പ്രഖ്യാപനങ്ങൾ പാഴ്വാക്കായി; നാടും നഗരവും തെരുവുനായ്ക്കൾ, ഒരാഴ്ചക്കിടെ കടിയേറ്റത് 50ലേറെ പേർക്ക്
text_fieldsതിരുവനന്തപുരം: സർക്കാറിന്‍റെയും തദ്ദേശസ്ഥാപനങ്ങളുടെയും പ്രഖ്യാപനങ്ങൾ പാഴായതോടെ നഗരത്തിൽ ഒരിടവേളക്ക് ശേഷം വീണ്ടും തെരുവുനായ് ശല്യം രൂക്ഷമായി. ഒരാഴ്ചക്കിടെ ജില്ലയിൽ വിവിധയിടങ്ങളിലായി കുട്ടികൾ ഉൾപ്പെടെ 50ലേറെ പേർക്ക് കടിയേറ്റു. പല നായ്കൾക്കും പേവിഷബാധയുണ്ടെന്ന് പിന്നീട് പരിശോധനയിൽ തെളിഞ്ഞു. ബുധനാഴ്ച കാട്ടായിക്കോണത്ത് 10 പേരെയാണ് തെരുവുനായ് ആക്രമിച്ചത്. കിളിമാനൂരിൽ വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന 11 വയസ്സുകാരന്‍റെ കൈവിരൽ നായ് കടിച്ചെടുത്തു. മൂന്നുദിവസം മുമ്പ് പൂന്തുറയിൽ 12 പേരെയാണ് തെരുവുനായ് കടിച്ചത്.
നെയ്യാറ്റിൻകരിയിലും നാലുപേർക്ക് കഴിഞ്ഞദിവസം കടിയേറ്റു. തെരുവുനായ് ശല്യം രുക്ഷമായിട്ടും സർക്കാർ സംവിധാനങ്ങൾ ഇപ്പോഴും മൗനത്തിലെന്നാണ് ആരോപണം. ശക്തമായ പ്രതിഷേധങ്ങളും പലേടത്തുനിന്നും ഉയർന്നിട്ടുമുണ്ട്. രാത്രികാലങ്ങളിൽ വാഹയാത്രക്കാർ അപകടത്തിൽപെടുന്നതും വ്യാപകമാണ്. പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലേക്ക് വീണ്ടും നഗര- ഗ്രാമ മേഖലകൾ മാറുന്നുവെന്നും പരാതി ഉയർന്നു.
ആക്രമണകാരികളായ തെരുവുനായ്കളെ ദയാവധത്തിന് വിധേയമാക്കാമെന്ന് സുപ്രീംകോടതി ഉത്തരവുണ്ടായിട്ടും അതിനുള്ള നടപടികളൊന്നും തദ്ദേശസ്ഥാപനങ്ങൾ സ്വീകരിച്ചില്ല. തിരുവനന്തപുരം കോർപറേഷൻ നേതൃത്വത്തിൽ തെരുവുനായ്കളെ പിടികൂടി ഷെൽട്ടർ ഹോമിൽ പാർപ്പിക്കുമെന്ന് മേയർ വാഗ്ദാനം നൽകിയെങ്കിലും അതും പ്രഖ്യാപനത്തിലൊതുങ്ങി. വന്ധ്യംകരണവും വാക്സിനേഷനും കാര്യമായി ഒരിടത്തും ഇപ്പോൾ നടക്കുന്നില്ല. വരുംദിവസങ്ങളിൽ പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനാണ് തീരുമാനം.
