കോർപറേഷൻ കൗൺസിലിൽ തർക്കം യോഗം വിളിക്കേണ്ടത് ആര്?
text_fieldsതിരുവനന്തപുരം: മഴക്കാല പൂർവ ശുചീകരണ യോഗം വിളിക്കേണ്ടത് എം.എൽ.എയാണോ കോർപറേഷനാണോ എന്ന ചോദ്യത്തിൽ തട്ടി സി.പി.എം-ബി.ജെ.പി അംഗങ്ങൾ തമ്മിൽ തർക്കം. ചൊവ്വാഴ്ച ചേർന്ന കോർപറേഷൻ കൗൺസിലിലാണ് മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ചർച്ചചെയ്യാൻ വി.കെ. പ്രശാന്ത് എം.എൽ.എ യോഗം വിളിച്ചതിനെ ചൊല്ലി തർക്കമുണ്ടായത്.
ആരോഗ്യകാര്യ സ്റ്റാഡിങ് കമിറ്റിയുടെ വിഷയങ്ങൾ ചർച്ചക്കെടുക്കവേയാണ് ബി.ജെ.പി കൗൺസിലർ വി.ജി. ഗിരികുമാർ കോർപറേഷനിലെ ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥരുടെ യോഗം എം.എൽ.എ വിളിച്ചത് ശരിയല്ലെന്ന അഭിപ്രായം ഉന്നയിച്ചത്. സർക്കാർ ഉത്തരവ് പ്രകാരമാണ് യോഗം നടത്തിയതെന്ന് സി.പി.എം കൗൺസിലർ അംശു വാമദേവൻ പറഞ്ഞു. എം.എൽ.എയോടുള്ള എതിർപ്പ് മാറ്റിവെച്ച് ബി.ജെ.പി അംഗം യോഗത്തിൽ പങ്കെടുത്ത് തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിക്കണമായിരുന്നു. ഗിരികുമാറിന്റെ വാർഡിലുൾപ്പെടുന്ന പി.ടി.പി റോഡിനു ഒരുകോടി രൂപയാണ് എം.എൽ.എ അനുവദിച്ചത്. സി.പി.എം കൗൺസിലർമാരുടെ വാർഡുകളിൽ പോലും ഈ പരിഗണന കിട്ടിയില്ലെന്നും അംശുവാമദേവൻ പറഞ്ഞു.
പി.ടി.പി വാർഡിൽ റോഡിന് പണം അനുവദിക്കുമെന്ന് എം.എൽ.എ വാഗ്ദാനം നൽകിയതല്ലാതെ ഒന്നും ചെയ്തില്ലെന്നും കോർപറേഷൻ ഫണ്ടുപയോഗിച്ചാണ് പണി നടത്തിയതെന്നും ഗിരികുമാർ മറുപടി നൽകി.
ഡെപ്യൂട്ടി മേയർ പി.കെ. രാജു, ആരോഗ്യ സ്റ്റാൻഡിങ് കമിറ്റി ചെയർ പേഴ്സൺ ഗായത്രിബാബു എന്നിവരടക്കം എം.എൽ.എയെ അനുകൂലിച്ച് സംസാരിച്ചു.
കോളറയെ ചെറുക്കാൻ ഊർജിത പ്രവർത്തനങ്ങൾ
കവടിയാർ വാർഡിൽ കോളറ ബാധിച്ച് 63കാരൻ മരിക്കാനിടയായ സാഹചര്യത്തിൽ നഗരത്തിൽ ശുചീകരണ പ്രവർത്തനങ്ങളും പരിശോധനകളും ഊർജിതമാക്കാൻ കൗൺസിൽ തീരുമാനിച്ചു. കോളറ സംബന്ധിച്ച് നഗരത്തിൽ ആശങ്കയ്ക്ക് ഇടയില്ലെന്നും മുൻകരുതൽ നടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗായത്രി ബാബു അറിയിച്ചു.
കോളറയുടെ ഉറവിടം നഗരത്തിലാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. കവടിയാർ സ്വദേശി കൊല്ലത്തുനിന്ന് എത്തിയപ്പോഴാണ് അസുഖബാധിതനായതെന്ന വിവരമാണ് ലഭിച്ചതെന്നും ഗായത്രി ബാബു പറഞ്ഞു. നഗരത്തിലെ ഒട്ടുമിക്ക ഹോട്ടലുകളും ശുചിമുറികൾക്ക് സമീപത്തെ കുഴൽകിണറുകളിൽനിന്നുള്ള വെള്ളമാണ് കുടിവെള്ളമായി നൽകുന്നതെന്നും ഇതു പരിശോധിച്ച് കർശന നടപടിയെടുക്കണമെന്നും കൗൺസിലർ പി. പത്മകുമാർ ആവശ്യപ്പെട്ടു. പല വാർഡുകളിലെയും നിരവധി റോഡുകൾ തകർന്നുകിടക്കുകയാണെന്ന് ആരോപിച്ച ബി.ജെ.പി കൗൺസിലർമാർ റോഡിപണി സംബന്ധിച്ച വിവരങ്ങൾ അറിയാൻ കോൺട്രാക്ടർമാരെ വിളിച്ചാൽ കിട്ടാറില്ലെന്നും അത്തരക്കാരെ മാറ്റണമെന്നും ആവശ്യം ഉന്നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

