വീട്ടമ്മയെ കൊലപ്പെടുത്തിയ മരുമകന് ജീവപര്യന്തം കഠിനതടവും പിഴയും
text_fieldsതിരുവനന്തപുരം: വസ്തു എഴുതിനല്കാത്തതിന്റെ പേരില്‍ വീട്ടമ്മയെ കമ്പ് കൊണ്ടടിച്ച് കൊലപ്പെടുത്തിയ കേസിൽ മരുമകന് ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കില്‍ ആറ് മാസം അധികതടവ് അനുഭവിക്കണം. കിളിമാനൂര്‍ പഴയകുന്നിമ്മേല്‍ അടയമണ്‍ വയറ്റിന്‍കര കുന്നില്‍ വീട്ടില്‍ രാജമ്മയെയാണ് മരുമകൻ പ്രസാദ് കൊലപ്പെടുത്തിയത്. രണ്ടാം അഡീഷനല്‍ ജില്ല സെഷന്‍സ് ജഡ്ജി ജി. രാജേഷാണ് പ്രതിയെ ശിക്ഷിച്ചത്.
രാജമ്മയുടെ മകള്‍ ഷീജ (സലീന)യുടെ ഭര്‍ത്താവാണ് പ്രതി. രണ്ട് ആണ്‍കുട്ടികളുടെ മാതാവായ ഷീജ വര്‍ഷങ്ങള്‍ക്ക് മുമ്പ് തീകൊളുത്തി ആത്മഹത്യ ചെയ്തിരുന്നു. ആലുംമൂട്ടില്‍ ഷീജ വാങ്ങിയ വസ്തുവില്‍ കെട്ടിടനിർമാണത്തിനായി പ്രതി അടിത്തറ കെട്ടിയിരുന്നു. വസ്തു പ്രതിയുടെ പേരില്‍ മാറ്റി നല്കിയാല് വായ്പയെടുത്ത് കെട്ടിട നിർമാണം പൂര്‍ത്തിയാക്കാമെന്നായിരുന്നു ആവശ്യം.
നേരത്തേ ഈ വസ്തു പണയപ്പെടുത്തിയ എടുത്ത വായ്പ ബാധ്യത തീര്‍ക്കാതെ വസ്തു എഴുതി നല്‍കില്ലെന്ന നിലപാടില്‍ രാജമ്മ ഉറച്ച് നിന്നതാണ് പ്രതിയെ പ്രകോപിതനാക്കിയത്. 2014 ഡിസംബര്‍ 26ന് രാത്രി ഒമ്പതിന് ടി.വി കണ്ടിരുന്ന രാജമ്മയെ പുറകിലൂടെ എത്തിയ പ്രതി കമ്പ് കൊണ്ട് തലങ്ങുംവിലങ്ങും മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എല്‍. ഹരീഷ്കുമാര്‍ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

