‘വിഷ’മായി കപ്പലപകടം; പിടക്കും മീനിനും ഡിമാൻഡില്ല, മത്സ്യകച്ചവടക്കാർ ആശങ്കയിൽ
text_fieldsവാങ്ങാൻ ആളുകളെത്താത്തതിനാൽ കച്ചവടത്തിനായി കൊണ്ടുവന്ന മീനുമായി പാളയം മാർക്കറ്റിലെ മത്സ്യകച്ചവടക്കാർ
തിരുവനന്തപുരം: പൂന്തുറയിലെ ക്രിസ്റ്റിൻമേരിക്കും വേളിയിലെ അറുപതുകഴിഞ്ഞ സൂസിക്കും ഏക വരുമാനമാർഗം മീൻകച്ചവടമാണ്. കഴിഞ്ഞ രണ്ടാഴ്ചയായി ഇവരുടെ വരുമാനത്തിന് സംഭവിച്ചത് വലിയ ഇടിവാണ്. മുങ്ങിയ കപ്പലിലെ കണ്ടെയ്നറുകൾ മുടക്കിയത് ഇവരെ പോലുള്ള അനേകം ചെറുകിട മത്സ്യക്കച്ചവടക്കാരുടെ വരുമാനമാണ്. അയ്യോ വേണ്ടേ... എന്ന മറുപടിയാണ് രണ്ടാഴ്ചയായി ആളുകളിൽ നിന്ന് കച്ചവടക്കാർ കേൾക്കുന്നത്. എന്നാൽ തീരെ വില കുറവിൽ കിട്ടിയാൽ വാങ്ങാൻ ആളുകൾ തയാറാ കുന്നുമുണ്ട്.
കടപ്പുറത്തുനിന്ന് വൻതുക മുടക്കി വാങ്ങുന്ന മത്സ്യം വളരെ വില കുറച്ച് വിൽക്കേണ്ട അവസ്ഥയാണ് ഇപ്പോൾ കച്ചവടക്കാർക്ക്. കണ്ടെയ്നറുകളിലുള്ളത് അപകടപരമായ രാസവസ്തുക്കളാണെന്ന തെറ്റിദ്ധാരണയിലാണ് ആളുകൾ മീൻ വാങ്ങാൻ മടിക്കുന്നതെന്നും കച്ചവടക്കാർ പറയുന്നു. കശുവണ്ടി, കവർ, തടി തുടങ്ങിയവയാണ് കഴിഞ്ഞ രണ്ടാഴ്ചയായി സംസ്ഥാനത്തിന്റെ വിവിധ തീരങ്ങളിലടിഞ്ഞ കണ്ടെയ്നറുകളിൽ നിന്ന് കണ്ടെത്തിയത്. എന്നാലും ആളുകൾ മത്സ്യം വാങ്ങാൻ താൽപര്യം കാണിക്കുന്നില്ലെന്ന് കച്ചവടക്കാർ പറയുന്നു.
ഹോട്ടലുകളിലേക്ക് 10,000 രൂപക്ക് മുകളിൽ മീൻ വാങ്ങാൻ എത്തിയിരുന്നവർ രണ്ടാഴ്ചയോളമായി വളരെ കുറഞ്ഞ വിലക്ക് മാത്രമാണ് മീനുമായി മടങ്ങുന്നത്. മീനിൽ വിഷാംശം ഉള്ളതായി മാംസക്കച്ചവടക്കാർ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നെന്നാണ് മത്സ്യ കച്ചവടക്കാരുടെ ആരോപണം. മുങ്ങിയ കപ്പലിലെ കണ്ടെയ്നറുകളിലെ വസ്തുക്കളുടെ പട്ടിക സർക്കാർ പുറത്തുവിട്ടിരുന്നു. ഈ സാഹചര്യത്തിൽ തൽസ്ഥിതി മാറുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ചെറുകിട മത്സ്യക്കച്ചവടക്കാർ.
കാലവർഷത്തെ തുടർന്നുണ്ടായ കടൽക്ഷോഭം കാരണം മത്സ്യബന്ധനത്തിന് തീരത്ത് വിലക്കായിരുന്നു. മിക്കവീടുകളും വറുതിയിലേക്കും കടന്നിരുന്നു. കാലവർഷംമാറി കടൽശാന്തമായി മത്സ്യബന്ധനത്തിന് പോയി കൊണ്ടുവരുന്ന മത്സ്യത്തിനാണ് ഇപ്പോൾ ഡിമാൻഡ് കുറവ്. മത്സ്യംവാങ്ങൽ ആളുകൾ കുറച്ചതോടെ പകരം മിക്കവരും കോഴിയിറച്ചിയെ ആശ്രയിക്കുകയാണ്. ഇത് മുന്നിൽകണ്ട് കോഴിയിറച്ചിയുടെ വില കച്ചവടക്കാർ പലരും കൂട്ടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

