ജീവനക്കാർ കുറവ്, പരിശോധന പരിമിതം; മുടന്തി ഭക്ഷ്യസുരക്ഷ വകുപ്പ്
text_fieldsതിരുവനന്തപുരം: ഭക്ഷ്യവിഷബാധകളും അതിനെത്തുടർന്നുള്ള മരണങ്ങളും ആശങ്കയാകുമ്പോഴും മതിയായ ജീവനക്കരോ കാര്യക്ഷമമായ പരിശോധനകളോ ഇല്ലാതെ ഭക്ഷ്യസുരക്ഷ വകുപ്പ്. കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തിന്റെ കർശന നിർദേശങ്ങൾ നിലനിൽക്കെയാണ് കേരളത്തിൽ പരിശോധനകൾ പേരിനുമാത്രമായി ഒതുങ്ങുന്നത്. ആവശ്യത്തിന്റെ പകുതി പോലും ഓഫിസർമാരില്ലാത്തതാണ് പരിശോധനകൾ വഴിപാടാകാൻ കാരണമെന്ന് ജീവനക്കാർ പറയുന്നു.
മൃഗങ്ങളുടെയും മത്സ്യങ്ങളുടെയും ആന്തരികാവയവങ്ങൾ വിഭവങ്ങളാക്കി വിൽക്കുന്നതുൾപ്പെടെ നിയമലംഘനങ്ങൾ പലയിടത്തും തടസ്സമില്ലാതെ തുടരുന്നത് പൊതുജനങ്ങളുടെ ജീവന് വലിയ ഭീഷണിയാവുകയാണ്. ആയിരം ഭക്ഷണ വിൽപന സ്ഥാപനങ്ങള്‍ക്ക് കുറഞ്ഞത് ഒരു ഫുഡ് സേഫ്റ്റി ഓഫിസര്‍ അനിവാര്യമാണെന്ന് ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി നിഷ്കർഷിക്കുന്നു. എന്നാല്‍, 3000 മുതല്‍ 10,000 വരെ സ്ഥാപനങ്ങള്‍ക്ക് ഒരു ഉദ്യോഗസ്ഥന് എന്ന നിലയിലാണ് സംസ്ഥാനത്തെ പ്രവര്‍ത്തനം. കേരളത്തിലെ കണക്കനുസരിച്ച് അഞ്ച് ലക്ഷത്തോളം ഭക്ഷണ വിൽപന സ്ഥാപനങ്ങളാണുള്ളത്. ഇതനുസരിച്ച് സംസ്ഥാനത്ത് 500ലധികം ഫുഡ് സേഫ്റ്റി ഓഫിസർമാരെങ്കിലും വേണം. ഉള്ളത് 170 പേര് മാത്രം.
പരിശോധനകൾ 14 ശതമാനം മാത്രം
ഭക്ഷ്യസുരക്ഷ നിയമം അനുശാസിക്കുന്ന ഏറ്റവും കുറഞ്ഞ പരിശോധനകളുടെ കണക്കെടുത്താൽ പോലും അതിന്റെ 14.71 ശതമാനം മാത്രമാണ് സംസ്ഥാനത്ത് നടക്കുന്നത്. പ്രതിവർഷം അഞ്ച് ലക്ഷം പരിശോധനകൾ നടക്കേണ്ട സ്ഥാനത്ത് കഴിഞ്ഞ വർഷം നടന്നത് 73,571 എണ്ണം മാത്രം. നിലവിലെ സാഹചര്യത്തിൽ ഒരു ഹോട്ടലിൽ മൂന്ന് വർഷത്തിലൊരിക്കൽ പോലും പരിശോധന എത്തുന്നില്ല എന്നതാണ് യാഥാർഥ്യം.
റാങ്ക് പട്ടികയുണ്ടായിട്ടും നിയമനമില്ല
വകുപ്പിലെ ഒഴിവുകളിലേക്ക് പുതിയ റാങ്ക് പട്ടിക നിലവിൽവന്ന് മൂന്നുമാസം കഴിഞ്ഞിട്ടും പുതിയ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ സർക്കാർ തയാറാകുന്നില്ല. മെയിന്‍ ലിസ്റ്റില്‍ 62, സപ്ലിമെന്ററി ലിസ്റ്റില്‍ 77, ഭിന്നശേഷി ലിസ്റ്റില്‍ 13 ഉൾപ്പെടെ 152 പേർ റാങ്ക് പട്ടികയിൽ കാത്തുനിൽക്കുമ്പോഴാണ് ഈ അവഗണന. മുൻ പട്ടികയിൽനിന്ന് ജോലിയിൽ പ്രവേശിക്കാത്തവരുടെ രണ്ട് ഒഴിവുകളിൽ മാത്രമാണ് പുതിയ പട്ടികയിൽ നിന്നും നിയമനം നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

