കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് 14 ലക്ഷം തട്ടിയ പ്രതി പിടിയിൽ
text_fieldsഷാജി പീറ്റർ
കഠിനംകുളം: കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് വിസ തട്ടിപ്പു നടത്തി 14 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ. കഠിനംകുളം പുതുക്കുറിച്ചി സ്വദേശി ഷാജി പീറ്റർ (30) ആണ് കഠിനംകുളം പോലീസിന്റെ പിടിയിലായത്. വെട്ടുതുറ സ്വദേശി മത്സ്യ തൊഴിലാളിയായ ജോസഫിന്റെ മകന് കാനഡയിൽ ജോലി തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് പലപ്പോഴായിട്ട് 14 ലക്ഷം രൂപയാണ് ഇയാൾ കൈപ്പറ്റിയത്. അക്കൗണ്ട് ട്രാൻസ്ഫർ ആയും ഗൂഗിൾ പേയും വഴി പലതവണകളിലായിട്ടാണ് ജോസഫും മകളും പണം ഷാജി പീറ്ററിന് നൽകിയത്.
പണം കൈപ്പറ്റുമ്പോഴെല്ലാം ഉടൻ വിസ ശരിയാകും എന്നും പോകാനായി തയ്യാറായിരിക്കണം എന്നും ഇയാൾ പറഞ്ഞു വിശ്വസിപ്പിച്ചു. ഒടുവിൽ വ്യാജമായി തയ്യാറാക്കിയ വിസയും ടിക്കറ്റും നൽകി. വ്യാജമാണെന്ന് മനസ്സിലാക്കിയതോടെ പണം തിരികെ ചോദിച്ചെങ്കിലും ഇയാൾ പലതവണ അവധി പറഞ്ഞ് രക്ഷപ്പെടുകയായിരുന്നു. പാസ്പ്പോർട്ടിലെ പേജുകൾ കുത്തിവരച്ച് വികൃതമാക്കുകയും ചെയ്തു.
തുടർന്ന് കഠിനംകുളം പൊലീസിൽ പരാതി നൽകിയപ്പോഴേക്കും ഇയാൾ ഫോൺ സ്വിച്ച് ഒഫ് ചെയ്ത് ഒളിവിൽ പോയി. ഒരു മാസത്തിലധികമായി പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഇന്നലെ ഷാജിയുടെ ഫോൺ ആക്ടീവായതോടെ പോലീസ് പൂന്തുറയിലെ ബന്ധുവീട്ടിൽ നിന്ന് പിടികൂടുകയായിരുന്നു. കൂടുതൽ പേർ ഇയാളുടെ തട്ടിപ്പിനിരയായോ എന്നും അന്വേഷിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

