തെറ്റായ പ്രവണതകൾ തടയാനാകുന്നില്ല; സി.പി.എം സംസ്ഥാന സമിതിയിൽ ജില്ല നേതൃത്വത്തിന് രൂക്ഷവിമർശനം
text_fieldsതിരുവനന്തപുരം: വിദ്യാർഥി, യുവജനസംഘടനകളിലുൾപ്പെടെ ഉയരുന്ന തെറ്റായ പ്രവണതകൾ തടയുന്നതിലും നിയന്ത്രിക്കുന്നതിലും തിരുവനന്തപുരം ജില്ല കമ്മിറ്റി അമ്പേ പരാജയപ്പെട്ടെന്ന് സി.പി.എം സംസ്ഥാന സമിതി യോഗത്തിൽ വിമർശനം. പാർട്ടിക്കും പോഷക സംഘടനകൾക്കും നാണക്കേടുണ്ടാക്കുന്ന നിരവധി സംഭവങ്ങൾ തലസ്ഥാന ജില്ലയിൽ തുടരുമ്പോഴും ജില്ല നേതൃത്വം കാര്യമായി ഇടപെടുന്നില്ലെന്ന വിമർശനമുയർന്നു.
എസ്.എഫ്.ഐ ജില്ല കമ്മിറ്റിയുമായി ബന്ധപ്പെട്ട് ഉയർന്ന ആക്ഷേപങ്ങൾ ഗൗരവമുള്ളതാണ്. ഡി.വൈ.എഫ്.ഐയുടെ പല ഘടകങ്ങളുമായും ബന്ധപ്പെട്ട് ഫണ്ട് തട്ടിപ്പ്, മദ്യപാനം, ലഹരി വസ്തു ഉപയോഗം തുടങ്ങി നിരവധി പരാതികൾ ഉയരുന്നുണ്ട്. എന്നാൽ, സി.പി.എം ജില്ല നേതൃത്വം ഈ വിഷയങ്ങൾ ഗൗരവമായെടുത്ത് നടപടികൾ സ്വീകരിക്കാത്തതാണ് പൊതുജനങ്ങൾക്കിടയിൽ പാർട്ടിയെ നാണംകെടുത്തുന്ന നിലയിലേക്കെത്തിച്ചത്.
സി.പി.എം ജില്ല സെക്രട്ടറി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി 10 മാസത്തിലധികം ആയിട്ടും പകരം സെക്രട്ടറിയെ കണ്ടെത്താനാകാത്തത് പ്രവർത്തനത്തെ സാരമായി ബാധിച്ചെന്ന ആക്ഷേപവുമുണ്ടായി. മേയറുടെ കത്ത് വിവാദവും നാണക്കേടുണ്ടാക്കി. തെറ്റ് തിരുത്തൽ നടപടികൾ വേണമെന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തിൽ ജനുവരി ഏഴ്, എട്ട് തീയതികളിൽ ജില്ല കമ്മിറ്റി യോഗം ചേരാനും തീരുമാനിച്ചു.
എസ്.എഫ്.ഐ ജില്ല കമ്മിറ്റിയുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ ആഴ്ചകൾക്ക് മുമ്പ് എം.വി. ഗോവിന്ദന്റെ അധ്യക്ഷതയിൽ ചർച്ച ചെയ്തിരുന്നു. ജില്ല കമ്മിറ്റി പിരിച്ചുവിടാൻ നിർദേശമുണ്ടായെങ്കിലും തുടർനടപടികൾ സ്വീകരിച്ചില്ലെന്ന ആക്ഷേപവുമുണ്ട്. ഡി.വൈ.എഫ്.ഐ നേതാക്കൾ ബാറിൽ കയറി മദ്യപിച്ച സംഭവം ശ്രദ്ധയിൽപ്പെട്ടെങ്കിലും ഒതുക്കിത്തീർക്കാൻ ശ്രമം നടന്നു. വിഡിയോ പുറത്തുവന്ന സാഹചര്യത്തിലാണ് രണ്ടുപേരെ പുറത്താക്കിയത്.
കോവിഡ് ബാധിച്ച പ്രവർത്തകയുടെ കുടുംബത്തിന് വീട് വെച്ചുനൽകാൻ പിരിച്ച ഫണ്ടിൽനിന്ന് പണം തട്ടിയതും പി. ബിജുവിന്റെ പേരിലുള്ള ആംബുലൻസ് സർവിസിലെ തട്ടിപ്പുമെല്ലാം നാണക്കേടുണ്ടാക്കിയെന്ന വിലയിരുത്തലുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

