ഉന്നതർ ഇടപെട്ടു; അനധികൃത കൈയേറ്റം ഒഴിപ്പിക്കൽ അവസാന നിമിഷം മാറ്റി
text_fieldsതിരുവനന്തപുരം: നഗരത്തിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള തീരുമാനം അവസാന നിമിഷം മാറ്റി കേരള റോഡ് ഫണ്ട് ബോർഡ്. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി പുതുക്കിപ്പണിതതും നവീകരിച്ചതുമായ റോഡുകളിൽ ഫുട്പാത്ത് കൈയേറി സ്ഥാപിച്ച പെട്ടിക്കടകൾ ഉൾപ്പെടെയുള്ള കൈയേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള നീക്കമാണ് ഉന്നതതല നിർദ്ദേശത്തെ തുടർന്ന് അവസാന നിമിഷം മാറ്റിവെക്കേണ്ടി വന്നത്. മന്ത്രിതലത്തിൽ തന്നെ ഇടപെടൽ നടന്നതായാണ് പുറത്തുവരുന്ന വിവരം.
നിയമസഭാ സമ്മേളനം നടക്കുന്ന സമയത്ത് വിവാദങ്ങൾ ഉണ്ടാക്കേണ്ട എന്നാണത്രേ ഉദ്യോഗസ്ഥർക്ക് ലഭിച്ച നിർദ്ദേശം. ബുധനാഴ്ച രാവിലെ മുതൽ ഒഴിപ്പിക്കൽ നടപടികൾ ആരംഭിക്കുമെന്നായിരുന്നു ആദ്യം ലഭിച്ച അറിയിപ്പ്.
നന്ദാവനം എ.ആർ ക്യാമ്പ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്ന് കുടിയേറ്റങ്ങൾ ഒഴിപ്പിക്കാനായി കേരള റോഡ് ഫണ്ട് ബോർഡ് പൊലീസിന്റെയും കോർപറേഷന്റെയും സഹായവും തേടിയിരുന്നു. അതിനു പിന്നാലെയാണ് ബുധനാഴ്ച രാവിലെ നടപടി താത്കാലികമായി മതിയാക്കാൻ ഉന്നതതല നിർദ്ദേശം എത്തിയത്.
റോഡ് കൈയേറിയുള്ള അനധികൃത കച്ചവട സ്ഥാപനങ്ങൾ യാത്രാതടസം സൃഷ്ടിക്കുന്നുവെന്ന പരാതി ജനമൈത്രി യോഗങ്ങളിൽ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ സ്ഥിരമായി ഉന്നയിച്ചിരുന്നു.
പരാതി വ്യാപകമായതോടെ പൊലീസ് ഇക്കാര്യം റോഡ് ഫണ്ട് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്നാണ് റോഡുകളോട് ചേർന്ന് പുതുതായി നിർമിച്ച നടപ്പാതയിൽ അനധികൃതമായി സ്ഥാപിച്ച കടകൾ ഒഴിപ്പിക്കാൻ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

