വിഗ്രഹങ്ങൾ നശിപ്പിച്ച് ക്ഷേത്രക്കവർച്ച: പ്രതി പിടിയിൽ
text_fieldsസുധീരൻ
.കിളിമാനൂർ: ക്ഷേത്രങ്ങളിൽ കയറി വിഗ്രഹങ്ങൾ നശിപ്പിച്ചശേഷം കവർച്ച നടത്തുന്ന കേസിലെ പ്രതിയെ പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. കിളിമാനൂർ കാനാറ കിഴക്കുംകര കുന്നുംപുറത്തുവീട്ടിൽ സുധീരനെയാണ് (40) അറസ്റ്റ് ചെയ്തത്.
ജൂലൈ 30ന് കുടവൂർ കൈപ്പള്ളി നാഗരുകാവ് മാടൻനട ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയശേഷം ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ ഇയാൾ എറിഞ്ഞുടച്ചിരുന്നു. ക്ഷേത്രപരിസരത്തുനിന്ന് പ്രതിയുടേതെന്ന് സംശയിക്കുന്ന രണ്ട് ചെരിപ്പുകൾ ലഭിച്ചു. ക്ഷേത്ര ഭാരവാഹികൾ നൽകിയ പരാതിയിൽ അന്വേഷണത്തിനിടെ പ്രതിയെ കല്ലമ്പലത്തുനിന്ന് പിടികൂടുകയായിരുന്നു. പ്രതി കഞ്ചാവിനും മയക്കുമരുന്നിനും അടിമയാണെന്ന് പൊലീസ് അറിയിച്ചു.
കിളിമാനൂർ, ആറ്റിങ്ങൽ, കല്ലമ്പലം, പള്ളിക്കൽ സ്റ്റേഷനുകളിലെ നിരവധി കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. മോഷണത്തിനായി ഉപയോഗിക്കുന്ന ആയുധങ്ങൾ പ്രതിയിൽനിന്ന് കണ്ടെടുത്തു. പള്ളിക്കൽ സി.ഐ പി. ശ്രീജിത്തിെൻറ നേതൃത്വത്തിൽ എസ്.ഐമാരായ എം. സഹിൽ, വിജയകുമാർ, എസ്.സി.പി.ഒ രാജീവ്, സി.പി.ഒമാരായ ഷമീർ, രഞ്ജിത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ആരാധനാലയങ്ങളിൽ മോഷണം; ഒരാൾ പിടിയിൽ
കാട്ടാക്കട: ക്രിസ്ത്യൻ പള്ളികളിലും ക്ഷേത്രത്തിലും മോഷണം നടത്തിയ സംഘത്തിലെ ഒരാൾ പിടിയിലായി. പെരുങ്കടവിള നെല്ലിക്കാല ചുള്ളിയൂർ സിന്ധു ഭവനിൽനിന്ന് ബാലരാമപുരത്ത് താമസിക്കുന്ന രാജ്കുമാറിനെയാണ് (21) കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മേയിലാണ് കാട്ടാക്കട ആമച്ചലിലെ അമലോത്ഭുത മാതാ, കട്ടയ്ക്കോട് സെൻറ് ആൻറണീസ് ദേവാലയങ്ങൾ, ചാത്തിയോട് വേളാങ്കണ്ണിമാതാ കുരിശടി, മംഗലയ്ക്കൽ മുത്താരമ്മൻ ക്ഷേത്രത്തിലെ കാണിക്ക വഞ്ചികൾ എന്നിവ കുത്തിത്തുറന്ന് മോഷണം നടത്തിയത് പ്രതി ഉൾപ്പെടുന്ന നാലംഗ സംഘമാണെന്ന് പൊലീസ് പറഞ്ഞു. ഒരാൾ ഇയാളുടെ സഹോദരനാണ്. മൂന്നുപേരും ഒളിവിലാണ്. ആരാധനാലയങ്ങളിൽനിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളിൽനിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഗ്രേഡ് എസ്.ഐ ഹെൻഡേഴ്സണും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്. തെളിവെടുപ്പിനുശേഷം കാട്ടാക്കട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

