കൊല്ലാനായിരുന്നു പ്രതി ശ്രമിച്ചതെന്ന് കുത്തേറ്റ എസ്.ഐ
text_fieldsതിരുവനന്തപുരം: പൊലീസുകാരെ കൊല്ലാനായിരുന്നു കുപ്രസിദ്ധ കുറ്റവാളിയായ അനസിന്റെ പദ്ധതിയെന്ന് പരിക്കേറ്റ കല്ലമ്പലം എസ്.ഐ ആര്. ജയൻ. പിടികിട്ടാപ്പുള്ളിയെ കീഴ്പ്പെടുത്തുന്നതിനിടെ പാരിപ്പള്ളിയിൽ നാല് പൊലീസുകാർക്ക് കുത്തേറ്റതിനെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എസ്.ഐ.
കല്ലമ്പലം സ്റ്റേഷനിലെ നാല് പൊലീസുകാരെ ചൊവ്വാഴ്ചയാണ് കൊടുംക്രിമിനലായ അനസ് കുത്തിപ്പരിക്കേല്‍പ്പിച്ചത്. തലനാരിഴക്കാണ് അനസിന്റെ കത്തിമുനയില്‍ നിന്ന് പൊലീസുകര്‍ രക്ഷപ്പെട്ടത്. ജയനൊപ്പം പരിക്കേറ്റ മറ്റ് മൂന്ന് പൊലീസുകാര്‍ ഇപ്പോഴും ചികിത്സയിലാണ്. കരുതിക്കൂട്ടിയുള്ള ആക്രമണമായിരുന്നു പ്രതിയിൽ നിന്നുണ്ടായതെന്നും എസ്.ഐ പറയുന്നു.
ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചതുള്‍പ്പെടെ നിരവധികേസിൽ പ്രതിയായ അനസ് പിടികിട്ടാപ്പുള്ളിയാണ്. വിവിധ കേസുകളിൽ പ്രതികളായി മുങ്ങി നടക്കുന്ന ഗുണ്ടകളെ പിടികൂടുന്നതിന്റെ ഭാഗമായി കല്ലമ്പലം പൊലീസിൽ രൂപവത്കരിച്ച സംഘത്തിലെ പൊലീസുകാരാണ് അനസിനെ പിടികൂടാൻ ചൊവ്വാഴ്ച വൈകുന്നേരമെത്തിയത്.
പാരിപ്പള്ളിയിലെ ഒരു ബാറിൽ അനസ് എത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ മഫ്തിയിൽ പൊലീസുകാർ വളഞ്ഞു. പിടികൂടാൻ ശ്രമിക്കുന്നതിനിടെ അനസ് ഓടി. പിന്നാലെ ഓടി പിടികൂടിയ പൊലീസുകാരെ അനസ് കത്തിയെടുത്ത് കുത്തി. ശ്രീജിത്ത്, വിനോദ്, ചന്തു, ജയൻ എന്നീ പൊലീസുകാർക്കാണ് കുത്തേറ്റത്. ശ്രീജിത്തിന്റെ നടുവിനും വിനോദിന്റെ തോളിനുമാണ് കുത്തേറ്റത്. പരിക്കേറ്റ പൊലീസുകാർ തന്നെ അനസിനെ തടഞ്ഞുനിർത്തി. കൂടുതൽ പൊലീസും സ്ഥലത്തെത്തി.
എസ്.ഐ ഉൾപ്പെടെ മൂന്ന് പൊലീസുകാരെ കിംസിലും വിനോദിനെ പാരിപ്പള്ളി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ഉന്നത പൊലീസുദ്യോഗസ്ഥർ ആശുപത്രിയിലെത്തി. പിടികൂടിയ അനസിനെ കല്ലമ്പലം പൊലീസ് ചോദ്യം ചെയ്തു. ഇയാള്‍ മയക്കുമരുന്നിന് അടിമയാണെന്നാണ് പൊലീസ് പറയുന്നത്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പൊലീസുകാരുടെ ചികിത്സക്കായി ഡി.ജി.പി അഞ്ചര ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

