വെന്നിച്ചിറ നീന്തൽകുളം നിർമാണം ഒടുവിൽ 'കുള'മായി
text_fieldsപാതിവഴിയിൽ നിലച്ച സ്വപ്നപദ്ധതികൾ -2
ഭാവിയുടെ വാഗ്ദാനങ്ങളായ യുവതലമുറയെയും കുട്ടികളെയും കായികക്ഷമതയുള്ളവരായി വളർത്തിയെടുക്കേണ്ടത് അതത് ഭരണസംവിധാനങ്ങളുടെ പ്രധാന ചുമതലകളിലൊന്നാണ്. ഇതിനായി മികച്ച കളിസ്ഥലങ്ങളും നീന്തൽകുളങ്ങളും ഗ്രാമങ്ങളിൽ പോലും അനിവാര്യമാണ്.
തികഞ്ഞ അവധാനതയോടെ പലയിടത്തും ഇത്തരം പദ്ധതികൾ ആസൂത്രണംചെയ്ത് പൂർത്തിയാക്കുമ്പോൾ, കിളിമാനൂരിൽ ഒരു കോടി രൂപ ചെലവിട്ട് നിർമാണം തുടങ്ങി ഒടുവിൽ 'കുളമായി' മാറിയ ഒരു നീന്തൽകുളമുണ്ട്; കിളിമാനൂർ പഞ്ചായത്തിലെ പോങ്ങനാട് വെന്നിച്ചിറ നീന്തൽ പരിശീലന കേന്ദ്രം.
കിളിമാനൂർ-പള്ളിക്കൽ റോഡിൽ പോങ്ങനാട് ടൗണിനോട് ചേർന്നാണ് നാവായ്ക്കുളം ജില്ല ഡിവിഷനിൽ ഉൾപ്പെട്ട ഒന്നര ഏക്കറോളം വിസ്തൃതിയുള്ളതാണ് വെന്നിച്ചിറകുളം. പ്രദേശവാസിയും റിട്ട. ഹെഡ്മാസ്റ്ററുമായ ബേബി ഹരീന്ദ്രദാസ് നേതൃത്വം കൊടുത്ത് 2017ൽ ഷാർക്ക് അക്വാട്ടിക് ക്ലബ് എന്ന പേരിൽ സംഘടന രൂപവത്കരിച്ച് ഇവിടെ കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകിവന്നു.
ഇവരിൽ പലരും സംസ്ഥാന തലത്തിൽ വരെ ചാമ്പ്യൻമാരാകുകയും ചെയ്തു. പലർക്കും സൈനികമേഖലയിലടക്കം ജോലിയും കിട്ടി. ക്ലബ് ഭാരവാഹികളുടെയും നാട്ടുകാരുടെയും നിരന്തര പരിശ്രമത്തിലൂടെ നീന്തൽ പരിശീലനകേന്ദ്രം തുടങ്ങാൻ ജില്ല പഞ്ചായത്ത് തീരുമാനിച്ചു.
ഇതിനായി 2019ൽ ഒരുകോടി രൂപ അനുവദിച്ചു. 109/19, 855/21, 1138/22 പ്രോജക്ട് നമ്പറുകളിലായി മൂന്ന് ഘട്ടമായി നിർമാണം നടത്താൻ ടെൻഡർ നടപടികളും പൂർത്തിയാക്കി അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയറെ ചുമതലപ്പെടുത്തി.
ഇതിനായി ജില്ല പഞ്ചായത്ത് വികസനഫണ്ടിൽനിന്നും 75 ലക്ഷവും തനത് ഫണ്ടിൽനിന്നും 25 ലക്ഷവും നീക്കിവെച്ചു. 2019 ജൂലൈ 19ന് ആരംഭിച്ച നിർമാണ പ്രവർത്തനം എട്ട് മാസം കൊണ്ട് പൂർത്തീകരിക്കണമെന്നായിരുന്നു കരാർ. കുളത്തിന്‍റെ ഒരുഭാഗത്തായി സ്വിമ്മിങ് പൂൾ, വാട്ടർ കളക്ഷൻ ടാങ്ക്, നീന്തൽകുളത്തിലേക്ക് അനുബന്ധ റോഡ്, റെസ്റ്റ് റൂം, അക്സസറി കെട്ടിടം എന്നിവയാണ് നിർമിക്കാൻ തീരുമാനിച്ചത്.
പ്രാരംഭനടപടികൾ ആരംഭിച്ചെങ്കിലും മഴകാരണം മാസങ്ങളോളം നിർമാണം നിലച്ചു. ഒടുവിൽ ഫില്ലറുകൾക്കായി കുഴിച്ചിട്ട കമ്പി തുരുമ്പെടുത്ത് നശിക്കുന്ന ഘട്ടമെത്തിയപ്പോൾ നാട്ടുകാരും ക്ലബ് ഭാരവാഹികളും സമരവുമായി രംഗത്തെത്തി.