തദ്ദേശസ്ഥാപനങ്ങൾ ഉത്തരവദിത്തം നിറവേറ്റണം
തിരുവനന്തപുരം: തെരുവുനായ്കളെ ദയാവധത്തിന് വിധേയമാക്കാൻ സർക്കാർ മാർഗനിർദേശം പുറപ്പെടുവിച്ചതിന്‍റെ അടിസ്ഥാനത്തിൽ തദ്ദേശസ്ഥാപന പ്രതിനിധികളുടെ യോഗം വിളിക്കാൻ തദ്ദേശ വകുപ്പ് തീരുമാനം. തെരുവുനായ് വിഷയം വീണ്ടും രൂക്ഷമായ സാഹചര്യത്തിലാണിത്. തദ്ദേശമന്ത്രി കെ.എം. ഷാജിയുടെ നേതൃത്വത്തിൽ ജില്ലകളിൽ പ്രത്യേകം യോഗങ്ങൾ ചേർന്ന് ഇതുസംബന്ധിച്ച് തീരുമാനമെടുക്കും.
തിരുവനന്തപുരം കോർപറേഷനടക്കം പല തദ്ദേശസ്ഥാപനങ്ങളും തെരുവുനായ് വിഷയത്തിൽ കാര്യക്ഷമമായ ഇടപെടൽ നടത്തുന്നില്ലെന്നാണ് വിലയിരുത്തൽ. തദ്ദേശസ്ഥാപനങ്ങൾക്കാണ് ഉത്തരവാദിത്തം. ഗൗരവപൂർവം കൈകാര്യം ചെയ്യണമെന്ന് തദ്ദേശവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
ദയാവധം; സർക്കാർ മാർഗരേഖ പുറത്തിറക്കി
തിരുവനന്തപുരം: സംസ്ഥാനത്തെ തെരുവുനായ്കളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട ഭരണപരമായ ആശയക്കുഴപ്പങ്ങളും പൊതുജനങ്ങളുടെ ആശങ്കകളും പരിഹരിക്കുന്നതിന് അക്രമകാരികളും രോഗബാധിതരുമായ തെരുവുനായ്കളുടെ ദയാവധത്തിന് ഏകീകൃത മാനദണ്ഡം സർക്കാർ പുറത്തിറക്കി.
സുപ്രീം കോടതി വിധിയിലെ നിർദേശങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് മാർഗരേഖ തയാറാക്കിയത്. എല്ലാ തദ്ദേശസ്ഥാപനങ്ങളും ഈ നിർദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഉറപ്പാക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
മാർഗരേഖ ഇപ്രകാരം
ദയാവധം രോഗവും ആക്രമണകാരികളുമായ നായ്കൾക്ക് മാത്രം. മാറ്റാനാകാത്ത രോഗബാധയെത്തുടർന്ന് കടുത്ത വേദന അനുഭവിക്കുന്ന നായ്കൾ, ജീവൻ നിലനിർത്താൻ സാധിക്കാത്തവിധം ഗുരുതരമായി പരിക്കേറ്റ നായ്കൾ, പേവിഷബാധ സ്ഥിരീകരിച്ചവയോ ശക്തമായ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവയോ, പ്രകോപനമില്ലാതെ മനുഷ്യരെയോ ഒന്നിലധികം മൃഗങ്ങളെയോ ആക്രമിക്കുന്ന അതിക്രമകാരികളായ നായ്കൾ എന്നിവയെ മാത്രമേ ദയാവധത്തിന് പരിഗണിക്കാവൂ.
പ്രത്യേക സമിതി തീരുമാനിക്കും
തദ്ദേശ സ്ഥാപനതലത്തിൽ സ്ട്രീറ്റ് ഡോഗ് മാനേജ്മെന്റ് കമ്മിറ്റി രൂപവത്കരിക്കണം. തദ്ദേശ സ്ഥാപന അധ്യക്ഷൻ ചെയർപേഴ്സനും സെക്രട്ടറി കൺവീനറുമായിരിക്കും. ബന്ധപ്പെട്ട വാർഡ് കൗൺസിലർ, വെറ്ററിനറി ഓഫിസർ, എ.ബി.സി കേന്ദ്രത്തിലെ പ്രോജക്ട് ഇൻ- ചാർജ്, മെഡിക്കൽ ഓഫിസർ, സംസ്ഥാന അനിമൽ വെൽഫെയർ ബോർഡ് പ്രതിനിധി എന്നിവരാണ് മറ്റ് അംഗങ്ങൾ. ഏഴംഗ സമിതിയിൽ അഞ്ച് പേർ പങ്കെടുത്താൽ ക്വാറം തികയും. ഭൂരിപക്ഷ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാം.
