കനകക്കുന്നിലെ നിർമിതികൾ പൊളിക്കുന്നത് ഹൈകോടതി തടഞ്ഞു
text_fieldsകൊച്ചി: തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരവളപ്പിലെ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി നിലവിലുള്ള നിർമിതികൾ പൊളിക്കുന്നതും മരങ്ങൾ മുറിക്കുന്നതും ഹൈകോടതി തടഞ്ഞു. നിർമാണ പ്രവർത്തനങ്ങൾ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റിക്കു നൽകിയതിന്റെ ഫയലുകൾ ഹാജരാക്കാൻ നിർദേശിച്ച ഡിവിഷൻ ബെഞ്ച്, ഹരജി 22നു വീണ്ടും പരിഗണിക്കാൻ മാറ്റി.
തിരുവനന്തപുരം വഴയില സ്വദേശി എസ്.ജെ. സഞ്ജീവ് ഉൾപ്പെടെ മൂന്നുപേർ നൽകിയ ഹരജി ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് പരിഗണിച്ചത്.
2.63 കോടിയുടെ നിർമാണ പ്രവർത്തനങ്ങൾ ടെൻഡറില്ലാതെയാണ് ഊരളുങ്കലിന് നൽകിയതെന്നും പൈതൃക സ്മരകങ്ങൾ സംരക്ഷിച്ചുള്ള നിർമാണ പ്രവർത്തനങ്ങളിൽ ഇവർക്ക് വൈദഗ്ധമില്ലെന്നും ഹരജിയിൽ ആരോപിക്കുന്നു. നിർമാണത്തിന് ടൂറിസം വകുപ്പ് മേൽനോട്ടം വഹിക്കുന്നില്ലെന്നും ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ടൂറിസം വകുപ്പ് ഡയറക്ടർക്ക് നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും ഹരജിയിൽ പറയുന്നു.
കനകക്കുന്ന് കൊട്ടാരത്തിലെ രാത്രി ടൂറിസം പ്രോത്സാഹിപ്പിക്കാൻ ടൂറിസം വകുപ്പാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്. കൊട്ടാരത്തിലേക്കുള്ള വഴിയിലെ പഴയകാല കൈവരികളും പുൽത്തകിടിയും നശിപ്പിച്ചെന്നും മരങ്ങളും മുളങ്കാടുകളും വെട്ടിമാറ്റിയെന്നും പൈതൃകസ്മാരകത്തിന്റെ മുൻവശത്തു നൂറുകണക്കിന് ആണികളടിച്ചാണ് എൽ.ഇ.ഡി ബൾബുകൾ സ്ഥാപിച്ചിട്ടുള്ളതെന്നും ഹരജിയിൽ പറയുന്നു. പൈതൃക സ്മാരകങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ പാടില്ലെന്ന് ഉത്തരവുണ്ടെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

