വട്ടിയൂർക്കാവ്: പിന്നാക്ക വിഭാഗക്കാരനായ കുട്ടിയെ മർദിച്ച് ഓടയിലിട്ട സംഭവത്തിൽ പ്രതികൾക്കെതിരെ നിസ്സാര വകുപ്പിട്ട് കേസെടുത്തെന്നാരോപിച്ച് പൊലീസ് സ്‌റ്റേഷനു മുന്നിൽ പ്രതിഷേധം. ബുധനാഴ്ച രാവിലെ ബി.എസ്.പി പ്രവർത്തകരാണ് വട്ടിയൂർക്കാവ് പൊലീസ് സ്‌റ്റേഷനു മുന്നിൽ പ്രതിഷേധിച്ചത്.
മണ്ണറക്കോണത്തുനിന്ന് ജാഥയായാണ് പ്രതിഷേധക്കാർ പൊലീസ് സ്‌റ്റേഷനു മുന്നിലെത്തിയത്. സ്റ്റേഷൻ വളപ്പിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. തുടർന്ന്, സ്‌റ്റേഷനു മുന്നിൽ ധർണ നടത്തി.
വട്ടിയൂർക്കാവ് നെട്ടയം പാപ്പാട് എള്ളുവിള ഹരിഭവനിൽ കൂലിപ്പണിക്കാരനായ ഹരിയുടെ മകൻ 14 വയസ്സുള്ള ഗിരീഷ് ഹരിക്കാണ് മർദനമേറ്റത്. നവംബർ 27ന് രാവിലെ ഒമ്പതോടെ മൂന്നാംമൂട് ജങ്ഷനിലായിരുന്നു സംഭവം. സൈക്കിളിൽ പോയ ഗിരീഷിനെ മൃഗാശുപത്രിക്ക് സമീപത്തുവെച്ച് ബൈക്കിലെത്തിയ രണ്ടുപേർ തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നു. ഇരുകവിളിലും പലതവണ അടിച്ച ശേഷം നെഞ്ചത്ത് ചവിട്ടി സമീപത്തെ ഓടയിലിട്ടതായി ഗിരീഷ് പറയുന്നു. ജങ്ഷനിലുണ്ടായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവർമാർ എത്തിയപ്പോഴേക്കും സംഘം ബൈക്കിൽ രക്ഷപ്പെട്ടു.
വീട്ടിലെത്തിയ ഗിരീഷിനെ പേരൂർക്കട ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓടയിലേക്കുള്ള വീഴ്ചയിൽ ഗിരീഷിന്‍റെ ഇടതു തോളെല്ലിന് സ്ഥാനമാറ്റം സംഭവിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ, കോവിഡും ബാധിച്ചു. സംഭവ ദിവസംതന്നെ മാതാവ് ബിന്ദു വട്ടിയൂർക്കാവ് പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ നിസ്സാര വകുപ്പിട്ട് കേസെടുത്ത ശേഷം പ്രതികളെ വിട്ടയച്ചതായാണ് ആരോപണം. പ്രതികളിലൊരാളുടെ ബന്ധുവായ പൊലീസുകാരന്‍റെ ഇടപെടലാണ് കേസ് ദുർബലമാക്കിയതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. എന്നാൽ, പരാതിയിൽ പറയുന്ന രണ്ടുപേർക്കെതിരെ കേസെടുത്തതായും ഇവർക്ക് കോടതിയിൽനിന്ന് ജാമ്യം ലഭിച്ചതായും വട്ടിയൂർക്കാവ് പൊലീസ് ഇൻസ്പെക്ടർ അറിയിച്ചു.