ഹരിതചട്ടം പാലിച്ചില്ലെങ്കിൽ കർശന നടപടി -തെരഞ്ഞെടുപ്പ് കമീഷണർ
text_fieldsതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചാരണ അച്ചടിസാമഗ്രികളുടെ വിതരണത്തിലും ഉപയോഗത്തിലും പ്രകൃതിക്ക് ദോഷകരമായ വസ്തുക്കൾ ഉപയോഗിക്കുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ. ഷാജഹാൻ.
തെരഞ്ഞെടുപ്പിൽ പാലിക്കേണ്ട ഹരിതചട്ടങ്ങളെക്കുറിച്ച് വിശദീകരിക്കാൻ വിളിച്ച അച്ചടിസാമഗ്രികളുടെ വിതരണക്കാരുടെയും ഡീലർമാരുടെയും പ്രിന്റർമാരുടെയും സംഘടന പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്ന അദ്ദേഹം.
ബാനറുകൾ, ബോർഡുകൾ, കൊടിതോരണങ്ങൾ എന്നിവ പ്രിന്റ് ചെയ്യുന്നവരും ഡീലർമാരും നിയമപരമായി അംഗീകരിക്കപ്പെട്ട പുനഃചക്രമണം ചെയ്യാൻ കഴിയുന്നപരിസ്ഥിതി സൗഹൃദ വസ്തുക്കൾ മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്ന് ഉറപ്പുവരുത്തണം.
അച്ചടി പ്രചാരണസാമഗ്രികളിൽ പ്രിന്ററുടെയും പ്രസാധാകന്റെയും പേരും എത്ര കോപ്പി അച്ചടിക്കുന്നുവെന്നിതിന്റെയും വിവരങ്ങളുമുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ശുചിത്വമിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ യു.വി. ജോസ്, തെരഞ്ഞെടുപ്പ് കമീഷൻ സെക്രട്ടറി ബി.എസ്. പ്രകാശ്, മലിനീകരണ നിയന്ത്രണ ബോർഡ് എൻവയോൺമെന്റൽ എൻജിനിയർ ബിൻസി ബി.എസ്, ശുചിത്വമിഷൻ പി.ആർ കൺസൾട്ടന്റ് പി.എസ്. രാജശേഖരൻ, ട്രെയ്‌നിങ് പ്രോഗ്രാം ഓഫിസർ അമീർഷാ ആർ.എസ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

