പോത്തൻകോട്: 70 വയസ്സുള്ള വൃദ്ധമാതാവിനെ ഉപേക്ഷിച്ച് മകളും മരുമകനും മുങ്ങി. നഗരസഭാ ഞാണ്ടൂർകോണം വാർഡിൽ അരുവിക്കരകോണത്താണ് സംഭവം.
മൂന്നു ദിവസം മുമ്പ് ഒഴിഞ്ഞ വാടകവീട്ടിൽനിന്ന് രാത്രിയിൽ വൃദ്ധയുടെ കരച്ചിൽ കേട്ട അയൽവാസികളും നാട്ടുകാരും വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണ് അവശനിലയിൽ ഉപേക്ഷിക്കപ്പെട്ട ഇവരെ കണ്ടെത്തുന്നത്. നാട്ടുകർ ഉടൻതന്നെ പോത്തൻകോട് പൊലീസിൽ വിവരം അറിയിച്ചു.
മകളായ രമയും ഭർത്താവ് ബാലുവുമാണ് മുങ്ങിയത്. രമയുടെ മാതാവ് സാവിത്രിയെ (70 ) പോത്തൻകോട് പൊലീസിെൻറ നേതൃത്വത്തിൽ പോത്തൻകോട് കരുണാലയത്തിലേക്ക് മാറ്റി. സാവിത്രിയമ്മയെ മരുമകൻ മർദിക്കാറുണ്ടെന്ന് നാട്ടുകാർ പൊലീസിനോട് പറഞ്ഞു.
സംഭവത്തിൽ സാവിത്രിയമ്മയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. മകൾക്കും മരുമകനുമെതിരെ പോത്തൻകോട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.