മകനെ കള്ളക്കേസില്‍ കുടുക്കിയെന്ന്; പിതാവ് ആത്മഹത്യക്ക് ശ്രമിച്ചു
text_fieldsചികിത്സയിൽ കഴിയുന്ന ഷാജി
കരുനാഗപ്പള്ളി: കുലശേഖരപുരം കടത്തൂരില്‍ മകനെ പൊലീസ് കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ച് പിതാവ് കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക്ശ്രമിച്ചു. കുലശേഖരപുരം കടത്തൂര്‍ സ്റ്റേഡിയം വാര്‍ഡില്‍ മലയില്‍ തറയില്‍ ഷാജി (49) യാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
വ്യാഴാഴ്ച്ച വൈകീട്ടായിരുന്നു സംഭവം. കഴിഞ്ഞദിവസം ഷാജിയുടെ സഹോദരിയുടെ മകനുമായി സാമ്പത്തിക ഇടപാട് സംബന്ധിച്ച് വാക്കുതര്‍ക്കവും അടിപിടിയും നടന്നിരുന്നു. ഇതിനെ തുടര്‍ന്ന് ഷാജിയുടെ മകന് ആഷിക്കും സഹോദരിയുടെ മകനും ഷാജിയുടെ സഹോദരന് ഷംനാദുമായി വാക്കേറ്റവും തമ്മില്‍ അടിപിടിയുമുണ്ടായി. തുടര്‍ന്ന്, ഷാജിയുടെ സഹോദരിയുടെ മകൻ ആഷിഖിനെയും ഇയാളുടെ സുഹൃത്തിനെയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തു.
സംഭവത്തില്‍ ഇരുകൂട്ടരും കരുനാഗപ്പള്ളി പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, ഷാജിയുടെ മകനെയും സുഹൃത്തിനെയും മാത്രമാണ് പൊലീസ് പിടികൂടിയത്. പിടികൂടിയ രണ്ടു പേരെ കരുനാഗപ്പള്ളി പൊലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. ചില സമ്മര്‍ദത്തിന് വഴങ്ങിയാണ് പൊലീസ് മകനെയും സുഹൃത്തായ യുവാവിനെയും റിമാന്‍ഡ് ചെയ്തതെന്ന് ആരോപിച്ചാണ് ഷാജി ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാള്‍ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