യോഗ്യതയുള്ള വെറ്ററിനറി സർജൻ മാത്രമേ നടപടിക്രമം നിർവഹിക്കാവൂ. നിർദേശിച്ചിട്ടുള്ള മരുന്നുകൾ മാത്രമേ ഉപയോഗിക്കാവൂ. വേദനയുണ്ടാക്കുന്ന മറ്റ് രാസവസ്തുക്കളോ യാന്ത്രിക മാർഗങ്ങളോ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്.
2-3 ദിവസം നിരീക്ഷണം: ഏറ്റെടുക്കാൻ അവസരം
ദയാവധത്തിന് പരിഗണിക്കുന്ന നായ്കളെ പിടികൂടിയ ശേഷം രണ്ട് മുതൽ മൂന്ന് ദിവസം വരെ ബന്ധപ്പെട്ട തദ്ദേശ സ്ഥാപന പരിധിയിലെ ഐസൊലേഷൻ കേന്ദ്രത്തിലോ സമീപത്തെ എ.ബി.സി കേന്ദ്രത്തിലോ ഷെൽട്ടറിലോ നിരീക്ഷണത്തിൽ പാർപ്പിക്കണം. ഈ കാലയളവിൽ അംഗീകൃത മൃഗസംരക്ഷണ സംഘടനകൾക്കും ഏജൻസികൾക്കും താൽപര്യമുള്ള മൃഗസ്‌നേഹികൾക്കും നായ്കളെ ഏറ്റെടുക്കാൻ അവസരം നൽകണം. പിടികൂടിയ നായ്കളെ സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയും വേണം.
അക്രമാസക്തരായ തെരുവുനായ്കളെ ആവശ്യമായ മരുന്നുകൾ നൽകി ശാന്തമാക്കിയ ശേഷമേ വാഹനങ്ങളിൽ കയറ്റി കൊണ്ടുപോകാവൂ. മറ്റ് നായ്കളുടെ സാന്നിധ്യത്തിലോ കാഴ്ചയിലോ ദയാവധം നടത്താനും പാടില്ല. ശരീരം സംസ്കരിക്കുന്നതിന് മുമ്പ് വെറ്ററിനറി സർജൻ ക്ലിനിക്കലായി മരണം സ്ഥിരീകരിക്കണമെന്നും ഓരോ ദയാവധത്തിനും ശേഷം വെറ്ററിനറി സർജനും സമിതി അംഗങ്ങളും രജിസ്റ്ററിൽ ഒപ്പിട്ട് സാക്ഷ്യപ്പെടുത്തണമെന്നും നിർദേശമുണ്ട്.
പ്രത്യേക രജിസ്റ്റർ; പ്രതിമാസ ഓഡിറ്റ്
ദയാവധത്തിനായി ഓരോ തദ്ദേശ സ്ഥാപനവും പ്രത്യേക രജിസ്റ്റർ സൂക്ഷിക്കണം. നായയെ പിടികൂടിയ സ്ഥലം, ഫോട്ടോ/ ഐഡന്റിഫിക്കേഷൻ ടാഗ്, ദയാവധത്തിന് കാരണമായ രോഗം അല്ലെങ്കിൽ ആക്രമ ണസ്വഭാവം തുടങ്ങിയ വിശദാംശങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തണം. ദയാവധവുമായി ബന്ധപ്പെട്ട ചെലവുകൾ അതത് തദ്ദേശ സ്ഥാപനങ്ങൾ വഹിക്കണം.
എല്ലാ തദ്ദേശ സ്ഥാപനങ്ങളിലെയുംദയാവ ധവുമായി ബന്ധപ്പെട്ട കണക്കുകൾ സംസ്ഥാന എ.ബി.സി ഇംപ്ലിമെന്റേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റി പ്രതിമാസ നിർബന്ധിത ഓഡിറ്റിന് വിധേയമാക്കണമെന്നും മാർഗരേഖയിൽ നിർദേശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

