മുഴുവൻ മാർക്കിൽ പെൺകുട്ടികളുടെ വിജയഗാഥ
text_fieldsതിരുവനന്തപുരം: ജില്ലയിൽ പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കിൽ പെൺകുട്ടികളുടെ വിജയഗാഥ. പത്തുപേരിൽ ഒമ്പതും പെൺകുട്ടികളാണ്. നെടുമങ്ങാട്: സയൻസിൽ 1200ൽ 1200 ഉം നേടിയ നെടുമങ്ങാട് മാളവിക ഗിരീഷ് എസ് ഗവ. ഗേൾസ് ഹയർ സെക്കന്‍ഡറി സ്കൂളിലെ വിദ്യാർഥിയാണ്. നെടുമങ്ങാട് പഴകുറ്റി നഗരിക്കുന്ന് തെക്കതുവിളകത്തു വീട്ടിൽ എസ്. ഗിരീഷ് കുമാറിന്റെയും എം.ആർ. സുനിമോളുടെയും മകളാണ് ഈ മിടുക്കി.
കിളിമാനൂർ: കിളിമാനൂർ പകൽക്കുറി ഗവ. വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂളിലെ കാവ്യ ജെ.കെയും സയൻസിൽ മുഴുവൻ മാർക്ക് നേടി. കല്ലമ്പലം മാവിൻമൂട്ടിൽ കച്ചവടക്കാരനായ എൻ.കെ നിവാസിൽ കൃഷ്ണന്റെയും ജയലക്ഷ്മിയുടെയും മകളാണ്. പത്തുവരെ സി.ബി.എസ്.ഇയിലായിരുന്നു പഠനം, ആ പരീക്ഷയിലും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയിരുന്നു. ഡോക്ടറാകണമെന്ന മോഹത്തോടെ നീറ്റ് പരിശീലനത്തിലാണിപ്പോൾ കാവ്യ.
ആറ്റിങ്ങൽ: ചിറയിന്‍കീഴ് പെരുങ്ങുഴി ഇലങ്കത്തില്‍ ഷൈന്‍-രശ്മി ദമ്പതികളുടെ മകള്‍ നീരജ എസ്.ആര്. കൃഷ്ണയും സയന്‍സിലാണ് മുഴുവൻ മാർക്കും നേടിയത്. മുടപുരം സീതി സാഹിബ് മെമ്മോറിയൽ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥിയാണ്. പത്താം ക്ലാസിലും എല്ലാ വിഷയത്തിലും എ പ്ലസ് നേടിയാണ് വിജയിച്ചത്. പാരമെഡിക്കല്‍ കോഴ്സെടുത്ത് തുടര്‍പഠനം നടത്തണമെന്നാണ് ആഗ്രഹം. ദുബൈയില്‍ അകൗണ്ടന്റാണ് പിതാവ് ഷൈന്‍. മാതാവ് രശ്മി എസ്.എസ്.എം സ്കൂളിലെ മുന്‍ അധ്യാപികയാണ്. സഹോദരൻ ആദിഷ് ശ്രീ രവിശങ്കര്‍ വിദ്യാപീഠത്തിലെ ഒന്നാം ക്ലാസ് വിദ്യാർഥിയാണ്.
കഴക്കൂട്ടം: ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം ഹയർ സെക്കൻഡറി സ്കൂളിന് അഭിമാനമായി എം. അസ്നാ ഷാഫി. പ്ലസ്ടു പരീക്ഷയിൽ സയൻസിൽ ആയിരത്തി ഇരുന്നൂറിൽ ആയിരത്തി ഇരുന്നൂറു മാർക്ക് വാങ്ങിയാണ് സ്കൂളിനും നാട്ടിനും അഭിമാനമായത്. കൊയ്ത്തൂർക്കോണം വെള്ളൂരിൽ ആതിൽ പാലസിൽ പ്രവാസിയായ ഇ. മുഹമ്മദ് ഷാഫിയുടെയും ജെ. മുബീനയുടെയും മകളാണ് അസ്ന. പത്താം ക്ലാസ് വരെ വിദേശത്തെ ഇന്ത്യൻ സ്കൂളിലാണ് പഠിച്ചിരിന്നത്. അന്ന് എസ്.എസ്.എൽ.സിക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയിരുന്നു. ട്യൂഷന് പോകാതെ സ്വന്തമായി പഠിച്ചാണ് ഈ നേട്ടം കൈവരിച്ചത്. സിവിൽ സർവ്വീസ് നേടുകയാണ് ലക്ഷ്യം. നീറ്റ് പരീക്ഷ എഴുതി ഫലം കാത്തു നിൽക്കുകയാണ് അസ്നാ ഷാഫി.
