ചരിത്രത്തില്‍ കേരളത്തിലെ ആദ്യ വാനനിരീക്ഷണ കേന്ദ്രം അഗസ്ത്യമലയിലെന്ന്
text_fieldsപേരൂര്‍ക്കട: രാജ്യം സ്വാതന്ത്ര്യം നേടും മുമ്പ് കേരളത്തിലെ ആദ്യ വാനനിരീക്ഷണ കേന്ദ്രം അഗസ്ത്യ മലയിലും തിരുവനന്തപുരത്തും സ്ഥാപിച്ചതായി രേഖകൾ. അഗസ്ത്യ മലയിലെ നിബിഢ വനങ്ങളുടെ നെറുകയില്‍ വാനനിരീക്ഷണ കേന്ദ്രം സ്ഥാപിച്ചത് 1862ല്‍ സ്കോട്ട്ലാൻഡുകാരനായ ജോണ്‍ ബ്രൗണ്‍ ആയിരുന്നു. സമുദ്രനിരപ്പില്‍നിന്ന് 3600 അടി ഉയരത്തിലുളള അഗസ്ത്യമുനി മേടിനുസമീപമായിരുന്നു കേന്ദ്രം സ്ഥാപിക്കപ്പെട്ടത്.
ബ്രിട്ടീഷുകാര്‍ക്ക് ശ്രീലങ്കന്‍ കടലിലൂടെ സഞ്ചരിക്കുന്ന യുദ്ധകപ്പലുകളും ചരക്കുനീക്കങ്ങളും മറ്റും നിരീക്ഷിക്കാനും ഇവ പ്രയോജനപ്പെടുത്തിയിരുന്നു. അക്കാലങ്ങളില്‍ ഹിംസ്രജന്തുക്കളും വിഷപ്പാമ്പുകളും സ്വതന്ത്രവിഹാരം നടത്തിയിരുന്ന അഗസ്ത്യമല നെറുകയിലേക്ക് കാട്ടുപാതകള്‍ പോലും ഉണ്ടായിരുന്നില്ല.
നാഗര്‍കോവിലിലെ താമ്രപര്‍ണി നദി കടന്ന് കുതിരപ്പുറത്ത് കാട്ടിലൂടെ സഞ്ചരിച്ചാണ് വാനനിരീക്ഷകര്‍ മല കയറിയിരുന്നത്. തന്ത്ര പ്രധാന സ്ഥലമായിരുന്നതിനാല്‍ അഗസ്ത്യമലയിലേക്ക് താമ്രപര്‍ണി നദിയില്‍നിന്ന് കരിങ്കല്ല് പതിച്ച പാത ബ്രിട്ടീഷുകാര്‍ സ്ഥാപിച്ചു. ഇതുവഴിയാണ് കുതിര സവാരി നടത്തിയിരുന്നത്. വന്യമൃഗങ്ങളില്‍നിന്ന് രക്ഷനേടാന്‍ തോക്കേന്തിയ കാവൽക്കാർ മുന്നിലും പിന്നിലും ഉണ്ടായിരുന്നു. തുടര്‍ന്ന് 1865ല്‍ തിരുവനന്തപുരത്തും വാനനിരീക്ഷണ കേന്ദ്രം ബ്രിട്ടീഷുകാര്‍ സ്ഥാപിച്ചു.
പുലിവിഴുന്നാന് ചൊന, കൂരന്‍ ചാടിയ കടവ്, ഏഴുമടക്കന്‍ തേരി, കൊട്ടാരം വെച്ച പാറ, പാണ്ഡി മൊട്ട, അതിരുമല, കറുപ്പസ്വാമി കുന്ന് തുടങ്ങിയ ദുര്‍ഘട പ്രദേശങ്ങള്‍ കടന്നുവേണം അഗസ്ത്യമലയിലെ വാനനിരീക്ഷണ കേന്ദ്രത്തിലെത്താന്‍ കഴിയൂവെന്ന് ചരിത്രകുതുകിയും മാജിക്കല്‍ റിയലിസം നോവലിസ്റ്റുമായ പി.എം. മണി വെളിപ്പെടുത്തി. അഗസ്ത്യ മലയിലെ ഏഴിലം പൊറ്റയിലാണ് അഗസ്ത്യ മുനിയുടെ പ്രതിഷ്ഠ. ഇവിടെനിന്ന് നൂറുമീറ്റര്‍ മാറി മൊട്ടക്കുന്നിലായിരുന്നു വാനനിരീക്ഷണ കേന്ദ്രം സ്ഥാപിച്ചിരുന്നത്. ഈ കാലഘട്ടത്തില്‍ തന്നെ അഗസ്ത്യമലയിലെ 5000 ഹെക്ടര്‍ സ്ഥലത്ത് ബ്രിട്ടീഷുകാര്‍ തേയില കൃഷിയും ആരംഭിച്ചിരുന്നു. ഇന്നും ഈ ഭാഗങ്ങളില്‍ കൂറ്റന്‍ തേയില മരങ്ങളുണ്ട്. ആദിവാസികള്‍ തേയിലയുടെ ഇലകള്‍ പറിച്ചെടുത്ത് ചായ തയാറാക്കി കഴിക്കുന്ന പതിവ് ഇന്നും ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

