സുനിത കൊലക്കേസ്: അന്തിമവാദം പൂർത്തിയായി, വിധി നാളെ
text_fieldsതിരുവനന്തപുരം: ആനാട് വേങ്കവിള വേട്ടമ്പള്ളി തവലോട്ടുകോണം നാല്സെന്റ് കോളനി ജീനാഭവനിൽ സുനിതയെ (35) ചുട്ടെരിച്ചു കൊലപ്പെടുത്തിയ കേസിന്റെ വിചാരണയും അന്തിമവാദവും പൂർത്തിയായി. വെളളിയാഴ്ച വിധി പറയും. സുനിതയുടെ ഭർത്താവ് ജോയ് (43) എന്ന ജോയി ആൻറണിയാണ് പ്രതി.
ആറാം അഡീഷനൽ സെഷൻസ് ജഡ്ജി കെ. വിഷ്ണുവാണ് കേസ് പരിഗണിക്കുന്നത്. 2013 ആഗസ്റ്റ് മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. സുനിതയെ ഒഴിവാക്കി ജോയി മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യാൻ പദ്ധതി തയാറാക്കിയിരുന്നു. ഇതിന്റെ ഭാഗമായി സുനിതയുടെമേൽ ആരോപണങ്ങൾ ഉന്നയിച്ച് ദേഹോപദ്രവം ഏൽപ്പിക്കുമായിരുന്നു.
സംഭവദിവസം വൈകീട്ട് അഞ്ചുമണിയോടെ സുനിതക്ക് വന്ന ഫോൺകോളിൽ കുറ്റമാരോപിച്ച് മൺവെട്ടിക്കൈ കൊണ്ട് മർദിച്ച് അവശയാക്കുകയും മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തുകയുമായിരുന്നു.
മൃതശരീരത്തിന്റെ ഭാഗങ്ങൾ വീട്ടിലെ കക്കൂസിന്റെ സെപ്റ്റിക് ടാങ്കിലിട്ട് തെളിവ് നശിപ്പിച്ചു. സംഭവത്തിന് ശേഷം 18ന് പ്രതിയെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. ഡി.എൻ.എ ഉൾപ്പെടെ ശാസ്ത്രീയ പരിശോധനയിലൂടെയാണ് മൃതദേഹം സുനിതയുടേതാണെന്ന് സ്ഥിരീകരിച്ചത്.
24 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 35 രേഖകളും 23 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ, അഡ്വ. ദീപ വിശ്വനാഥ്, അഡ്വ. വിനു മുരളി, അഡ്വ. തുഷാര രാജേഷ് എന്നിവർ ഹാജരായി. നെടുമങ്ങാട് സർക്കിൾ ഇൻസ്പെക്ടറായിരുന്ന എസ്. സുരേഷ് കുമാറാണ് അന്വേഷണം നടത്തി കുറ്റപത്രം തയാറാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

