമം നടത്തുന്ന ആളെ പിടികൂടാൻ പൊലീസിന് കഴിയാത്തത് ഗുരുതര വീഴ്ചയാണെന്ന ആരോപണം ശക്തമായിട്ടുണ്ട്. നവംബർ 26ന് വൈകീട്ടാണ് കവടിയാറിൽ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വിദ്യാർഥിനികളെ ബൈക്കിലെത്തിയയാൾ കയറിപ്പിടിച്ചത്.
കെ.എൽ 01 സി.ബി 3928 എന്ന നമ്പറിലുള്ള ബൈക്കാണിതെന്ന് കണ്ടെത്തി. പരിശോധനയിൽ ഈ നമ്പർ വ്യാജമാണെന്ന് വ്യക്തമായി. തുടരന്വേഷണത്തിൽ മെഡിക്കൽ കോളജ്, പേരൂർക്കട കേസുകളിലെ പ്രതിയും ഇതേ നമ്പറിലെ ബൈക്കിലെത്തിയെന്ന് സ്ഥിരീകരിച്ചു.
ഇയാൾ 2020 മേയ് 21ന് പേരൂർക്കടയിൽ റോഡിലൂടെ നടന്നുവരുന്ന വിദ്യാർഥിനിയെ കയറിപ്പിടിക്കുന്ന ദൃശ്യങ്ങളും ഇതേവർഷം ഒക്ടോബറിൽ മെഡിക്കൽ കോളജ് സ്റ്റേഷൻ പരിധിയിൽ സ്ത്രീകളും കുട്ടികളും താമസിക്കുന്ന സ്ഥലത്ത് നഗ്നത പ്രദർശനം നടത്തിയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. രണ്ടു സംഭവങ്ങളിലും കേസെടുത്തിരുന്നു.
ലഭിച്ച ദൃശ്യങ്ങൾ വലുതാക്കി പ്രതിയുടെ മുഖം കൃത്യമായി ലഭിക്കുമോയെന്നറിയാനായി ഫോറൻസിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്. ഇങ്ങനെ മുഖം തിരിച്ചറിയാനും ഇതിലൂടെ പ്രതിയെ പിടികൂടാൻ സാധിക്കുമെന്നാണ് പൊലീസ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

