പേട്ട ഗുണ്ടാ ആക്രമണം; മുഖ്യപ്രതികൾ കോടതിയിൽ കീഴടങ്ങി
text_fieldsതിരുവനന്തപുരം: പേട്ട കല്ലുമ്മൂട്ടിൽ നടന്ന ഗുണ്ടാ ആക്രമണത്തിലെ പ്രതികൾ കോടതിയിൽ കീഴടങ്ങി. കേസിലെ ഒന്നാം പ്രതി കരിക്കകം മൈത്രി ഗാർഡൻസിൽ ഡബ്ബാർ ഉണ്ണി, രണ്ടാം പ്രതി ആനയറ സ്വദേശി അനന്ദു ഷാജി എന്നിവരാണ് അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ കീഴടങ്ങിയത്. ഇരുവരെയും കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ഇവരെ കസ്റ്റഡിയിൽ വാങ്ങാൻ പേട്ട പൊലീസ് അപേക്ഷ നൽകും. മൂന്നാം പ്രതി അച്ചുഷാനെ പൊലീസ് നേരത്തേ പിടികൂടിയിരുന്നു. ചെട്ടിക്കുളങ്ങര സ്വദേശി ശബരി, പാറ്റൂർ സ്വദേശി രാജേഷ് എന്നിവർക്കാണ് വെട്ടേറ്റത്. എതിരാളി സംഘത്തിലെ ശബരിയെ കൊലപ്പെടുത്താനായിരുന്നു ഉണ്ണിയുടെയും സംഘത്തിന്റെയും ശ്രമമെന്നാണ് പൊലീസ് പറയുന്നത്.
ഇതിനായി നേരത്തേതന്നെ ഇവർ ഒരുക്കം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം പിടിയിലായ പ്രതി അച്ചുഷാനാണ് പദ്ധതിയെക്കുറിച്ച് പൊലീസിനോട് പറഞ്ഞത്. ഉണ്ണിയും ശബരിയും തമ്മിലുള്ള ശത്രുതയാണ് ആക്രമണത്തിന് കാരണം. ഇവർ നേരത്തേ സുഹൃത്തുക്കളായിരുന്നു.
ഒരുവർഷം മുമ്പ് സാമ്പത്തിക വിഷയത്തിൽ തമ്മിൽ തെറ്റി. തുടർന്ന് പലതവണ ഏറ്റമുട്ടുകയും ചെയ്തു. ശബരി തന്നെ ആക്രമിക്കുമെന്ന് ഭയന്നാണ് ഇയാളെ വകവരുത്താൻ ഉണ്ണിയും സംഘവും പദ്ധതി തയാറാക്കിയതെന്നാണ് പൊലീസ് കരുതുന്നത്. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെ പേട്ട കല്ലുംമൂട് പാലത്തിന് സമീപംവെച്ചായിരുന്നു ആക്രമണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

