സ്പെഷൽ ഡ്രൈവ്; 155 ക്രിമിനലുകളെ ‘വലയിട്ട്’പിടിച്ചു
text_fieldsതിരുവനന്തപുരം: തലസ്ഥാനനഗരിയിലെ പൊതുജന സുരക്ഷ മുൻനിർത്തി കഴിഞ്ഞദിവസം പൊലീസ് നടത്തിയ സ്പെഷൽ ഡ്രൈവിൽ ക്രിമിനൽ കേസുകളിലുൾപ്പെട്ടവരും പിടികിട്ടാപ്പുള്ളികളുമുൾപ്പെടെ 155 പേർ പിടിയിലായതായി സിറ്റി പൊലീസ് കമീഷണർ സി.എച്ച്. നാഗരാജു അറിയിച്ചു.
നഗരത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി കോടതി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച് എൽ.പി വാറണ്ട് പുറപ്പെടുവിച്ച 44 പേരും, അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച 141 പേരുമാണ് അറസ്റ്റിലായത്. ഗുണ്ടാ പ്രവർത്തനം, അടിപിടി, മയക്കുമരുന്ന് കച്ചവടം തുടങ്ങി നിരവധി ക്രിമിനൽ കേസുകളിലുൾപ്പെട്ടവരാണ് സിറ്റി പൊലീസ് നടത്തിയ ശക്തമായ തിരച്ചിലിൽ പിടിയിലായത്.
ഏറ്റവും കൂടുതൽ എൽ.പി വാറണ്ട് പ്രതികൾ പിടിയിലായത് തമ്പാനൂർ പൊലീസ് സ്റ്റേഷനിലാണ്. ഏഴ് പേരാണ് ഇവിടെ അറസ്റ്റിലായത്. അതോടൊപ്പം മെഡിക്കൽ കോളജ്, കഴക്കൂട്ടം സ്റ്റേഷനുകളിൽ അഞ്ച് വീതം പിടികിട്ടാപ്പുള്ളികളും അറസ്റ്റിലായി.