നെയ്യാറ്റിൻകര: പരശുവയ്ക്കൽ കല്ലിംഗവിളാകം സുകുമാരത്തിൽ അഡ്വ. ശിശുപാലന്റെയും അഡ്വ. ചന്ദ്രകലയുടെയും മകളാണ് അനഘ. ബയോളജി സയൻസ് പഠിച്ച അനഘക്ക് ഡോക്ടർ ആകണമെന്നാണ് മോഹം. നീറ്റിനായുള്ള പരിശ്രമത്തിലാണ്. നെയ്യാറ്റിൻകര ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൾ വിദ്യാർഥിനിയാണ്.
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഗേൽസ് ഹയർസെക്കൻഡറി സ്കൂളിലെ ബയോളജി സയൻസ് വിദ്യാർഥിയായ ആദിത്യ റിസക്ക് എൻജിനീയറാകണമെന്നാണ് മോഹം. വഴുതൂർ സങ്കീർത്തനത്തിൽ പരേതനായ വില്ലേജ് ഓഫിസർ അജയ് വിൽസണിന്റെയും ഗവൺമെൻറ് കോളജ് ഓഫ് ടീച്ചർ എജുക്കേഷൻ കോഴിക്കോട് അസിസ്റ്റൻറ് പ്രഫസർ ഡോ. ഹേമലതാ തിലകത്തിന്റെയും മകളാണ്. അമ്മയാണ് ഫിസിക്സ് ട്യൂഷനെടുത്തിരുന്നത്. ബയോളജിക്ക് ഓൺലൈനായി പഠിച്ച അനഖ മറ്റ് വിഷയങ്ങൾ സ്വന്തമായിട്ടാണ് പഠിച്ച് വിജയം കൈവരിച്ചത്. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ആദിൽ ജിത്ത് സഹോദരനാണ്.
കാഞ്ഞിരംകുളം: എം.കെ.പി. ബംഗ്ലാവില്‍ കമ്പ്യൂട്ടര്‍ സയന്‍സ് അധ്യാപകരായ ബിജു എ. സാരത്തിന്റെയും ഷൈനി ജെയിനിന്റെയും മകള്‍ ജെനിക ബി. നെയ്യാറ്റിന്‍കര ബോയ്സ് ഹയര്‍ സെക്കൻഡറി സ്കൂളിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാർഥിയാണ്. മൂന്ന് വിഷയങ്ങല്ക്ക് മാത്രം ഓണ്‍ലൈനായി ട്യൂഷനുണ്ടായിരുന്നു. മറ്റ് വിഷയങ്ങല്‍ മതാപിതാക്കളുടെ ശിക്ഷണത്തിലും സ്വന്തമായിട്ടുമാണ് പഠിച്ചത്. എഞ്ചിനീയനറിങിന് പോയി മതാപിതാക്കളുടെ പാതപിന്തുടരാനുള്ള ശ്രമത്തിലാണ് ഈ മിടുക്കി.
നെയ്യാറ്റിന്‍കര: മഹിമ എം.എസ് നെയ്യാറ്റിന്‍കര ബോയ്സ് ഹയര്‍ സെക്കൻഡറി സ്കൂളില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാഥിനിയാണ്. തൊഴുക്കല്‍ സ്പെഷല്‍ സബ്ജയിലിന് സമീപം അനിഴത്തില്‍ മണികണ്ഠന്റെയും സുജയുടെയും മകളാണ്. കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങിന് തുടര്‍ പഠനത്തിന് പോയി എന്‍ജിനിയറാകാനാണ് ഫുൾ മാർക്ക് നേടിയ മഹിമയുടെ മോഹം.
ചെങ്കല്‍: സ്പെയ്സ് എഞ്ചിനയര് ആകണമെന്നാണ് ഫുൾ മാർക്ക് നേടിയ ചെങ്കല്‍ പറക്കോണം എം.എസ്. ഭവനില്‍ ഗായത്രി എസ്.പിയുടെ ആഗ്രഹം. വിമുക്തഭടന് ശ്രീകുമാരന്റെയും പ്രിയ റാണിയുടെയും മകളാണ്. നെയ്യാറ്റിന്‍കര ഗവ. ബോയ്സ് ഹയര്‍സെക്കൻഡറി സ്കൂളില്‍ ബയോളജി സയന്‍സ് വിദ്യാർഥിനിയാണ്.