60 അസിസ്റ്റന്റ് പ്രഫസർ ഒഴിവുകൾ; പരാതികൾ പെരുകുമ്പോഴും മെഡിക്കൽ കോളജിൽ ഡോക്ടർമാർക്ക് ക്ഷാമം
text_fieldsതിരുവനന്തപുരം: ചികിത്സപിഴവടക്കം രോഗികളുടെ പരാതികൾക്ക് കുറവില്ലാത്ത തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ വിവിധ വിഭാഗങ്ങളിലായി അസി.പ്രഫസർ തസ്തികയിൽ നിലനിൽക്കുന്നത് 60ഓളം ഒഴിവുകൾ. രോഗികൾക്ക് ആനുപാതികമായി ഡോക്ടർമാരെ നിയമിക്കുമെന്ന് പലകാലങ്ങളിലും ആരോഗ്യവകുപ്പ് വാഗ്ദാനങ്ങൾ നൽകിയിട്ടുണ്ടെങ്കിലും ഇപ്പോഴും സ്ഥിതി പഴയപടിതന്നെ. 2026 ആഗസ്റ്റ് 31ന് ശേഖരിച്ച ഒഴിവുകൾ സംബന്ധിച്ച കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഡെർമറ്റോളജി വിഭാഗത്തിൽ അംഗീകൃത തസ്തികയായ എട്ടിൽ നാല് ഒഴിവ് നിലവിലുണ്ട്. ഗൈനക്കോളജിയിലും 25 അംഗീകൃത തസ്തികയിൽ നാല് ഒഴിവ് ഇവിടെയും നിലവിലുണ്ട്. ജനറൽ സർജറിയിൽ 23 തസ്തികയിൽ മൂന്ന് ഒഴിവുണ്ട്. അനാട്ടമിയിൽ 12 അംഗീകൃത തസ്തികയിൽ മൂന്ന് ഒഴിവ് ഇപ്പോഴും നില നിൽക്കുന്നു. ഓർത്തോപീഡിക്സിൽ 18 അംഗീകൃത തസ്തികയിൽ മൂന്ന് ഒഴിവുണ്ട്. അനാട്ടമിയിൽ 12 തസ്തികയിൽ മൂന്ന് ഒഴിവ് ഇവിടെയും നിലനിൽക്കുന്നു. ഫോറൻസിക് മെഡിസിനിൽ 11 അംഗീകൃത തസ്തിക ഉള്ളതിൽ നാല് ഒഴിവ് ഇപ്പോഴുമുണ്ട്. പ്രധാന വിഭാഗങ്ങളിലൊന്നായ കാർഡിയോ വാസ്കുലർ സർജറി വിഭാഗത്തിൽ ഏഴ് അംഗീകൃത തസ്തികയിൽ നാല് ഒഴിവ് ഇപ്പോഴുണ്ട്.
ഇൻഫെക്ഷ്യസ് ഡിസീസസ് രണ്ട്, ജനറൽ മെഡിസിൻ ആൻഡ് ഹെമറ്റോളജി ഒന്ന്, ന്യൂക്ലിയർ മെഡിസിൻ ഒന്ന്, ഒഫ്താൽമോളജി ഒന്ന് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ ഒഴിവുകൾ ധാളമായി അവശേഷിക്കുകയാണ്. പാത്തോളജി, ഫാർമക്കോളജി, ഫിസിയോളജി, കാർഡിയോളജി, ജെനിറ്റോ യൂറിനറി സർജറി (യൂറോളജി), മെഡിക്കൽ ഗ്യാസ്ട്രോ എൻററോളജി, നെഫ്രോളജി തുടങ്ങിയ വിഭാഗങ്ങളിലും ഒഴിവുകളുണ്ട്. പീഡിയാട്രിക് ന്യൂറോളജി, പീഡിയാട്രിക് നെഫ്രോളജി, പീഡിയാട്രിക് ഗ്യാസ്ട്രോ എൻററോളജി, പ്ലാസ്റ്റിക് സർജറി, ഇന്റർവെൻഷണൽ റേഡിയോളജി, റീപ്രൊഡക്ടീവ് മെഡിസിൻ, സൈറ്റോപാത്തോളജി, കാർഡിയാക് അനസ്തീഷ്യ തുടങ്ങിയ വിഭാഗങ്ങളിലും ഒഴിവുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതിനു പുറമെ പ്രൊഫസർ തസ്തികയിൽ മൂന്ന് ഒഴിവുകളും അസോസിയറ്റ് പ്രഫസർ തസ്തികയിൽ 10 ഒഴിവുകളും നിലവിലുണ്ട്. പ്രഫസർ വിഭാഗത്തിൽ എൻഡോക്രൈനോളജി ഉൾപ്പെടെ വിഭാഗങ്ങളിലും ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിവിധ സ്പെഷാലിറ്റി വിഭാഗങ്ങളിലും ഡോക്ടർമാരുടെ ഒഴിവുകളുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
രാജുവാഴക്കാലക്ക് ലഭിച്ച വിവരാവകാശ മറുപടിയിലാണ് മെഡിക്കൽകോളജിലെ ഒഴിവുകൾ സംബന്ധിച്ച കണക്ക് അധികൃതർ നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

