എസ്.ഐ.ആർ; ജില്ലയിൽ 14.31 ശതമാനം പേർ പുറത്ത്
text_fieldsതിരുവനന്തപുരം: തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിന്റെ (എസ്.ഐ.ആർ) ഭാഗമായി ജില്ലയിലെ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 14.31 ശതമാനം വോട്ടർമാർ പട്ടികയ്ക്ക് പുറത്തായി. 14 നിയോജക മണ്ഡലങ്ങളിലായി പ്രസിദ്ധീകരിച്ച പട്ടികയിൽ 24,40,242 വോട്ടർമാരാണുള്ളത്. ജില്ലയിലെ 4,07,665 പേർ പട്ടികയിൽ നിന്നും പുറത്തായി. ഇതിൽ മരണമടഞ്ഞ 92,279 പേരും, സ്ഥലത്തില്ലാത്ത 1,54,049 പേരും സ്ഥിരമായി താമസം മാറിയ 97,415 പേരും ഇരട്ടിപ്പുള്ള 17,681 പേരും മറ്റു പല കാരണങ്ങളാൽ ബി.എൽ.ഒമാർക്ക് കണ്ടെത്താൻ കഴിയാത്ത 46,241 പേരും ഉൾപ്പെട്ടിട്ടുണ്ട്. ബാക്കിയുള്ള 85.69 ശതമാനം പൂർണമായും ഡിജിറ്റൈസേഷൻ പൂർത്തിയാക്കി. കരട് പട്ടിക കലക്ടർ അനു കുമാരി രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് നൽകി പ്രസിദ്ധീകരിച്ചു.
വർക്കല മണ്ഡലത്തിൽ നിന്നും 1,76,865 വോട്ടർമാരും ആറ്റിങ്ങലിൽ 1,90,661 വോട്ടർമാരും ചിറയിൻകീഴ് 18,7012 വോട്ടർമാരും നെടുമങ്ങാട് 1,88,774 വോട്ടർമാരും വാമനപുരത്ത് 1,80,905 വോട്ടർമാരും കഴക്കൂട്ടത്ത് 1,55,973 വോട്ടർമാരും വട്ടിയൂർക്കാവിൽ 1,55,903 വോട്ടർമാരും തിരുവനന്തപുരത്ത് 1,50,473 വോട്ടർമാരും നേമത്ത് 1,61,816 വോട്ടർമാരും അരുവിക്കരയിൽ 1,74,501 വോട്ടർമാരും പാറശാലയിൽ 1,89,566 വോട്ടർമാരും കാട്ടാക്കടയിൽ 1,70,422 വോട്ടർമാരും കോവളത്ത് 1,95,521 വോട്ടർമാരും നെയ്യാറ്റിൻകരയിൽ 1,61,850 വോട്ടർമാരുമാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. വോട്ടർ പട്ടികയിൽ പേരില്ലാത്തവർക്കും 18 വയസ്സ് പൂർത്തിയായവർക്കും ജനുവരി 22 വരെ അപേക്ഷ സമർപ്പിക്കാൻ അവസരമുണ്ട്. പുതിയതായി പേര് ചേർക്കുന്നതിന് ഓൺലൈൻ വഴി ഫോം 6ലും പ്രവാസി വോട്ടർമാർ ഫോം 6 എയിലുമാണ് അപേക്ഷിക്കേണ്ടത്.
പേര് നീക്കം ചെയ്യുന്നതിന് ഫോം 7 വഴിയും തെറ്റ് തിരുത്തലിനും താമസം മാറിയവർക്കും ഫോം 8 വഴിയും അപേക്ഷിക്കാവുന്നതാണ്. കരട് പട്ടികയുമായി ബന്ധപ്പെട്ട ആപേക്ഷങ്ങൾ അറിയിക്കാനും ഹിയറിങ്ങിനുമായി ജനുവരി 22 വരെ സമയം അനുവദിച്ചിട്ടുണ്ട്. അന്തിമ വോട്ടർപട്ടിക ഫെബ്രുവരി 21ന് പ്രസിദ്ധീകരിക്കും. റാഷണലൈസേഷന് ശേഷം മണ്ഡലാടിസ്ഥാനത്തിൽ 440 പുതിയ പോളിങ് സ്റ്റേഷനുകൾ അനുവദിച്ചിട്ടുണ്ട്.
വർക്കല (5), ആറ്റിങ്ങൽ (7), ചിറയിൻകീഴ് (13), നെടുമങ്ങാട് (42), വാമനപുരം (19), കഴക്കൂട്ടം (50), വട്ടിയൂർക്കാവ് (36), തിരുവനന്തപുരം (55), നേമം (29), അരുവിക്കര (27), പാറശാല (42), കാട്ടാക്കട( 33), കോവളം ( 53), നെയ്യാറ്റിൻകര (29) എന്നിങ്ങനെയാണ് പുതിയ പോളിങ് സ്റ്റേഷനുകളുടെ എണ്ണം. ഒരു പോളിങ് സ്റ്റേഷനിൽ വോട്ടർമാരുടെ എണ്ണം 1,200 ആയി നിജപ്പെടുത്തിയതോടെ ജില്ലയിൽ ആകെ 440 പുതിയ ബൂത്തുകൾ രൂപവൽകരിച്ചു. ഇതോടെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ ആകെ 3173 പോളിങ് സ്റ്റേഷനുകൾ ഉണ്ടായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

