സിറ്റി ക്ലീനാകും, ക്ലിയറൻസ് പൊലീസ് തരും; ഓൺലൈൻ ഓട്ടോ, ടാക്സികൾക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്
text_fieldsതിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ ഓൺലൈൻ ഓട്ടോറിക്ഷ, ടാക്സി സർവിസുകൾക്കായി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഏർപ്പെടുത്തി. രാത്രികാലങ്ങളിലടക്കം നഗരത്തിൽ സർവിസ് നടത്തുന്ന ഡ്രൈവർമാരിൽ കുറ്റവാളികളുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സിറ്റി പൊലീസ് തീരുമാനം. ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ സർവിസ് നടത്താൻ അനുവദിക്കില്ലെന്ന് സിറ്റി പൊലീസ് കമീഷണർ ഡോ. അരുൾ ആർ.ബി. കൃഷ്ണ അറിയിച്ചു.
രാത്രികാലങ്ങളിൽ സർവിസ് നടത്തുന്ന ഓൺലൈൻ ടാക്സി, ഓട്ടോ, ടൂ വീലർ ഡ്രൈവർ/ റൈഡർമാരും പൊലീസ് ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ നോൺ ഇൻവോൾവ്മെന്റ് ഇൻ ഒഫൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ബാധ്യസ്ഥരാണെന്ന് പൊലീസ് അറിയിച്ചു. പൊലീസിന്റെ മൊബൈൽ ആപ്പ് ആയ പോൾ അപ്പ് വഴി ഇതിനുള്ള അപേക്ഷ നൽകാം. അപേക്ഷ പൊലീസ് പരിശോധിച്ച് സർട്ടിഫിക്കറ്റ് അനുവദിക്കും.
നഗരത്തിൽ ഊബർ, റാപിഡോ തുടങ്ങി നിരവധി ഓൺലൈൻ ടാക്സി സർവിസുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവരുടെ ഭാഗമായി ബൈക്ക്, ഓട്ടോറിക്ഷ, കാർ തുടങ്ങിയ സേവനങ്ങളാണ് യാത്രക്കാർക്ക് ലഭ്യമാകുന്നത്. എന്നാൽ പല തരത്തിലുള്ള ആക്ഷേപങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് പൊലീസിന്റെ നടപടി. സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
കഴിഞ്ഞയാഴ്ച നഗരത്തിലെ പ്രമുഖ സൂപ്പർമാർക്കറ്റിൽനിന്ന് ഓൺലൈൻ ഓട്ടോയിൽ കയറിയ പെൺകുട്ടിയോട് ഡ്രൈവർ മോശമായി പെരുമാറാൻ ശ്രമിച്ച സംഭവത്തെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ക്രിമിനൽ പട്ടികയിലുള്ളവരും ഡ്രൈവർമാരായി രാത്രികാലങ്ങളിൽ നഗരത്തിൽ ജോലി ചെയ്യുന്നത് മനസ്സിലായത്. ഇതോടെയാണ് നിയന്ത്രണം കർശനമാക്കാൻ പൊലീസ് തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

