നഗരം നിറഞ്ഞ് ഭക്ത പ്രവാഹം
text_fieldsആറ്റുകാൽ പൊങ്കാല കഴിഞ്ഞ് തമ്പാനൂരിൽ നിന്നും മടങ്ങുന്ന ഭക്തർ
തിരുവനന്തപുരം: സ്ത്രീ ഭക്തരുടെ ഐക്യപെടലായിരുന്നു ചൊവ്വാഴ്ച നഗരം കണ്ടത്. വിവിധ ഇടങ്ങളിൽ നിന്നെത്തിയവർ, ഒരിക്കലും കണ്ടിട്ടും കേട്ടിട്ടുമില്ലാത്തവർ ഒത്തൊരുമിച്ച് ദേവീ സ്തുതികളോടെ പൊങ്കാല നേദിച്ചു. ഒരുമനസ്സോടെ ചടങ്ങുകൾ നിർവഹിച്ചോടെ നഗരം ഭക്തിസാന്ദ്രമായി.
തിങ്കളാഴ്ച രാവിലെ മുതൽ ആറ്റുകാലമ്മക്ക് നിവേദ്യമർപ്പിക്കാനായി ഭക്തർ അനന്തപുരിയിലേക്ക് ഒഴുകുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ടോടെ നഗരം സ്ത്രീകളുടെ സംഗമ ഭൂമിയായി. തലസ്ഥാന നഗരിയിലെങ്ങും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. സംസ്ഥാനത്തെ വിവിധ കോണുകളിൽനിന്നും മറ്റ് സംസ്ഥാനങ്ങളിൽനിന്നും ആറ്റുകാൽ ദേവിക്ക് പൊങ്കാല അർപ്പിക്കാൻ ഭക്തർ എത്തി. നഗരത്തിലെ വിവിധ ഇടങ്ങളിലായി ഭക്തർ പൊങ്കാല അർപ്പിക്കാനായി അണിനിരന്നു. നഗരവഴികളിലെല്ലാം പൊങ്കാല അടുപ്പുകൾകൂട്ടി അവർ ദേവിക്കായി ആത്മസമർപ്പണത്തിനൊരുങ്ങി.
ക്ഷേത്രത്തിന് 10 കിലോമീറ്ററോളം ചുറ്റളവിലുള്ള എല്ലാവഴികളിലും അടുപ്പുകൾ നിറഞ്ഞു. കണ്ണകീചരിതത്തിൽ പാണ്ഡ്യ രാജാവിന്റെ വധം നടത്തുന്ന ഭാഗം തോറ്റംപാട്ടുകാർ പാടിക്കഴിഞ്ഞതോടെയാണ് പൊങ്കാല ചടങ്ങുകൾ തുടങ്ങിയത്. ആറ്റുകാലിൽ പൊങ്കാല ഇട്ടു പ്രാർഥിച്ചാൽ ആഗ്രഹ സാഫല്യം ഉണ്ടാകുമെന്നും, ആപത്തുകളിൽ ആറ്റുകാലമ്മ തുണയായി ഉണ്ടാകുമെന്നും, ഒടുവിൽ ഭഗവതിയിൽ മോക്ഷം പ്രാപിക്കുമെന്നുമാണ് ഭക്തരുടെ വിശ്വാസം. പഴയ കാലത്ത് നാടിന്റെ കാർഷിക ഉത്സവം കൂടിയായിരുന്നു പൊങ്കാല.
പൊങ്കാല അടുപ്പിന് സമീപം തൂശനിലയിൽ അവിൽ, മലർ, വെറ്റില, പാക്ക്, പഴം, പൂവ്, ചന്ദനത്തിരി, നിലവിളക്ക്, നിറനാഴി, കിണ്ടിയിൽ വെള്ളം എന്നിവ വച്ചുകൊണ്ടാണ് ഓരോരുത്തരും ചടങ്ങുകൾ തുടങ്ങിയത്. പുതിയ മൺകലങ്ങളിലും ഓട്ടു പാത്രങ്ങളിലും സ്റ്റീൽ അലുമിനിയം പാത്രങ്ങളിലുമായാണ് പൊങ്കാലയും അനുബന്ധ വിഭവങ്ങളും തയാറാക്കിയത്. പൊങ്കാലക്കെത്തിയവർക്കായി നഗരത്തിൽ മിക്കയിടത്തും സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ അന്നദാനം, കുടിവെള്ള വിതരണം എന്നിവ നടന്നു. നഗരത്തിലെ ഇതര മത ആരാധന കേന്ദ്രങ്ങളിലും പൊങ്കാലക്ക് എത്തിയവർക്കായി സൗകര്യങ്ങൾ ഒരുക്കിയിരുന്നു. ജില്ലയിൽ ചൊവ്വാഴ്ച പൊതു അവധിയായിരുന്നു. പൊങ്കാലക്ക് എത്തുന്നവർ ഹരിത പ്രോട്ടോകോൾ പാലിക്കണമെന്ന നിർദേശം ഉണ്ടായിരുന്നതിനാൽ പൊങ്കാല നടന്നയിടങ്ങളിൽ പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ നാമമാത്രമായിരുന്നു. ക്ഷേത്ര തന്ത്രി പരമേശ്വരൻ ഭട്ടതിരിപ്പാട്, മേൽശാന്തി അനീഷ് നമ്പൂതിരി എന്നിവരാണ് ക്ഷേത്ര ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചത്.