വീണ്ടും നിർമാണ പ്രവർത്തികൾക്ക് പതുക്കെ പതുക്കെ ജീവൻവെച്ചു. എന്നാൽ മാസങ്ങൾ കഴിഞ്ഞപ്പോൾ വീണ്ടും നിർമാണ പ്രവൃത്തികൾ നിലച്ചു.
നിർമാണം ആരംഭിച്ച് രണ്ട് വർഷം കഴിയുമ്പോൾ നിലവിൽ ആകെ നടന്നത് സ്വിമ്മിങ് പൂളിന്‍റെ റഫ് സ്ട്രെക്ച്ചർ മാത്രമാണ്. ഇതിനകം ആകെ തുകയുടെ 80 ശതമാനത്തോളം ചെലവിട്ടു. അനുബന്ധ പണികളും റെസ്റ്റ് റൂം, അക്സസറി കെട്ടിടനിർമാണം, റോഡ്, മറ്റ് ഫിനിഷിങ് ജോലികളും ബാക്കിയാണ്. നിലവിൽ നീന്തൽകുള നിർമാണം ഉപേക്ഷിച്ചതായാണ് അന്വേഷണത്തിൽ അറിയുന്നത്.
ഓഡിറ്റ് പരിശോധനയിൽ കണ്ടെത്തിയത് ഗുരുതര വീഴ്ചകൾ
ജില്ല പഞ്ചായത്ത് ഉദ്യോഗസ്ഥരുമായി കഴിഞ്ഞമാസം ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിൽ ഗുരുതര വീഴ്ചകളാണ് കണ്ടെത്തിയത്. മൂന്ന് ബില്ലുകളിലായി ഇതിനകം 79,42,696 രൂപ ചെലവിട്ടു. എന്നാൽ നിർമാണത്തിന്‍റെ ഒന്നാംഘട്ടം പോലും പൂർത്തിയായില്ല.
നിർമാണത്തിന്‍റെ ആദ്യഘട്ടത്തിൽവേണ്ട വിധത്തിൽ മണ്ണിന്‍റെ ഘടന വിശദമായി പരിശോധന നടത്തിയിട്ടില്ലെന്നും ഇത് ഗുരുതരമായ വീഴ്ചയാണെന്നും ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. സമഗ്ര പരിശോധന നടത്തി യാഥാർഥ്യബോധത്തോടെ എസ്റ്റിമേറ്റ് തയാറാക്കിയിരുന്നെങ്കിൽ ഇതിനകം നിർമാണം പൂർത്തീകരിക്കാ മായിരുന്നെന്നും റിപ്പോർട്ടിലുണ്ട്.
നേരത്തെ രണ്ട് ഘട്ടങ്ങളിൽ ടെൻഡർ തുകയിൽ മാറ്റംവരുത്താതെ എസ്റ്റിമേറ്റ് ഭേദഗതി വരുത്തിയിട്ടുണ്ട്. ആദ്യ എസ്റ്റിമേറ്റിലെ പല ഭാഗങ്ങളും ഒഴിവാക്കുകയും ചെയ്തു. എന്നിട്ടും നിർമാണം യഥാസമയം പൂർത്തിയാക്കാത്തത് ഗുരുതര വീഴ്ചയാണ്.
ഓഡിറ്റ് റിപ്പോർട്ട് കഴിഞ്ഞ ദിവസം ജില്ല പഞ്ചായത്ത് കമ്മിറ്റിയിൽ സമർപ്പിച്ചിരുന്നു. സ്വിമ്മിങ് പൂൾ നിർമാണം നിർത്തിവെച്ച വിഷയത്തിൽ കിളിമാനൂർ ജില്ല ഡിവിഷൻ മെംബർ ജി.ജി. ഗിരികൃഷ്ണൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.
മുന്നൊരുക്കമില്ലാതെ തുടങ്ങിയ നിർമാണത്തിലൂടെ വെന്നിച്ചിറ കുളത്തിലെ വെള്ളത്തിൽ കലങ്ങിയത് ജനങ്ങളിൽനിന്നും നികുതിയായി പിരിച്ചെടുത്ത ഒരുകോടി രൂപയാണ്. ഇവിടംകൊണ്ടും തീരുന്നില്ല കെടുകാര്യസ്തതയുടെ കാഴ്ചകൾ. ഭവനരഹിതരായ കുടുംബങ്ങൾക്ക് പഴയകുന്നുമ്മൽ പഞ്ചായത്തിൽ നിർമിച്ച ലൈഫ് ഭവനപദ്ധതിയുടെ 'ലൈഫിനും' താഴുവീണു. അതേക്കുറിച്ച് നാളെ...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.