ലോഡ്ജിൽ അതിക്രമിച്ചു കയറി പണം തട്ടിയ സംഘം അറസ്റ്റിൽ
text_fieldsപ്രഫുൽരാജ്, സുരാജ്
പേരൂർക്കട: ലോഡ്ജിനുള്ളിൽ അതിക്രമിച്ചു കയറി പണം തട്ടിയ സംഘത്തെ പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്തു. പേരൂർക്കട സ്വദേശികളായ പ്രഫുൽരാജ് (41), സുരാജ് (24) എന്നിവരാണ് അറസ്റ്റിലായത്. ആഗസ്റ്റ് 31ന് വെളുപ്പിനായിരുന്നു സംഭവം. ഇതരസംസ്ഥാനത്തുനിന്നു വന്നു ഊളമ്പാറയിലെ ഒരു ലോഡ്ജിൽ താമസിച്ചു വരുകയായിരുന്ന ജോൺ ബി. കുര്യനാണ് ആക്രമണത്തിന് ഇരയായത്.
ആക്രമിച്ചു പരിക്കേൽപ്പിക്കുകയും ഇയാളുടെ കൈവശം ഉണ്ടായിരുന്ന 5000 രൂപ കവർച്ച ചെയ്യുകയും ആയിരുന്നു. പിടിവലി നടക്കുന്നതിനിടെ മറ്റുള്ളവർ വിവരം അറിഞ്ഞെങ്കിലും അവർക്ക് എന്തെങ്കിലും ചെയ്യാൻ സാധിക്കുന്നതിന് മുമ്പ് മോഷ്ടാക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു. മണിക്കൂറുകൾക്കകം ഊളമ്പാറ ഭാഗത്തുനിന്നുതന്നെ പ്രതികൾ പിടിയിലാകുകയായിരുന്നു.
മൊബൈൽ ടവർ ലൊക്കേഷനുകളും സി.സി ടി.വി ദൃശ്യങ്ങളും ഇക്കാര്യത്തിൽ പൊലീസിന് സഹായകരമായി. സി.ഐ സൈജുനാഥ്, എസ്.ഐ സന്ദീപ്, സി.പി.ഒമാരായ പ്രശാന്ത്, അനു, ശിവരാജ്, അനിൽ, സനൽ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. കസ്റ്റഡിയിലെടുത്ത രണ്ടംഗ സംഘത്തെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