പൊങ്കാലയിടാൻ പ്രമുഖരുടെ നിര
തിരുവനന്തപുരം: പൊങ്കാലയർപ്പിക്കൻ ഇക്കുറിയും പ്രമുഖരുടെ വലിയ നിര. കടുത്ത ചൂടിനെ അവഗണിച്ച് പതിവുപോലെ സിനിമ-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖ വനിതകൾ നിരത്തിലിറങ്ങി. ലോക്ഭവന് മുന്നിൽ പ്രത്യേകം സജ്ജമാക്കിയ പന്തലിൽ ഗവർണർ രാജേന്ദ്ര ആർലേക്കറുടെ പത്നി അനഘ അർലേക്കർ പൊങ്കാല സമർപ്പിച്ചു.
ഗവർണറും ചടങ്ങുകളിൽ പങ്കുചേർന്നു. ആറ്റുകാൽ പൊങ്കാല ജാതിമത ഭേദമന്യേ എല്ലാവരും ഒന്നിക്കാനുള്ള അവസരമാണെന്ന് ഗവർണർ പറഞ്ഞു.
കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി കന്നി പൊങ്കാലയർപ്പിക്കാൻ അടുപ്പുകൂട്ടിയത് കോൺഗ്രസ് നേതാവ് മണക്കാട് സുരേഷിന്റെ വീടിന് സമീപമാണ്. ലോകസമാധാനത്തിനും യു.ഡി.എഫിന്റെ തിരിച്ചുവരവിനുമായാണ് പൊങ്കാല സമർപ്പണമെന്ന് അവർ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ മകൾ ഉണ്ണിമായ കന്റോൺമെന്റ് ഹൗസിന് മുന്നിൽ പൊങ്കാലയിട്ടു. ഡോ. ദിവ്യ എസ്. അയ്യർ ശാസ്തമംഗലത്തെ വീട്ടുറ്റത്താണ് പൊങ്കാല സമർപ്പിച്ചത്.
സിനിമ നടി ചിപ്പി ആറ്റുകാൽ ദേവിക്ക് പൊങ്കാല അർപ്പിക്കുന്നു,കേന്ദ്രമന്ത്രി ശോഭ കരന്തലജെ മാരാർജി ഭവന് മുന്നിൽ പൊങ്കാല അർപ്പിക്കുന്നു
മുഖ്യമന്ത്രിയുടെ ആരോഗ്യത്തിനും വീണ്ടും കേരളത്തെ നയിക്കാനും വേണ്ടിയായിരുന്നു ശോഭന ജോർജിന്റെ പൊങ്കാല. പതിവ് തെറ്റിക്കാതെ നടി ചിപ്പിയും ആറ്റുകാൽ ക്ഷേത്ര പരിസരത്ത് പൊങ്കാലയിട്ടു. 20 വർഷമായി ചിപ്പി മുടങ്ങാതെ പൊങ്കാല അർപ്പിക്കുന്നുണ്ട്. ചിപ്പിയോടൊപ്പം പിന്നണി ഗായിക രാജലക്ഷ്മിയും പങ്കുചേർന്നു.
നടി ആനി തന്റെ വീട്ടുമുറ്റത്താണ് പൊങ്കാല സമർപ്പിച്ചത്. കൂട്ടിന് ബീന ആന്റണിയും ഉണ്ടായിരുന്നു. ഭർത്താവും സംവിധായകനുമായ ഷാജി കൈലാസിന്റെ പുതിയ ചിത്രത്തിന്റെ വിജയത്തിനായുള്ള പ്രാർഥനയുമായാണ് ആനി എത്തിയത്. വേറിട്ട അനുഭവമാണിതെന്ന് നടി അന്ന രാജൻ തന്റെ കന്നി പൊങ്കാലയുടെ അനുഭവം പങ്കുവെച്ചു.
കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പത്നി രാധിക സുരേഷ് ഗോപി ശാസ്തമംഗലത്തെ വീട്ടുറ്റത്താണ് പൊങ്കാലയിട്ടത്. വർഷങ്ങളായി പേരൂർക്കട ഓട്ടോസ്റ്റാൻഡിന് സമീപം പൊങ്കാലയടുപ്പിൽ തിരികൊളുത്തുന്ന പതിവ് സുരേഷ് ഗോപി ഇത്തവണയും തുടർന്നു.
വീട്ടിലെ അടുപ്പിൽ തീ പടർന്ന ശേഷം അദ്ദേഹം പേരൂർക്കടയിലേക്ക് തിരിച്ചു. ബി.ജെ.പി നേതാവ് പത്മജ വേണുഗോപാൽ പൊങ്കാലക്കെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

