എസ്.ബി.ഐക്കെതിരെ 'ആറാടി'കോവളം; കടുവകളെ തുരത്തി ഏജീസ്
text_fieldsതിരുവനന്തപുരം: എലൈറ്റ് ഡിവിഷൻ ഫുട്ബാളിൽ കോവളം എഫ്.സിക്കും ഏജീസിനും വിജയം. മുൻ ചാമ്പ്യന്മാരായ എസ്.ബി.ഐയെ മറുപടിയില്ലാത്ത ആറുഗോളുകൾക്ക് കോവളം തറപറ്റിച്ചപ്പോൾ ഒന്നിനെതിരെ മൂന്നുഗോളുകൾക്ക് കേരള ടൈഗേഴ്സിനെ ഏജീസ് തോൽപ്പിച്ചു.
മൈലം ജി.വി രാജ ഫുട്ബാൾ ഗ്രൗണ്ടിൽ ലീഗിലെ ആദ്യവിജയമെന്ന സ്വപ്നവുമായി ഇറങ്ങിയ എസ്.ബി.ഐയെ കളിയിലുടനീളം കോവളത്തിന്റെ താരങ്ങൾ നിഷ്പ്രഭരാക്കുകയായിരുന്നു. ആദ്യപകുതിയിൽ നാലുഗോളുകളാണ് എസ്.ബി.ഐയുടെ വലയിലേക്ക് കോവളം അടിച്ചുകയറ്റിയത്. അതേസമയം ഉസ്മാനില്ലാതെ ഇറങ്ങിയ ബാങ്ക് ടീമാകട്ടെ ഗ്രൗണ്ടിൽ പന്തുമായി ദിക്കറിയാതെ ഓടി. കോവളത്തിനായി ഷഹീർ നാലും വൈഷ്ണവ്, മനോജ് എന്നിവർ ഓരോ ഗോളുവീതും നേടി.
അതേസമയം ജില്ല ഡിവിഷനിൽ നാളിതുവരെ തോൽവിയറിഞ്ഞിട്ടില്ലാത്ത കേരള ടൈഗേഴ്സ് ഏജീസിനുമുന്നിൽ തകരുകയായിരുന്നു. സാജന്, ഫിനു ഫവാസ്, സ്റ്റെഫിൻ ദാസ് എന്നിവരാണ് കടുവകൾക്കെതിരെ നിറയൊഴിച്ചത്.
ഏജീസിന്റെ മയക്കുവെടിയിൽനിന്ന് തിരിച്ചുവരാൻ ടൈഗേഴ്സിന് 85ാം മിനിറ്റുവരെ കാത്തിരിക്കേണ്ടിവന്നു. ജിജോയിലൂടെയാണ് ടൈഗേഴ്സിന്റെ ആശ്വാസഗോളെത്തിയത്. ഇന്ന് നിലവിലെ ചാമ്പ്യന്മാരായ കെ.എസ്.ഇ.ബി കേരള ടൈഗേഴ്സനെതിരെ കളത്തിലിറങ്ങും. മറ്റൊരു മത്സരത്തിൽ എജീസ് കേരള എസ്.ബി.ഐയെ നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

